
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ. ഇതുപോലെ കാപട്യക്കാരനെ താൻ കണ്ടിട്ടില്ല. കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടൽ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സിപിഎം പ്രവർത്തകർക്കെതിരായ പൊലീസ് നടപടി, കേരള പൊലീസിന് മുകളിൽ ഒരു പൊലീസുണ്ടെന്ന് കടകംപള്ളിയെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു. കേന്ദ്ര ഇടപെടൽ കൊണ്ടാണ് പൊലീസ് നടപടിക്ക് തയാറായത്. തനിക്ക് വോട്ട് ചെയ്യാൻ പോലും കഴിഞ്ഞില്ല. കടകംപള്ളി പറഞ്ഞാൽ പൊലീസ് തൊപ്പി ഊരി പാർട്ടി നേതാക്കളുടെ തലയിൽ വെച്ചു കൊടുക്കുമെന്ന് ഇനി കരുതണ്ട എന്നും ശോഭ പറഞ്ഞു. ബിജെപി ഏജന്റുമാരെ പോലെ പൊലീസ് പെരുമാറിയെന്ന് കടകംപള്ളി ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
താഴെ തട്ടിൽ പ്രവർത്തനം നടന്നത് എണ്ണയിട്ട യന്ത്രം പോലെയായിരുവെന്നും യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്ന് ശോഭ പറഞ്ഞു. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്നേഹമുള്ള സഖാക്കൾ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്ത് കാണുവെന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.