മികച്ച പോളിങ്ങ്, നേരിയ സംഘർഷം, ചിലയിടങ്ങളിൽ കയ്യേറ്റം; ഇഞ്ചോടിഞ്ച് പോരാടി തെക്കൻ കേരളം

By Web TeamFirst Published Apr 6, 2021, 6:54 PM IST
Highlights

തെക്കൻ കേരളത്തിൽ മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട തെക്കൻ കേരളം പോളിങ്ങിൽ കഴിഞ്ഞ തവണത്തെ നില നിലനിർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങൾ ഉൾപ്പെട്ട തെക്കൻ കേരളത്തിൽ മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട തെക്കൻ കേരളം പോളിങ്ങിൽ കഴിഞ്ഞ തവണത്തെ നില നിലനിർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാവിലെ ദ്രുത​ഗതിയിലായിരുന്ന പോളിങ് ഉച്ചയ്ക്ക് ശേഷം മന്ദ​ഗതിയിലായിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഉയർന്ന പോളിങ് രേഖപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തിരുവനന്തപുരം മണ്ഡലത്തിൽ ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോഴും പോളിങ് ശതമാനം 60ലേക്കെത്തിയിട്ടില്ല. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്ന് ഇതാണ് എന്ന് പറയേണ്ടി വരും. കേരളം മുഴുവൻ ഉറ്റുനോക്കുന്ന നേമത്ത് കാര്യമായ പോളിങ് തന്നെ നടന്നിട്ടുണ്ട്. ഇവിടെ പോളിങ് ശതമാനം 70ന് മുകളിലെത്തുമെന്നാണ് പ്രതീക്ഷ. നേമത്ത് ആര് ജയിക്കുമെന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരവുമായി നേമം എംഎൽഎ ഒ രാജഗോപാൽ രം​ഗത്തെത്തിയതും ശ്രദ്ധേയമായി. ഞാൻ നേമം എംഎൽഎയായിരുന്നു, അല്ലാതെ വേറെ ബന്ധമൊന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്ഗ്രസ് സ്ഥാനാർത്ഥിയുടെ കാറിന് നേരെ കല്ലേറുണ്ടായ സംഭവം അംഗീകരിക്കാൻ പറ്റാത്തതാണ്. അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതൊന്നും ശരിയായ നടപടിയല്ല. ആരുടെ പേരിലും അങ്ങനെ ചെയ്യാൻ പാടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്പരം ബഹുമാനിക്കണം. പരാജയഭീതി കൊണ്ടാണ് ബിജെപി അക്രമം അഴിച്ചു വിട്ടതെന്ന് കെ.മുരളീധരൻ്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നുണ്ടെങ്കിൽ വല്ല കാരണവും ഉണ്ടാവുമെന്നും അതേക്കുറിച്ച് എനിക്കറിയില്ലെന്നുമായിരുന്നു രാജ​ഗോപാലിൻ്റെ മറുപടി. 

 കാട്ടാക്കടയിലും നല്ല രീതിയിലുള്ള പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വർക്കല, അരുവിക്കര, വാമനപുരം, നെയ്യാറ്റിൻകര, പാറശ്ശാല, ആറ്റിങ്ങൽ എന്നിവിടങ്ങളിലെല്ലാം വൈകുന്നേരത്തോടെ 60 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടത്ത് നേരിട്ട് സം​ഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും മുഖാമുഖം ഏറ്റുമുട്ടുന്ന സംഭവങ്ങളാണ് ഇന്നുണ്ടായത്. ഇരുപക്ഷത്തെയും സ്ഥാനാർത്ഥികൾ സംഘർഷസ്ഥലത്ത് തന്നെ കേന്ദ്രീകരിച്ചാണ് നിൽക്കുന്നത്. ഇവിടെ രാവിലെയും വൈകിട്ടും സിപിഎം ബിജെപി സംഘർഷമുണ്ടായി. രാത്രിയിലും സം​ഘർഷമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇവിടെയും പോളിങ് ശതമാനം ഉയർന്നു തന്നെയാണ്. 

Read Also: കാട്ടായിക്കോണത്തെ സംഘര്‍ഷം; നിരവധി പേര്‍ കസ്റ്റഡിയില്‍, പൊലീസിനെതിരെ ആഞ്ഞടിച്ച് കടകംപള്ളി...

കഴിഞ്ഞ തവണ 70ന് മുകളിൽ പോളിങ് ശതമാനമുണ്ടായിരുന്ന കൊല്ലത്ത് വൈകുന്നേരത്തോടെ തന്നെ 68 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. കരുനാ​ഗപ്പള്ളിയാണ് കൊല്ലത്ത് ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഒരു മണ്ഡലം. ഇവിടെ 6 മണിയോടെ തന്നെ 75 ശതമാനം പോളിങ് നടന്നിരുന്നു. കൊട്ടാരക്കര, പത്തനാപുരം, ചവറ എന്നിവിടങ്ങളിലെല്ലാം വൈകുന്നേരത്തോടെ തന്നെ പോളിങ് ശതമാനം 70ന് മുകളിലെത്തി. കുണ്ടറയിലും മോശമല്ലാത്ത പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാറിലെത്തിയ ഒരു സംഘം തന്നെ ബോംബെറിഞ്ഞ് അപായപെടുത്താൻ ശ്രമിച്ചുവെന്ന് കൊല്ലത്തെ സ്വതന്ത്ര സ്ഥാനാർത്ഥി ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് ആരോപിച്ചതും വാർത്തയായി. കണ്ണന്നല്ലൂർ-കുരീപ്പള്ളി റോഡിൽ വെച്ചായിരുന്നു ആക്രമണം. ആരാണ് പിന്നിലെന്ന് അറിയില്ല. ഈ സംഭവത്തിന്മേൽ പരാതി നൽകാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. തന്റെ കാറിൽ നിന്ന് ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ താൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന രീതിയിൽ നടത്തിയ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ഷിജു വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

Read Also: തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം, ഇംഎംസിസി ഡയറക്ടർ കസ്റ്റഡിയിലെന്ന് മന്ത്രി, തള്ളി പൊലീസ്...

പത്തനംതിട്ടയിലെ ശ്രദ്ധേയ മണ്ഡലമായ കോന്നിയിൽ പോളിങ് ശതമാനം എഴുപതിനടുത്താണ്. അടൂരിൽ ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് 69ലധികമാണ്  പോളിങ് നിരക്ക്. അതിനിടെ, ആറന്മുള മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജ്ജിനെ കൈയ്യേറ്റം ചെയ്തെന്ന് പരാതിയുയർന്നു. ബൂത്ത് സന്ദർശനത്തിനിടെ ആറാട്ടുപുഴയിൽ വെച്ചാണ് അതിക്രമം നടന്നത്. കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ബൂത്ത്‌ സന്ദർശനത്തിനിടെയാണ് സംഭവമുണ്ടായത്.

Read Also: അയ്യപ്പന്‍ ആര്‍ക്കൊപ്പം? ശബരിമലയും ദേവ- അസുരഗണങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് ദിനം...

 

click me!