സര്‍വെ ഫലങ്ങളില്‍ ആശങ്ക; എൻഡിഎ സഖ്യം വിപുലീകരിക്കാൻ ബിജെപി

By Web TeamFirst Published Feb 19, 2019, 7:01 AM IST
Highlights

ബീഹാറിൽ നിതീഷ് കുമാറും രാംവിലാസ് പസ്വാനും ബിജെപിക്കൊപ്പം ഉറച്ച് നില്‍ക്കും. സിറ്റിംഗ് സീറ്റുകൾ പോലും വേണ്ടെന്ന് വച്ചാണ് ബിജെപി നിതീഷ് കുമാറിനെ കൂടെ നിര്‍ത്തുന്നത്

ദില്ലി: ഭൂരിപക്ഷം നഷ്ടപ്പെട്ടേക്കാമെന്ന് പല സര്‍വെ ഫലങ്ങളും പുറത്ത് വന്നതോടെ എൻഡിഎ സഖ്യം വിപുലീകരിക്കാൻ ബിജെപി ശ്രമം തുടങ്ങി. സര്‍വെ ഫലങ്ങളില്‍ തിരിച്ചടി നേരിട്ടതോടെയാണ് ഇപ്പോള്‍ വിട്ടുവീഴ്ചകള്‍ക്ക് ബിജെപി നേതൃത്വം തയ്യാറാകുന്നത്. 2014ലും ബിജെപി നേതൃത്വം നല്‍കിയ എൻഡിഎ മത്സരരംഗത്തുണ്ടായിരുന്നു.

എന്നാല്‍, സഖ്യം പ്രധാനമായും പഞ്ചാബിലും മഹാരാഷ്ട്രയിലും ഒതുങ്ങി. അധികാരത്തിൽ വന്നപ്പോൾ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയ ബിജെപി സഖ്യകക്ഷികളെ മിക്കവയെയും ഒതുക്കി. ഇതോടെ പലരും പിണങ്ങി. ബീഹാറിൽ അധികാരം പിടിക്കാൻ നിതീഷ് കുമാറിനോട് പിന്നീട് നരേന്ദ്രമോദി-അമിത്ഷാ സഖ്യം വിട്ടു വീഴ്ച ചെയ്തു.

എന്നാല്‍, 2014ല്‍ ആഞ്ഞടിച്ച മോദി ഇഫക്ടിന് കോട്ടം തട്ടിയിരിക്കുന്നതായി ബിജെപിക്ക് മനസിലായിട്ടുണ്ട്. സഖ്യമില്ലാതെ തിരിച്ചുവരവ് അസാധ്യമെന്ന് മോദി തിരിച്ചറിഞ്ഞതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഒരു മൂന്നാം എൻഡിഎയ്ക്കാണ് കളമൊരുങ്ങുന്നത്. ബീഹാറിൽ നിതീഷ് കുമാറും രാംവിലാസ് പസ്വാനും ബിജെപിക്കൊപ്പം ഉറച്ച് നില്‍ക്കും.

സിറ്റിംഗ് സീറ്റുകൾ പോലും വേണ്ടെന്ന് വച്ചാണ് ബിജെപി നിതീഷ് കുമാറിനെ കൂടെ നിര്‍ത്തുന്നത്. മഹാരാഷ്ട്രയിൽ തുല്യ സീറ്റുകൾ എന്ന ശിവസേനയുടെ ആവശ്യത്തിന് ഒടുവിൽ ബിജെപി ഏകദേശം വഴങ്ങിയിരിക്കുകയാണ്. പഞ്ചാബിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ബിജെപി അകാലിദൾ കൂട്ടുകെട്ട് തുടരും.

തമിഴ്നാട്ടിൽ അണ്ണാ ഡിംഎംകെയുമായുള്ള ബിജെപിയുടെ സഖ്യനീക്കം ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന ചുവടുവയ്പാണ്. ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്ഡിയെ ഒപ്പം കൊണ്ടുവരാനുള്ള രഹസ്യനീക്കം ഇപ്പോഴും തുടരുന്നുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം എൻഡിഎയ്ക്ക് സഖ്യകക്ഷിയുണ്ട്.

സജ്ജാദ് ലോണിന്‍റെ പീപ്പിൾസ് കോൺഫറൻസാകും കശ്മീരിലെ സഖ്യകക്ഷി. ബിജെപിയുടെ ഈ വിശാലസഖ്യ നീക്കം പ്രതിപക്ഷ ക്യാമ്പിനെയും മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. സംസ്ഥാനങ്ങളിൽ സഖ്യമാകാം ദേശീയതലത്തിൽ വേണ്ടെന്നായിരുന്നു ആദ്യ ധാരണ. എന്നാൽ ദേശീയ സഖ്യമായി തന്നെ കൂട്ടുകെട്ടിനെ അവതരിപ്പിക്കണം എന്ന ചിന്ത ശക്തമായിട്ടുണ്ട്.  

പൊതുമിനിമം പരിപാടി ആലോചിക്കാനുള്ള തീരുമാനം ഇതിൻറെ ഭാഗമാണ്. ഏറ്റവും വലിയ പാർട്ടിയെ, അല്ലെങ്കിൽ ഏറ്റവും വലിയ തെര‍ഞ്ഞെടുപ്പ് സഖ്യത്തെ രാഷ്ടപതി അധികാരമേല്‍ക്കാനായി ക്ഷണിക്കും. ത്രിശങ്കു സഭയെങ്കിൽ എൻഡിഎ, സംഖ്യ ഉയർത്തികാട്ടി ബിജെപിക്ക് ആദ്യ ചുവട് വയ്ക്കാൻ അവസരം കിട്ടിയേക്കും.

ഇത് തടയാൻ ദേശീയ സഖ്യമെന്ന നിലയ്ക്ക് തന്നെ പ്രതിപക്ഷം തെരഞ്ഞെടുപ്പിലേക്ക് പോയേക്കും. എന്നാൽ, ഉത്തർപ്രദേശിലും ദില്ലിയിലും ബംഗാളിലുമൊക്കെ പരസ്പരം മത്സരിക്കുന്ന പാർട്ടികളെ പൊതുമിനിമം പരിപാടിയുടെ പേരിൽ മാത്രം സഖ്യകക്ഷികളായ കാണാനാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

click me!