തുഷാർ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി: ബിജെപി കണക്കു കൂട്ടലുകൾ പാളുന്നു

By Web TeamFirst Published Feb 7, 2019, 11:24 AM IST
Highlights

തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാൻ ബിജെപി സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ പുതിയ നിലപാട്. 

കൊല്ലം: തുഷാർ വെള്ളാപ്പള്ളി ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ഭാരവാഹികളാരും മത്സരിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. അങ്ങനെയാണ് യോഗം അംഗങ്ങളുടെ പൊതു അഭിപ്രായമെന്നും വെള്ളാപ്പള്ളി പറയുന്നു. ഇപ്പോൾ ഇടത് സർക്കാരിനൊപ്പം നിൽക്കുന്ന എസ്എൻഡിപിയെയും വെള്ളാപ്പള്ളിയെയും മെരുക്കാൻ തുഷാറിനെ സ്ഥാനാർഥിയാക്കുന്നതിലൂടെ കഴിയുമെന്ന ബിജെപിയുടെ കണക്കൂകൂട്ടലാണ് തെറ്റിയത്. 

ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് നിലപാട് വ്യക്തമാക്കിയതാണ്. അതേക്കുറിച്ച് ഇനി വിവാദം വേണ്ട. വിവാദമുണ്ടാക്കിയിട്ടും കാര്യമില്ല. അന്തിമവിധി എന്തായാലും അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണം. ഇപ്പോൾ ദേവസ്വംബോർഡിനെ കുറ്റം പറയുന്ന കോൺഗ്രസും ബിജെപിയും നിരവധി തവണ നിലപാട് മാറ്റിയിട്ടില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. 

വെള്ളാപ്പള്ളി നടേശനെ മെരുക്കാന്‍ തുഷാറിനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉറച്ച നിലപാടിലാണ് ബിജെപി നിൽക്കുന്നത്. മത്സരിക്കാനില്ലെന്ന നിലപാടില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറച്ച് നില്‍ക്കുമ്പോഴും ഉഭയകക്ഷി ചര്‍ച്ചയിലൂടെ തുഷാർ രംഗത്ത് വരുമോ എന്ന് എല്ലാവരും ഉറ്റുനോക്കുന്നതിനിടെയാണ് തുഷാർ നിലപാട് വ്യക്തമാക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും വനിതാമതിലിലും വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ച നിലപാടില്‍ സംസ്ഥാനത്തെ എന്‍ഡിഎ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശന്‍റെ നിലപാടിനൊപ്പമാണ് ബിഡിജെഎസിന്‍റെ വലിയൊരു വിഭാഗം പ്രവര്‍ത്തകരും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ്സിന്‍റെ പൂര്‍ണ്ണപിന്തുണയുറപ്പിക്കുകയാണ് ബിജെപി ലക്ഷ്യം. 

തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ഒരു പരിധിവരെ വെള്ളാപ്പള്ളി നടേശന്‍റെ ബിജെപിക്കെതിരെയായ പരസ്യ വിമര്‍ശനം കുറയുമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. ഇതാണ് തുഷാര്‍ മല്‍സരിക്കണമെന്ന് ബിജെപി വാശി പിടിക്കാന്‍ കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനടക്കം മത്സര രംഗത്തുണ്ടായിട്ടും സുഭാഷ് വാസുവിനെ മാത്രം മല്‍സരിച്ച് തുഷാര്‍ മാറി നില്‍ക്കുകയായിരുന്നു. ഇത്തവണയും മല്‍സരിക്കുന്നതിനോട് തുഷാറിന് തീരെ യോജിപ്പില്ലെന്നാണ് സൂചന.

ശബരിമല സമരം തൊട്ട് ബിഡിജെഎസും തുഷാറും ബിജെപിയോടൊപ്പം പൂര്‍ണ്ണമായില്ല എന്ന ചിന്തയും ബിജെപി അണികളിലുണ്ട്. തെരഞ്ഞെടുപ്പില്‍ ഇത് മാറ്റിയെടുക്കുക കൂടിയാണ് ബിജെപി ലക്ഷ്യം.

Read More: തുഷാര്‍ വെള്ളാപ്പള്ളി കളത്തിലിറങ്ങുമോ? മത്സരിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി ബിജെപി

click me!