ബീഹാറിൽ കളം പിടിക്കാൻ നിതീഷ് കുമാർ

By Web TeamFirst Published Feb 15, 2019, 10:15 PM IST
Highlights

ബീഹാറിൽ ആത്മവിശ്വാസത്തോടെ നിതീഷ് കുമാർ. ബീഹാർ ജനത തനിക്കൊപ്പമാണെന്നും വെളിച്ചം വന്നപ്പോൾ ഭൂതങ്ങളൊക്കെ പോയെന്ന് നിതീഷ്.

പട്‌ന: ബീഹാറിൽ ഭൂതങ്ങളെ ഇല്ലാതാക്കിയ ഭരണകാലമാണ് തന്‍റേതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. യുവാക്കൾ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട നിതീഷ് കുമാർ, രാഷ്ട്രീയ നേതാക്കളുടെ മക്കളായി എന്നതാകരുത് ഒരാളുടെ രാഷ്ട്രീയത്തിലെ യോഗ്യത എന്നും പറഞ്ഞു.

പട്നയിലെ ജെഡിയു ആസ്ഥാനത്ത് പാർട്ടി നേതാക്കളുമായുള്ള കൂടിയാലോചനക്ക് എത്തിയതാണ് നിതീഷ് കുമാർ. പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് അധിക്രമങ്ങൾ ഏറെ കണ്ട പഴയ ബീഹാറിനെയും പുതിയ ബീഹാറിനെയും നിതീഷ് കുമാർ താരതമ്യം ചെയ്തത്.

ബീഹാറിൽ കറുത്ത കാലം അവസാനിച്ചത് ജെ ഡി യു അധികാരത്തിൽ എത്തിയ ശേഷമാണ്. ഒപ്പം രാഹുൽഗാന്ധിക്കും ആർ ജെഡി നേതാവ് തേജസ്വി യാദവിനും വിമർശനം. ബീഹാർ ജനത തന്‍റെ സർക്കാരിനൊപ്പമാണെന്ന് പറഞ്ഞ നിതീഷ് സ്ഥാനാർത്ഥി നിർണയ വിഷയങ്ങളോടൊന്നും പ്രതികരിക്കാൻ തയ്യാറായില്ല.

നരേന്ദ്രമോദിയെ എതിർത്ത് 2014ൽ മഹാസഖ്യത്തിനൊപ്പം നിന്നാണ് നിതീഷ്കുമാർ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മോദി കാറ്റ് ആഞ്ഞുവീശിയ ആ തെരഞ്ഞെടുപ്പിൽ നിതീഷിന് കിട്ടിയത് രണ്ട് സീറ്റ് മാത്രം. എൻ ഡി എയിൽ തിരിച്ചെത്തിയ ജെ ഡി യു ഇത്തവണ 17 സീറ്റിലേ മത്സരിക്കുന്നുള്ളൂ. ജെ ഡി യുവിന്‍റെ തെരഞ്ഞെടുപ്പ് ചുമതല മുഴുവൻ പാർടി ഉപാധ്യക്ഷൻ കൂടിയായ പ്രശാന്ത് കിഷോറിനെ ഏല്‍പിച്ചിരിക്കുകയാണ് നിതീഷ്കുമാർ.

click me!