അയാളെ ഇടത് പക്ഷം കത്തിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ദിവസം കേരളത്തെ ഇളക്കാനാണ് ശ്രമിച്ചത്. അട്ടിമറി ശ്രമം പരാജയപ്പെട്ടുവെന്നും ഇതിന് പിന്നിലാരെന്ന് പൊലീസ് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

കൊല്ലം: ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്ന് കുണ്ടറ എൽഡിഎഫ് സ്ഥാനാർത്ഥി മേഴ്സിക്കുട്ടിയമ്മ. സ്ഥാനാർത്ഥി കൂടിയായ ഷിജു വർഗീസാണ് അട്ടിമറിക്ക് ശ്രമിച്ചതെന്നും ഇന്നോവ കാറിൽ പെട്രോളുമായി എത്തി അയാളെ ആരോ കത്തിക്കുമെന്ന് പറയുകയായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. ഇയാളുടെ കാറിൽ നിന്നും ഇന്ധനം കണ്ടെടുത്തെന്നും ഇയാളെ സ്ഥലത്ത് ഉണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തുടക്കം മുതൽ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവങ്ങളെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. അയാളെ ഇടത് പക്ഷം കത്തിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ദിവസം കേരളത്തെ ഇളക്കാനാണ് ശ്രമിച്ചത്. അട്ടിമറി ശ്രമം പരാജയപ്പെട്ടുവെന്നും ഇതിന് പിന്നിലാരെന്ന് പൊലീസ് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

എന്നാൽ മന്ത്രിയുടെ വാദം തള്ളിയ പൊലീസ്, ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും പറഞ്ഞു. ഷിജുവിൻ്റെ മൊഴി രേഖപ്പെടുത്തുകയാണ്. ഷിജുവിൻ്റെ വാഹനത്തിൽ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂർ പൊലീസ് വ്യക്തമാക്കി. 

YouTube video player

YouTube video player