Latest Videos

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ, സ്വതന്ത്ര സ്ഥാനാർത്ഥിയാകും

By Web TeamFirst Published Mar 16, 2021, 12:29 PM IST
Highlights

കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന് അവർ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

തൃശൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ  വാളയാർ പെൺകുട്ടികളുടെ അമ്മ സ്ഥാനാർത്ഥിയാകും. സ്വതന്ത്ര സ്ഥാനാർത്ഥിയായാകും മത്സരിക്കുക. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന് അവർ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. 

കേസ് അന്വേഷിച്ചതിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇനി സർവീസിൽ ഉണ്ടാകരുതെന്നാവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല. നാളെ മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് പത്രിക സമർപ്പിക്കുമെന്നും സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേ സമയം കോൺഗ്രസ് ഇതുവരെയും ധർമ്മടത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഫോർവേഡ് ബ്ലോക്കിന് സീറ്റ് നൽകിയെങ്കിലും പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് അവർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് സീറ്റ് ഏറ്റെടുത്ത കോൺഗ്രസിന് ഇതുവരെയും ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല.  നിലവിലെ സാഹചര്യത്തിൽ ധർമ്മടത്ത് മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് കോൺഗ്രസ് പിന്തുണ നൽകാനും സാധ്യതയുണ്ട്. അത്തരത്തിലൊരു സൂചന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. 

click me!