പാളിപ്പോയ ജനകീയതയും വികസനവും; സ്വന്തം മണ്ഡലം പോലും ഈ എംഎല്‍എയെ തുണച്ചില്ല

Published : May 23, 2019, 09:45 PM IST
പാളിപ്പോയ ജനകീയതയും വികസനവും; സ്വന്തം മണ്ഡലം പോലും ഈ എംഎല്‍എയെ തുണച്ചില്ല

Synopsis

ജനകീയതയോ എംഎല്‍എ എന്ന നിലയ്‌ക്ക്‌ കാഴ്‌ച്ച വച്ച വികസനപ്രവര്‍ത്തനങ്ങളോ പ്രദീപ്‌ കുമാറിനെ തുണച്ചില്ല. സ്വന്തം അസംബ്‌ളി മണ്ഡലമായ കോഴിക്കോട്‌ നോര്‍ത്തില്‍ പോലും ഭൂരിപക്ഷം നേടാനാവാതെ അമ്പേ പരാജയപ്പെട്ട നിലയിലാണ്‌ പ്രദീപ്‌ കുമാര്‍.  

കോഴിക്കോട്‌: പതിമൂന്ന്‌ വര്‍ഷമായി കോഴിക്കോടിന്റെ എംഎല്‍എ ആയ എ പ്രദീപ്‌ കുമാറിനെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കളത്തിലേക്കിറക്കുമ്പോള്‍ എല്‍ഡിഎഫ്‌ സ്വപ്‌നം കണ്ടത്‌ എം കെ രാഘവനില്‍ നിന്ന്‌ കോഴിക്കോട്‌ മണ്ഡലം തിരിച്ചുപിടിക്കുക എന്നതായിരുന്നു. പക്ഷേ, എല്‍ഡിഎഫിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായില്ല. ജനകീയതയോ എംഎല്‍എ എന്ന നിലയ്‌ക്ക്‌ കാഴ്‌ച്ച വച്ച വികസനപ്രവര്‍ത്തനങ്ങളോ പ്രദീപ്‌ കുമാറിനെ തുണച്ചില്ല. സ്വന്തം അസംബ്‌ളി മണ്ഡലമായ കോഴിക്കോട്‌ നോര്‍ത്തില്‍ പോലും ഭൂരിപക്ഷം നേടാനാവാതെ അമ്പേ പരാജയപ്പെട്ട നിലയിലാണ്‌ പ്രദീപ്‌ കുമാര്‍.

വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പ്രചാരണം. യുഡിഎഫ്‌ വിട്ട്‌ മുന്നണിയിലെത്തിയ ലോക്‌ജനതാദളിന്റെ സാന്നിധ്യവും യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി സഎം കെ രാഘവനെതിരെ ഉയര്‍ത്തിയ ഒളിക്യാമറാ വിവാദവും തങ്ങള്‍ക്ക്‌ അനുകൂല വോട്ടുകളാകുമെന്ന്‌ എല്‍ഡിഎഫ്‌ കണക്കുകൂട്ടി. കോഴിക്കോട്ട്‌ കോണ്‍ഗ്രസ്‌-ലീഗ്‌-ബിജെപി സഖ്യമുണ്ടെന്ന ആരോപണം ഉയര്‍ന്നതും തുണയാകുമെന്ന്‌ പ്രതീക്ഷിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല. വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ്‌ സീറ്റ്‌ നിലനിര്‍ത്തി.

കഴിഞ്ഞ തവണത്തേതില്‍ നിന്ന്‌ പോളിംഗ്‌ ശതമാനം ഉയര്‍ന്നപ്പോള്‍ മികച്ച പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്‌. കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരവും പ്രദീപ്‌ കുമാറിനുള്ള വോട്ടുകളാകുമെന്നും എല്‍ഡിഎഫ്‌ പ്രതീക്ഷിച്ചു. പക്ഷേ, ഒടുവില്‍ ജനവിധി വന്നപ്പോള്‍ എല്ലാ പ്രതീക്ഷകളെയും മറികടന്ന്‌ യുഡിഎഫ്‌ വിജയം നിലനിര്‍ത്തി. ലോക്‌സഭാപോരാട്ടത്തില്‍ ഏശാതെ പോയ ജനകീയതയുടെയും വികസനത്തിന്റെയും മുഖമായി മാറാനായിരുന്നു പ്രദീപ്‌ കുമാറിന്റെ വിധി.

PREV
click me!

Recommended Stories

ആദ്യം കരഞ്ഞു, പിന്നെ ചിരിച്ചു; ഈ ട്രിപ്പിള്‍ വിജയത്തിന്‌ തിളക്കമേറെയാണ്‌!!
തരൂരിന്‍റെ പ്രചാരണം നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ് നിയമിച്ചത് ബിജെപി വിട്ട് എത്തിയ നാനാ പട്ടോളെയെ