കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഐ എം വിജയൻ;ഇഷ്ടം ഫുട്ബോളും ജോലിയും പിന്നെ സിനിമയും

By Web TeamFirst Published Feb 9, 2019, 9:52 AM IST
Highlights

എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അത് കൊണ്ട് തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താത്പര്യമില്ലെന്ന് ഐ എം വിജയൻ

തൃശ്ശൂർ: ആലത്തൂർ മണ്ഡലത്തിൽ  സ്ഥാനാർത്ഥിയാകാനില്ലെന്ന് കായികതാരം ഐ എം വിജയൻ. കോൺഗ്രസ് നേതാക്കൾ പലവട്ടം ചർച്ചകൾ നടത്തിയിരുന്നെങ്കിലും രാഷ്ട്രീയക്കാരനാകാൻ തനിയ്ക്ക് താത്പര്യമില്ലെന്നും ഐ എം വിജയൻ പറഞ്ഞു.

എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അത് കൊണ്ട് തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താത്പര്യമില്ലെന്നും ഐ എം വിജയൻ പറഞ്ഞു. ഫുട്ബോളും ജോലിയും പിന്നെ സിനിമയുമായി മുന്നോട്ടു പോകാൻ താത്പര്യപ്പെടുന്നതെന്നും ഐ എം വിജയൻ കൂട്ടിച്ചേർത്തു.

സി പി എമ്മിന് വ്യക്തമായ സ്വാധീനമുളള മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. 2009ല്‍ ഒറ്റപ്പാലം മാറി ആലത്തൂരായ ശേഷം പി കെ ബിജുവാണ് ആലത്തൂർ എം പി. 2009 നേക്കാള്‍ 2014 ല്‍ ബിജു 17000ത്തിലധികം വോട്ടുകൾ കൂടുതൽ നേടുകയും ചെയ്തിരുന്നു.

കെ ആര്‍ നാരായണന് ശേഷം കൈവിട്ട മണ്ഡലം പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിച്ചുപിടിക്കാൻ രാഷ്ട്രീയത്തിനപ്പുറമുളള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തേടുന്നത്. മത്സരിക്കാനില്ലെന്ന നിലപാടിൽ വിജയൻ ഉറച്ചതോടെ ഏതെങ്കിലും സിനിമാതാരത്തെ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.

click me!