
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിച്ചിട്ട് ഒരുമാസം ആകാന്‍ പോവുകയാണ്. തിരുവനന്തപുരം സ്വദേശിനിയും ആര്‍ട്ടിസ്റ്റുമായ അനുമോളാണ് സീസണ്‍ കിരീടം ചൂടിയത്. ഷോ കഴിഞ്ഞിട്ടും പിആറിന്‍റെയും മറ്റും കാര്യങ്ങള്‍ പറഞ്ഞ് അനുമോള്‍ക്കെതിരെ പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ അനുവിനെ ബാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഇപ്പോഴിതാ അനുമോളോട് എന്തിനാണ് ഇത്ര ദേഷ്യമെന്ന് അറിയില്ലെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. അനുമോള്‍ 16 ലക്ഷം പിആറിന് കൊടുത്തെന്ന് പറഞ്ഞവരാകും ഏറ്റവും കൂടുതല്‍ തുക പിആറിന് നല്‍കിയതെന്നും മല്ലിക പറയുന്നു.
"അനുമോളെ ഇട്ട് വറുക്കുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു. രണ്ടര വർഷം എന്നോടൊപ്പം അഭിനയിച്ച ആളാണ് അനുമോൾ. പ്രായത്തിന്റേതായൊരു തുള്ളൽ അവൾക്കുണ്ട്. അതുണ്ടാവും. മാനസിക സന്തോഷമാണത്. അത്രയ്ക്ക് വിവരം ഇല്ലാത്തവരൊന്നും അല്ലല്ലോ ബിഗ് ബോസിൽ ഇരിക്കുന്നത്. എന്തുകൊണ്ട് അനുമോൾ എന്ന് ചോദിച്ചാൽ, ഉടനെ പിആർ എന്ന് പറയും. ഞാനൊരു 25 ലക്ഷവുമായി പിആറിന് പോകാം. എനിക്ക് കിട്ടോ സമ്മാനം. ഞാൻ കണ്ടകാലം മുതൽ എവിടെ പോയാലും അവളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ സഹോദരി, അവരുടെ ഭർത്താവ് കുഞ്ഞ്, അച്ഛൻ, അമ്മ ഒക്കെയാണ്. വലിയ രീതിയിൽ ബന്ധങ്ങൾ കൊണ്ടുപോകുന്ന വ്യക്തിയാണ് അവൾ. അച്ഛന് ആരോഗ്യപരമായി ചില പ്രശ്നങ്ങളുണ്ട്. ബിഗ് ബോസിനും ഒന്നൊന്നര കൊല്ലം മുൻപെ ഞാൻ അറിഞ്ഞിട്ടുള്ള കാര്യമാണ്. ഷൂട്ടിംഗ് സമയത്ത് വിളിച്ചിരുത്തി ഞാൻ ഉപദേശിക്കും. കണ്ണൊക്കെ നിറഞ്ഞ് കരയാറാവും. കരയാൻ വേണ്ടിയല്ല മോളേ പറഞ്ഞതെന്ന് ഞാൻ പറയും. എല്ലാത്തിനും പെട്ടെന്ന് അവൾ കരയും", എന്ന് മല്ലിക സുകുമാരന്‍ പറയുന്നു.
"ഈ സമൂഹത്തിൽ എല്ലാവരും 'നല്ല കൊച്ച്' എന്ന് പറഞ്ഞ് ഒരാൾക്ക് ജീവിക്കാൻ പറ്റോ. എല്ലാവരിൽ നിന്നും നല്ല സർട്ടിഫിക്കറ്റ് കിട്ടില്ല. കാരണം അത് മനുഷ്യന്റെ സ്വഭാവമാണ്. അനുമോളോട് എന്താന്ന് അറിയില്ല, ഇച്ചിരി തൊലിവെളുത്തതിലുള്ള ദേഷ്യമാണോ? എനിക്കറിയത്തില്ല. ഞാൻ വിചാരിക്കും അവളെ എന്തിനാണ് ആൺപിള്ളേര് പറയുന്നതെന്ന്. പെൺപിള്ളേര് പറഞ്ഞാൽ അസൂയ കൊണ്ടെന്ന് പറയാം. അവിടെ വന്നവരെല്ലാം ഹരിശ്ചന്ദ്രന്മാർ ആണല്ലോ? ബിഗ് ബോസിനകത്ത് വന്ന പെൺകുട്ടികൾ എന്തെല്ലാം കാണിക്കുന്നു. അതൊന്നും പറയണ്ട. അനുമോളാണ് പ്രശ്നം. അതൊരു പാവം കെച്ചാ. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നു. ഉദ്ഘാടനത്തിനൊക്കെ പോകുമ്പോൾ കുറേ കാശ് ചോദിക്കുന്ന ആളൊന്നും അല്ല. ഇങ്ങനെ ഒക്കെയാണ് അതിന്റെ ജീവിതം. അനുമോൾ 16 ലക്ഷം രൂപ പിആറിന് കൊടുത്തെന്ന് പറഞ്ഞവരായിരിക്കും കൂടുതൽ കൊടുത്തിരിക്കുന്നത്", എന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. ഐസ്ബ്രേക്ക് എന്‍റര്‍ടെയ്ന്‍മെന്‍റിനോട് ആയിരുന്നു ഇവരുടെ പ്രതികരണം.