പട നയിച്ച് രാഹുൽ ഗാന്ധി, അവസാന ലാപ്പിൽ കളം നിറഞ്ഞ് യുഡിഎഫ്

By Web TeamFirst Published Apr 4, 2021, 6:50 PM IST
Highlights

രാവിലെ വയനാട്ടിലും ഉച്ചയ്ക്ക് ശേഷം കോഴിക്കോട്ടും വൈകിട്ട് തിരുവനന്തപുരത്തും എത്തിയ രാഹുൽ ഗാന്ധി യുഡിഎഫിൻ്റെ പ്രചാരണം മുന്നിൽ നിന്നു നയിച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊട്ടിക്കലാശം ഒഴിവാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം സംസ്ഥാനത്ത് നടപ്പിലായില്ല. സംസ്ഥാനത്തെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും നാടിളക്കിയുള്ള റോഡ് ഷോയും കൊട്ടിക്കലാശവും നടത്തിയാണ് മുന്നണികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാനദിവസത്തെ ആഘോഷിച്ചത്. 

യുഡിഎഫിൻ്റെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം റോഡ് ഷോയുമായി ഇന്ന് മണ്ഡലത്തിൽ നിറഞ്ഞു. രാവിലെ വയനാട്ടിലും ഉച്ചയ്ക്ക് ശേഷം കോഴിക്കോട്ടും വൈകിട്ട് തിരുവനന്തപുരത്തും എത്തിയ രാഹുൽ ഗാന്ധി യുഡിഎഫിൻ്റെ പ്രചാരണം മുന്നിൽ നിന്നു നയിച്ചു. പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ പോയതിനെ തുടർന്നാണ് നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ എത്തിയത്. 

പൂജപ്പുരയിൽ നടന്ന പൊതുയോഗത്തിൽ നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരനെ ഒപ്പം നിർത്തിയാണ് രാഹുൽ പ്രശംസിച്ചത്. സ്ഥാനാർത്ഥികളുടെ ലിസ്റ്റ് വന്നപ്പോൾ തന്നെ ഒരാളുടെ പ്രചാരണത്തിന് പോകണമെന്ന് താൻ ഉറപ്പിച്ചിരുന്നു. അതു മുരളീധരനാണ്. മുരളീധരൻ കേരളത്തിൻ്റെ സ്ഥാനാർത്ഥിയാണ്. മുരളീധരന പരാജയപ്പെടാൻ പോകുന്നില്ല - രാഹുൽ പറഞ്ഞു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്ത് റോഡ് ഷോ നടത്തി.  നെടുങ്കണ്ടം മുതൽ തൂക്കുപാലം വരെയാണ് ചെന്നിത്തല റോഡ് ഷോ നടത്തിയത്. സ്ഥാനാർത്ഥി ഇ.എം.അഗസ്തിയും ഇടുക്കി എംപി ഡീൻ കുര്യാക്കോസും ചെന്നിത്തലയ്ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. 

രാഹുൽ എത്തുന്നതിന് മുൻപായി തിരുവനന്തപുരം മണ്ഡലത്തിലെ തീരമേഖലകളിൽ ശശി തരൂർ എംപിയും യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാറും ചേർന്ന് റോഡ് ഷോ നടത്തി. കൽപ്പറ്റയിൽ ടി സിദ്ധീഖിൻ്റെ റോഡ് ഷോയിൽ വൻതോതിൽ യുഡിഎഫ് പ്രവർത്തകരെത്തി. പട്ടാമ്പിയിൽ റിയാസ് മുക്കോളിയും റോഡ് ഷോയുമായി കളം നിറഞ്ഞു. 

മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി അനന്തകൃഷ്ണൻ കാളവണ്ടിയിലാണ് കൊട്ടിക്കലാശത്തിന് എത്തിയത്.  തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ബാബു ഇന്ന് കൊട്ടിക്കലാശം ഒഴിവാക്കി. വീടുകളിൽ നേരിട്ടെത്തി വോട്ട് തേടുകയാണ് ചെയ്തത്. മാവോയിസ്റ്റ് ഭീഷണി കാരണം വയനാട്ടിലെ പരസ്യപ്രചാരണം നേരത്തെ അവസാനിപ്പിച്ചു. 

click me!