ബുലന്ദ്ഷഹര്‍:  ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിനിടെ കൊല്പപെട്ട സൈന സ്റ്റേഷന്‍ ഓഫീസറായ സുബോദ് കുമാര്‍ സിംഗ് വെടിയേറ്റു മരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 2015-ല്‍ യുപിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ഗോസംരക്ഷകര്‍ അഖ്ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്ന കേസ് സുബോദ് കുമാര്‍ സിംഗ് അന്വേഷിച്ചിരുന്നു എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. 

പശുക്കളുടെ ശരീര അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങൾ വനപ്രദേശത്ത് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ കലാപം ആരംഭിക്കുന്നത്. അക്രമികള്‍ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. കലാപത്തിനിടെ സുബോദ് കുമാര്‍ സിംഗിനേയും സഹപ്രവര്‍ത്തകരേയും കലാപകാരികള്‍ ആദ്യം ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സുബോദ് കുമാര്‍ സിംഗിനേയും കൊണ്ട് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പോകും വഴി ഇവര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് എഡിജിപി അനന്ത്കുമാറിനെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സുബോധ് സിംഗിന്‍റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ഒരു ടാറ്റാ സുമോ കാറില്‍ സുബോധ് സിംഗിന്‍റെ മൃതദേഹം കിടക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമികളിലാരോ പകര്‍ത്തിയതെന്ന് കരുതുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാം. 

സുബോദിനെ കൂടാതെ കലാപത്തിൽ കൊലപ്പെട്ട സുമിത് എന്ന യുവാവും നിരപരാധിയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. 21-കാരനായ സുമിത് ബിരുദവിദ്യാര്‍ത്ഥിയാണ്. ഒരു സുഹൃത്തിനെ വീട്ടിലാക്കി മടങ്ങും വഴി കലാപകാരികള്‍ക്കും പൊലീസുകാര്‍ക്കും ഇടയില്‍ ഇയാള്‍ കുടുങ്ങി പോകുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാളുടെ ശരീരത്തില്‍ വെടിയുണ്ടകളേറ്റ പാടുകളുണ്ട്. 

ബുലന്ദ്ഷഹറിലെ ചിംഗ്രാവതിയിൽചത്ത പശുകളുടെ അവശിഷ്ടങ്ങള്‍ തള്ളിയെന്നാരോപിച്ച് സംഘടിച്ചെത്തിയ ഒരു സംഘം ആളുകള്‍ അവ ട്രാക്ടറുകളില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. 15നും 20നും ഇടയ്ക്ക് പശുകളെ കൊന്നു തള്ളിയെന്നായിരുന്നു അവരുടെ ആരോപണം. കുറ്റക്കാരെ പൊലീസ് എത്രയും പെട്ടെന്ന് കണ്ടെത്തി നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് ഇവര്‍ സ്റ്റേഷനിലേക്ക് വന്നത്. ഇവരെ സമാധാനിപ്പിച്ച സയന സ്റ്റേഷനിലെ  പൊലീസുകാര്‍ അവരില്‍ നിന്നും എഫ്ഐആര്‍ തയ്യാറാക്കാനായി വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ ഒരു സംഘം ആസൂത്രിതമായി സംഘര്‍ഷത്തിന് തുടക്കമിടുകയായിരുന്നുവെന്ന് ബുലന്ദ്ഷഹര്‍ ജില്ലാ മജിസ്ട്രേറ്റ് പറയുന്നു. 

ഇവരെ നിയന്ത്രിക്കാനായി പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പിന്നാലെ ആള്‍ക്കൂട്ടം സംഘടിച്ചെത്തി കല്ലേറ് നടത്തി. ഈ കല്ലേറിലാണ് സയന സ്റ്റേഷൻ്‍ ഓഫീസറായ സുബോധ് കുമാറിന് പരിക്കേല്‍ക്കുന്നത്. കല്ലേറിനിടെ അടുത്ത കരിമ്പിൻ പാടത്ത് പരിക്കേറ്റു വീണ സുബോധ് കുമാറിനെ കീഴുദ്യോഗസ്ഥര്‍ കാറിലെത്തി രക്ഷപ്പെടുത്തി.  പരിക്കേറ്റ് അവശനായ സുബോധുമായി പൊലീസ് സംഘം അടുത്തുള്ള ആശുപത്രിയിലേക്ക് നീങ്ങുന്നതിനിടെ കൊല്ലവരെ... എന്ന ആക്രോശിച്ചു കൊണ്ട് ആള്‍ക്കൂട്ടം കാര്‍ വളയുകയായിരുന്നുവെന്ന് വാഹനത്തിന്‍റ ഡ്രൈവറായിരുന്നു റാം ആശ്രയ് പറയുന്നു. ചുറ്റുമുള്ള മരത്തിന്‍റെ മറപിടിച്ചു കൊണ്ടാണ് ആള്‍ക്കൂട്ടം കല്ലേറ് നടത്തിയത്. ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ കാറിലുണ്ടായിരുന്ന മറ്റു രണ്ട് പൊലീസുകാര്‍ ആകാശത്തേക്ക് വെടിവെച്ചെങ്കിലും അതവരെ കൂടുതല്‍ പ്രകോപിതരാക്കി. കല്ലേറ് രൂക്ഷമായതോടെ എല്ലാവരും ഇറങ്ങിയോടി. എന്നാല്‍ അവശനിലയിലായ സുബോധ് സാബിന് കാറില്‍ നിന്നും രക്ഷപ്പെടാനായില്ല.... റാം ആശ്രയ് പറയുന്നു. 

ഇന്‍സ്പെക്ടര്‍ സുബോദ്കുമാറാണ് അഖ്‍ലാഖ് ആള്‍ക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ട കേസ് 2015 സെപ്റ്റംബര്‍ മുതൽ നവംബര്‍ വരെ അന്വേഷിച്ചത്. പശുവിറച്ചി കൈവശം വച്ചെന്നാരോപിച്ചാണ് അഖ്‍ലാഖിനെ ആള്‍ക്കൂട്ടം ആക്രമിച്ചത്. ഈ കേസ് അന്വേഷിക്കുമ്പോൾ തന്നെ ദാദ്രിയിൽ സമാനമായ മറ്റൊരു സംഭവം ഉടലെടുക്കാതിരിക്കാൻ സുബോധ് കുമാർ അതീവ ജാ​ഗ്രത പുലർത്തിയിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ഇരുസമുദായത്തിലേയും നേതാക്കളെ വിളിച്ചു വരുത്തി ചർച്ചകൾ നടത്തി തെറ്റിദ്ധാരണകളും പ്രശ്നങ്ങളും പരിഹരിക്കാൻ അദ്ദേഹം പ്രയത്നിച്ചിരുന്നു. സമുദായസ്പർധ വളർത്തുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. 

ധീരനായ പൊലീസ് ഓഫീസറായിരുന്നു സുബോധ് കുമാർ സിം​ഗ്. പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹമൊരിക്കലും തിരിഞ്ഞോടിയില്ല. സംഘർഷഭരിതമായ പല സന്ദർഭങ്ങളും അദ്ദേഹം നേരിട്ടതിന് ഞാൻ സാക്ഷിയാണ്. അഖ്ലാഖ് വധത്തിന് ശേഷം നിത്യേനയെന്നോണം അയാൾ ആ ​ഗ്രാമം സന്ദർശിക്കുമായിരുന്നു. അഖ്ലാഖ് വധത്തിന് ശേഷമുണ്ടായ പിരിമുറുക്കത്തെ തുടർന്ന് ദാദ്രിയിലെ ഒരു മുസ്ലീം കുടുംബം കല്ല്യാണ ചടങ്ങ് മാറ്റിവയ്ക്കാൻ തീരുമാനിച്ചപ്പോൾ അവർക്ക് ധൈര്യം നൽകി അത് നടത്താൻ വഴിയൊരുക്കിയത് സുബോധ് കുമാർ സിം​ഗാണ്. ഒരു മികച്ച ഉദ്യോ​ഗസ്ഥനെയാണ് ഞങ്ങൾക്ക് നഷ്ടമായത്..... സർക്കിൾ ഇൻസ്പെക്ടർ അനുരാ​ഗ് സിം​ഗ് ഇന്ത്യൻ എക്സ്പ്രസ് പത്രത്തോട് പറഞ്ഞു. 

കലാപത്തെക്കുറിച്ച് അടിയന്തരറിപ്പോർട്ട് തേടിയ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം ദാരുണസംഭവമാണെന്ന് അനുശോചിച്ചു. സുബോദ് കുമാർ സിം​ഗിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച മുഖ്യമന്ത്രി കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മെച്ചപ്പെട്ട പെൻഷൻ അനുവദിക്കുമെന്നും കൂട്ടിച്ചേർത്തു.