
ബിഗ് ബോസ് മലയാളം സീസൺ 7 ഏറ്റവും ജനപ്രീതിയുള്ള മത്സരാർഥികളിൽ രണ്ട് പേരായിരുന്നു ആദിലയും നൂറയും. ഷോ തുടങ്ങിയപ്പോൾ ഒറ്റ മത്സരാർത്ഥികളായിരുന്നുവെങ്കിലും പിന്നീട് ഇരുവരും രണ്ട് മത്സരാർത്ഥികളായാണ് മത്സരിച്ചത്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് ഫൈനൽ വീക്കിലെത്തിയ നൂറ 99 ദിവസവും, ആദില 95 ദിവസവുമായിരുന്നു ഹൗസിലുണ്ടായിരുന്നത്.
ടോപ് ഫൈവിൽ എത്തുന്നതിന് മുൻപുള്ള മിഡ് വീക്ക് എവിക്ഷൻ വഴിയാണ് ഇരുവരും ഷോയിൽ നിന്നും പുറത്തായത്. ബിഗ് ബോസിന് ശേഷം തങ്ങളുടെ യൂട്യൂബ് ചാനലിലെ വ്ലോഗിങ്ങിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഇരുവരും. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ച വ്ലോഗിലൂടെ ബിഗ് ബോസ്സിൽ നിന്നും എവിക്ട് ആയതിന് ശേഷമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ആദിലയും നൂറയും.
ഹൗസിൽ നിന്നും പുറത്തിറങ്ങി നൂറയെ കണ്ടപ്പോൾ രണ്ട് വർഷം പങ്കാളിയെ കാണാതെ നിന്ന്, പിന്നീട് കാണുമ്പോഴുള്ള എക്സൈറ്റ്മെന്റായിരുന്നു തനിക്കെന്നാണ് ആദില പറയുന്നത്. താൻ ഒരുപാട് മെലിഞ്ഞുപോയെന്നും, ആദിലയെ കണ്ടപ്പോഴാണ് തനിക്ക് ഒരു സമാധാനമായതെന്നും, തന്നെ കാണുമ്പോൾ ഒരുപാട് മാറ്റം വന്നതുപോലെ ആളുകൾക്ക് തോന്നുമെന്നും നൂറ പറയുന്നു.
"ഹൗസിൽ നിന്ന് ഇറങ്ങിയ ക്ഷീണം മാറിയിട്ടില്ല. ബിഗ് ബോസ് എഫക്ട് ഇപ്പോഴുമുണ്ട്. അതൊക്കെ ഇനി മാറ്റിയെടുക്കണം. കുറേ റെസ്റ്റ് എടുക്കണം. ഫുഡ് നന്നായി കഴിക്കാൻ പറ്റുന്നില്ല. വിശന്നാൽ പോലും അതാണ് സ്ഥിതി. കുറച്ച് ഭക്ഷണം കഴിച്ച് ഇത്രയും നാൾ ജീവിച്ചതുകൊണ്ടാണ്. ബിഗ് ബോസ് ഹൗസിലെ ഓർമകൾ ഇടയ്ക്കിടെ വന്ന് പോകുന്നുണ്ട്." നൂറ പറയുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ കമന്റുമായി എത്തുന്നത്.