
ദില്ലി: ഹാസ്യതാരത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ ആംആദ്മി(AAP) പാർട്ടിയുടെ ഭഗവന്ത് മൻ മുഖ്യമന്ത്രിയായി പ്രതിജ്ഞ ചെയ്യുന്നതോടെ ലോക് സഭയിൽ ആംആദ്മി പാർട്ടിയുടെ ഒരേയൊരു എംപിയെ തൽക്കാലം നഷ്ടമാകും. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ വിളനിലമായ മാൽവ മേഖലയിലെ സംഗരൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഭഗവന്ത് മൻ( Bhagwant Mann). എഎപിയുടെ ഒരേയൊരു ലോക്സഭ എംപി. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ നാല് എംപിമാരെ പഞ്ചാബ് ആം ആദമി പാർട്ടിക്ക് സമ്മാനിച്ചെങ്കിലും 2019 ൽ വീണ്ടും ജയിച്ച് കയറാനായത് അദ്ദേഹത്തിന് മാത്രമാണ്. മൻ മുഖ്യമന്ത്രിയാകുന്നതോടെ എംപി സ്ഥാനം രാജിവെക്കും. ഇതോടെ ഏക എംപിയെ താൽക്കാലം നഷ്ടമാകും. പിന്നാലെ ഉപതെരഞ്ഞെടുപ്പ് വിജയിച്ചാൽ മാത്രമേ എഎപിക്ക് ലോക്സഭയിൽ പ്രാതിനിധ്യം കിട്ടൂ.
എന്നാൽ രാജ്യസഭയിൽ ആപ്പ് ശക്തി പ്രാപിപ്പിക്കുകയാണ്. പഞ്ചാബിൽ അഞ്ച് രാജ്യസഭ സീറ്റിൽ തിരഞ്ഞെടുപ്പ് ഉടൻ നടക്കും. അഞ്ചിലും ആം ആദ്മി പാർട്ടി ജയിക്കും. നിലവിൽ മൂന്ന് രാജ്യസഭ എംപിമാരാണ് ആം ആദ്മി പാർട്ടിക്കുള്ളത്. ഇതോടെ ആകെ രാജ്യസഭ എംപിമാരുടെ എണ്ണം എട്ടാകും. ഇതോടെ ടിആർഎസ് വൈആർഎസ്, കോൺഗ്രസ് സിപിഎം, സമാജ് വാദി പാർട്ടി , എഐഎഡിഎംകെ ജെഡിയു, എൻസിപി ബിഎസ് പി. ശിവസേന, തെലുങ്ക് ദേശം, സി പി ഐ അടക്കം പാർട്ടികളെക്കാൾ എംപിമാർ രാജ്യസഭയിൽ എഎപിക്ക് സ്വന്തമാകും. ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ പാർട്ടികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാജ്യസഭാ സീറ്റുകളുള്ള കക്ഷിയായി ആംആദ്മി പാർട്ടിക്ക് മാറും. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലും ,ദില്ലിയിലും മുന്നേറ്റമുണ്ടാക്കാനായാൽ അരവിന്ദ് കെജരിവാൾ എന്ന നേതാവ് സുപ്രധാന കേന്ദ്രമായി ദേശീയ രാഷ്ട്രീയത്തിൽ മാറുമെന്നത് ഉറപ്പാണ്.