എഐഎഡിഎംകെ-ബിജെപി സഖ്യം യാഥാര്‍ഥ്യത്തിലേക്ക്? സൂചന നല്‍കി പനീര്‍സെല്‍വം

By Web TeamFirst Published Feb 13, 2019, 6:20 PM IST
Highlights

2016ല്‍  ബിജെപി സമ്മേളനങ്ങള്‍ക്ക് എത്തിയ നരേന്ദ്ര മോദിയുടെ നിര്‍ദേശം രണ്ട് ദ്രാവിഡ പാര്‍ട്ടികളേയും അകറ്റി നിര്‍ത്തുകയെന്നതായിരുന്നു. എന്നാല്‍, ജയലളിതയുടെയും കരുണാനിധിയുടേയും മരണത്തിന് ശേഷമുള്ള ആദ്യ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ബിജെപി കളം മാറ്റി ചവിട്ടിയിരിക്കുകയാണ്

ചെന്നെെ: തമിഴ്നാട്ടില്‍ ബിജെപിയും അണ്ണാ ഡിഎംകെയും തമ്മിലുള്ള സഖ്യം യാഥാര്‍ഥ്യമാകുന്നതായി സൂചന.  തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് എഐഎഡിഎംകെ ഇത്തവണ ബിജെപിയുമായി ചേര്‍ന്ന് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിരിക്കുന്നത്.

സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസും എഐഎഡിഎംകെയും തമ്മില്‍ നടന്ന വാക്പോരിനിടെയാണ് സഖ്യത്തിലേക്ക് നീങ്ങുന്നതായി പനീര്‍സെല്‍വം സൂചന പുറത്ത് വിട്ടത്. നിലവില്‍ ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം രൂപപ്പെടുത്തി കഴിഞ്ഞു. അപ്പോള്‍ എഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുന്നതിനെ കുറിച്ചോ സഖ്യത്തിലേര്‍പ്പെടുന്നതിനെ കുറിച്ചോ ചോദ്യങ്ങളുടെ ആവശ്യമില്ലെന്ന് പനീര്‍സെല്‍വം വ്യക്തമാക്കി.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ ആര്‍ കുമാരസ്വാമിയാണ് സഖ്യത്തിമില്ലാതെ അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുമോ എന്ന ചോദ്യം ഉന്നയിച്ചത്. എല്ലാവരും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാമെങ്കില്‍ എഐഎഡിഎംകെയും അതിന് തയാറാണെന്ന് പനീര്‍സെല്‍വം തിരിച്ചടിച്ചു.

ഡിഎംകെയുടെ പിന്നില്‍ വര്‍ഷങ്ങളായി ഒളിച്ചിട്ടുള്ള കോണ്‍ഗ്രസിന് അങ്ങനെ ഒരു ചോദ്യം ഉന്നയിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ബിജെപിയും അണ്ണാ ഡിഎംകെയും തമ്മിലുള്ള സഖ്യം രൂപീകരിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് ഇരു പാര്‍ട്ടികളെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ടിടിവി ദിനകര പക്ഷത്തെ നിരവധി നേതാക്കള്‍ അണ്ണാ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമാകാന്‍ സമ്മതം അറിയിച്ചു. ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനിടയിലും കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി സഖ്യം വിപുലീകരിക്കാനാണ് അണ്ണാ ഡിഎംകെയുടെ നീക്കം. 2016ല്‍  ബിജെപി സമ്മേളനങ്ങള്‍ക്ക് എത്തിയ നരേന്ദ്ര മോദിയുടെ നിര്‍ദേശം രണ്ട് ദ്രാവിഡ പാര്‍ട്ടികളേയും അകറ്റി നിര്‍ത്തുകയെന്നതായിരുന്നു.

എന്നാല്‍, ജയലളിതയുടെയും കരുണാനിധിയുടേയും മരണത്തിന് ശേഷമുള്ള ആദ്യ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ബിജെപി കളം മാറ്റി ചവിട്ടിയിരിക്കുകയാണ്. 39 സീറ്റുള്ള തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം ദില്ലിയില്‍ സൃഷ്ടിക്കുന്ന ചലങ്ങള്‍ ചെറുതല്ലെന്ന് ബോധ്യത്തിലാണ് ബിജെപിയുടെ ചാണക്യ തന്ത്രം.

സീറ്റ് വിഭജന ചര്‍ച്ചയില്‍ 24 മണ്ഡലങ്ങള്‍ അണ്ണാ ഡിഎംകെയ്ക്ക് വിട്ടു നല്‍കി, എട്ട് സീറ്റില്‍ മത്സരിക്കാനുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയും ബിജെപി മുന്നോട്ടുവച്ച് കഴിഞ്ഞു.  ബിജെപി കേന്ദ്ര നേതാക്കള്‍ക്കളുടെ നിരീക്ഷണത്തിലാണ് മേഖല തിരിച്ചുള്ള പ്രചാരണം. രണ്ടാഴ്ച്ചക്കിടെ രണ്ട് തവണ മോദി പൊതുസമ്മേളനങ്ങള്‍ക്കായി തമിഴ്നാട്ടിലെത്തിയതും സഖ്യത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുത്തന്നെയാണ്. 

click me!