ബിജെപിയെ വെല്ലുവിളിച്ച് പി പി മുകുന്ദൻ: തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കും

By Web TeamFirst Published Feb 9, 2019, 6:50 PM IST
Highlights

ശിവസേനയുൾപ്പടെയുള്ള സംഘടനകളുടെ പിന്തുണയോടെ മത്സരിക്കുമെന്നാണ് പി പി മുകുന്ദൻ വ്യക്തമാക്കുന്നത്. ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് മുകുന്ദന്‍റെ പ്രഖ്യാപനം. വോട്ട് വാർത്ത എക്സ്ക്ലൂസീവ്...

തിരുവനന്തപുരം: ബിജെപിയെ ഞെട്ടിച്ച് തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങി പി പി മുകുന്ദൻ. നേതൃത്വത്തിന്‍റെ തെറ്റ് തിരുത്താനാണ് നീക്കമെന്നും ശിവസേന അടക്കമുള്ള ചില സംഘടനകൾ പിന്തുണയുമായി സമീപിച്ചതായും മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല പ്രശ്നം മുതലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും തന്നെ വേണ്ടെങ്കിൽ പാർട്ടി പുറത്താക്കട്ടെയെന്നും മുകുന്ദൻ വ്യക്തമാക്കി.

സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചാണ് മുതിർന്ന നേതാവായ പി പി മുകുന്ദൻ ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്നത്. പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ നേതാക്കൾ ഉറപ്പ് പാലിക്കാത്തതിലുള്ള മടുപ്പ് തന്നെയാണ് പ്രധാന കാരണം. ബിജെപിയുമായി അകന്ന് ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്ന ശിവസേന മുകുന്ദനെ കളത്തിലിറക്കാനുള്ള നീക്കങ്ങളിലാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് സ്വതന്ത്രവേഷത്തിലിറങ്ങാൻ ആലോചിച്ചെങ്കിലും ഒ.രാജഗോപാൽ അടക്കമുള്ള നേതാക്കൾ ഇടപെട്ടാണ് മുകുന്ദനെ പിന്തിരിപ്പിച്ചത്. ശബരിമല പ്രശ്നം സുവർണ്ണാവസരമാണ്, പക്ഷേ സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവർ അവസരം കളഞ്ഞ് കുളിച്ചെന്നാണ് വിമർശനം.

കുമ്മനം രാജശേഖരൻ പ്രസിഡണ്ടായിരിക്കെ പാർട്ടി സംസ്ഥാന ആസ്ഥാനത്ത് വർഷങ്ങൾക്ക് ശേഷം മുകുന്ദൻ തിരിച്ചെത്തിയിരുന്നു. ചില പരിപാടികളിലും സജീവമായി. പക്ഷേ പിന്നീട് മുകുന്ദന് മുന്നിൽ നേതൃത്വം വാതിൽ കൊട്ടിയടക്കുകയായിരുന്നു. മുകുന്ദന്‍റെ മടക്കത്തോട് ആർഎഎസ്എസ്സിന് ഇപ്പോൾ എതിർപ്പില്ലെങ്കിലും ബിജെപി സംസ്ഥാന നേതൃത്വമാണ് ഉടക്കിടുന്നത്. 

click me!