'വീണ്ടും മത്സരിക്കാനില്ല'; പാർട്ടി ആവശ്യപ്പെട്ടാൽ തള്ളി കളയാനാവില്ലെന്നും ഇന്നസെന്‍റ്

By Web TeamFirst Published Feb 19, 2019, 3:23 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനില്ലെന്ന് ഇന്നസെന്‍റ് എംപി. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും പുതിയ ആളുകൾക്കായി വഴി മാറാൻ ആഗ്രഹിക്കുന്നുവെന്നും ഇന്നസെന്‍റ്. പക്ഷേ പാർട്ടി പറഞ്ഞാൽ ഏത് മണ്ഡലത്തിലാണെങ്കിലും മത്സരിക്കും. 
 

കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനില്ലെന്ന നിലപാടിലാണ് ചാലക്കുടി എംപി ഇന്നസെന്‍റ്. എന്നാൽ പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ അത് തള്ളി കളയാനാവില്ലെന്നും ഇന്നസെന്‍റ് കൊച്ചിയിൽ പറഞ്ഞു.

അഞ്ച് വർഷം മണ്ഡലത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് തുറന്ന് പറയുകയാണ് ഇന്നസെന്‍റ്. പാർട്ടിയിൽ അർഹതയും കഴിവുമുള്ള ഒരുപാട് പേരുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും പുതിയ തലമുറയിലെ ആളുകൾക്കായി വഴിമാറികൊടുക്കുന്നതാണ് ശരിയായ രീതിയെന്നും ഇന്നസെന്‍റ് പറയുന്നു.

എന്നാൽ പാർട്ടി തീരുമാനങ്ങൾക്ക് വിധേയമാകും. പാർട്ടി ആവശ്യപ്പെടുന്ന കാര്യങ്ങൾ തള്ളികളാനാവില്ലെന്നും ഇന്നസെന്‍റ് പറഞ്ഞു. സംസ്ഥാനത്തെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഇന്നസെന്‍റ് എംപി കൂട്ടിച്ചേര്‍ത്തു.

ലോകസഭയിലെ ഹാജർ നിലയിൽ കാര്യമില്ലെന്നാണ് ഇന്നസെന്റിന്റെ വാദം.  തനിക്കെതിരെയുള്ള ആരോപണങ്ങളൊക്കെ എതിർകക്ഷികൾ ഉന്നയിക്കുന്നതാണ്. സിനിമയും പൊതു പ്രവർത്തനവും ഒന്നിച്ച് കൊണ്ട് പോകാൻ ബുദ്ധിമുട്ടില്ലെന്നും  അ‍ഞ്ചു വർഷം താൻ മണ്ഡലത്തിൽ സജീവമായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയായിരിക്കും തനിക്ക് പകരം വരുന്ന സ്ഥാനാർത്ഥിയുടെ വിജയമെന്നും ഇന്നസെന്‍റ് പറഞ്ഞു.

click me!