ഇടതുമുന്നണിയുടെ 'കേരള സംരക്ഷണ യാത്ര'; കാനം നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

By Web TeamFirst Published Feb 16, 2019, 8:36 AM IST
Highlights

യാത്ര പൂർത്തിയാകുന്നതോടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും നടത്താനാണ് മുന്നണിയുടെ നീക്കം

മഞ്ചേശ്വരം: ഇടതു മുന്നണിയുടെ വടക്കൻ മേഖലാ കേരള സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന യാത്ര സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. മഞ്ചേശ്വരത്ത് നിന്നാണ് യാത്ര തുടങ്ങുക. യാത്ര പൂർത്തിയാകുന്നതോടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും നടത്താനാണ് മുന്നണിയുടെ നീക്കം. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖല ജാഥ തിരുവനന്തപുരത്ത് നിന്നും തുടങ്ങിയിരുന്നു. 'ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നേതാക്കളുടെ യാത്ര. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കുകയാണ് യാത്രകളുടെ ലക്ഷ്യം. 

ബിജെപിയെയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിര്‍ത്ത് എല്‍ഡിഎഫിന് പരമാവധി വോട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും എണ്ണിപ്പറഞ്ഞാകും ജാഥകളുടെ പര്യടനം. 

ജാഥാ ക്യാപ്റ്റന് പുറമേ പത്ത് ഘടകകക്ഷികളുടേയും പ്രതിനിധികള്‍ ഓരോ ജാഥയിലും അംഗങ്ങളായിരിക്കും. ജാഥകള്‍ക്കിടയിലും സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും. ജാഥകള്‍ സമാപിക്കുന്നതോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് നീക്കം. മാര്‍ച്ച് രണ്ടിനാണ് കൂറ്റൻ റാലിയോടെ ജാഥകള്‍ സമാപിക്കുന്നത്.

click me!