തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് കൈമാറിയ കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി നഗരത്തിൽ സിപിഎം പ്രവർത്തകരുടെ വൻ പ്രതിഷേധ മാർച്ച്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യാനുള്ള ആഗ്രഹം വ്യക്തമാക്കിയാണ് പ്രകടനം. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണനയ്ക്ക് വരാതിരുന്നതോടെയാണ് ശക്തി വ്യക്തമാക്കിയുള്ള പ്രകടനം. പ്രാദേശിക വികാരം ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ ജില്ലാ കമ്മിറ്റിക്ക് പിഴവ് പറ്റിയെന്നാണ് പ്രതിഷേധക്കാരുടെ വിമർശനം.

സിപിഎം മുദ്രാവാക്യങ്ങളുയർത്തിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിൽ 200 ഓളം പേരാണ് പങ്കെടുത്തത്. എന്നാൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുക്കുന്നുണ്ട്. പാർട്ടി വിരുദ്ധതയല്ല, പാർട്ടിയോടുള്ള സ്നേഹം കൊണ്ടാണ് പ്രകടനം നടത്തുന്നതെന്ന് പ്രാദേശിക നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയോജക മണ്ഡലത്തിലാകെ പ്രതിഷേധം നടക്കുന്നുണ്ട് എന്നും ബ്രാഞ്ച് സെക്രട്ടറിമാർ അടക്കമുള്ളവർ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.