
ദില്ലി: പഞ്ചാബിൽ മിന്നും വിജയം (Punjab victory) നേടിയതിന് പിന്നാലെ ക്ഷേത്ര സന്ദർശനവുമായി അരവിന്ദ് കെജ്രിവാൾ(Arvind Kejriwal ). ഫലപ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹം ദില്ലിയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തിയത്. മുതിർന്ന നേതാക്കളായ മനീഷ് സിസോദിയക്കും സത്യേന്ദ്ര ജയിനും ഒപ്പമാണ് അദ്ദേഹം ക്ഷേത്ര സന്ദർശനത്തിനെത്തിയത്. നേരത്തെ പ്രഖ്യാപിച്ചത് പോലെ തന്നെ ഭഗവന്ത് മൻ മുഖ്യമന്ത്രിയാകുമെന്ന് കെജ്രിവാളും മനീഷ് സിസോദിയയും സ്ഥിരീകരിച്ചു. ഭഗവന്ത് മനിന്റെ ചിത്രം പങ്കുവെച്ചാണ് അരവിന്ദ് കെജ്രിവാൾ വിജയം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത്.
വമ്പൻ വിജയം സ്വന്തമാക്കിയതോടെ പഞ്ചാബിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ച തുടങ്ങിക്കഴിഞ്ഞു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഭഗവന്ത് മാനും വൈകുന്നേരം ചണ്ഡിഗഢിൽ കൂടിക്കാഴ്ച്ച നടത്തും. പ്രകാശ് സിങ്, ക്യാപ്റ്റൻ അമരീന്ദ്രർ സിങ്. മുഖ്യമന്ത്രി ഛന്നി, നവ്ജ്യോത് സിങ് സിദ്ദു അടക്കം പ്രധാന നേതാക്കളെ തറപ്പറ്റിച്ചാണ് എഎപിയുടെ അഭിമാനനേട്ടം.
ദില്ലിക്ക് പുറത്ത് ആധികാരിക ജയവുമായി ദേശീയ രാഷ്ട്രീയത്തിൽ പുതുയുഗം കുറിക്കുകയാണ് ആം ആദ്മി പാർട്ടി. ഭരണമികവുകൊണ്ടാണ് ഡല്‍ഹിക്ക് പുറത്തേക്കും പാര്‍ട്ടിക്ക് സീറ്റുകളുണ്ടായത്. അരവിന്ദ് കെജ്രിവാളിന്റെ അനിഷേധ്യ നേതൃത്വമാണ് ആം ആദ്മി പാര്‍ട്ടിയുടെ കരുത്ത്. കളങ്കിതമായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നാണ് അഴിമതി രഹിത മുദ്രാവാക്യമുയര്‍ത്തിയുള്ള ആപ്പിന്റെ ജനനം. ദില്ലിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ അരവിന്ദ് കെജ്‌രിവാൾ കൂടുതൽ കരുത്തനാകുകയാണ്. കോൺഗ്രസിനെയും ബിജെപിയെയും മാറ്റി നിർത്തി ഒരു മുന്നണി രൂപീകരണം എന്നതിലേക്ക് പ്രതിപക്ഷ കക്ഷികളെത്തിയാൽ അതിൽ നേതൃനിരയിലേക്ക് അരവിന്ദ് കെജ്രിവാളിന് ഇനി എളുപ്പത്തിലെത്താം. ദേശീയ നേതാവ് എന്ന ലക്ഷ്യം കെജ്രിവാൾ മുമ്പും തുറന്ന് പറഞ്ഞിട്ടുമുണ്ട്.