
ദില്ലി: ദില്ലിയിൽ പ്രിയങ്ക ഗാന്ധിയ്ക്ക് മുറിയൊരുക്കി പാർട്ടി ആസ്ഥാനം. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ മുറിയുടെ തൊട്ടടുത്ത് തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെയും ഔദ്യോഗിക ഓഫീസ്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിട്ടാണ് പ്രിയങ്ക ഗാന്ധി ചുമതല നിർവ്വഹിക്കാനൊരുങ്ങുന്നത്. പാർട്ടി വൈസ് പ്രസിഡന്റായിരിക്കെ രാഹുൽ ഗാന്ധി ഉപയോഗിച്ചു കൊണ്ടിരുന്ന മുറിയാണ് ഇപ്പോൾ പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നത്.
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു എന്നതിന്റെ ആദ്യ സൂചനയായിട്ടാണ് കിഴക്കൻ ഉത്തർപ്രദേശിലെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധിയ്ക്ക് നൽകിയതെന്ന് . ഉത്തർപ്രദേശിലെ പുതിയ പദവിയ്ക്കപ്പുറം പ്രിയങ്ക ഗാന്ധിയ്ക്ക് പാർട്ടിയിൽ സ്ഥാനമുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. പ്രിയങ്കയുടെ പുതിയ മുറിയ്ക്ക് പുറത്ത് നെയിംപ്ലേറ്റും സ്ഥാപിച്ചു. വിദേശത്ത് സ്വകാര്യ സന്ദർശനത്തിലായിരുന്ന പ്രിയങ്ക ഗാന്ധി ഇന്നലെ വൈകുന്നേരമാണ് തിരികെ ദില്ലിയിലെത്തിയത്.