തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്‍റെ പരാതിയില്‍ നടപടിയുമായി അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി

ദില്ലി: പാര്‍ട്ടിയില്‍ ഒരു വിഭാഗം തന്‍റെ പ്രചരണത്തില്‍ സജീവമാകാതെ ബി.ജെ.പിയെ സഹായിക്കുന്നുവെന്ന തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്‍റെ പരാതിയില്‍ നടപടിയുമായി അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി. നാനാ പട്ടോളെ തിരുവനന്തപുരത്ത് എ.ഐ.സി.സി നിരീക്ഷകനായി നിയമിച്ചു.

നേരത്തെ കെപിസിസി തിരുവനന്തപുരത്ത് പ്രചാരണ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളെ മാറ്റുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചുമതല നല്‍കുകയും ചെയ്തിരുന്നു. ഇതിനപ്പുറം നാനാ പട്ടോളെയുടെ നിയമനത്തിന് ഒരു കൌതുകവും ഉണ്ട്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവാണ് ഇദ്ദേഹം. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിക്കാന്‍ ഒരുങ്ങുന്നു എന്ന പരാതിയിലാണ് പുതിയ നിയമനം എന്നതും കൌതുകമാണ്.

കോണ്‍ഗ്രസിന്‍റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് പട്ടോളയെ നിരീക്ഷനായി നിയമിച്ചത്. മഹാരാഷ്ട്രയിലെ ബന്ദാര ഗോണ്ടിയ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു പട്ടോള. 

2014ലെ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അടുത്ത അനുയായിയായിരുന്നു. 2018 ജനുവരിയില്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇത്തവണ നാഗ്പൂര്‍ മണ്ഡലത്തില്‍ ഗഡ്കരിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് പട്ടോളെ.