
ബിഗ് ബോസ് മലയാള സീസൺ 7 കോമണർ മത്സരാർത്ഥിയായി എത്തി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അനീഷിന് കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ റോയ് സി.ജെ പത്ത് ലക്ഷം രൂപ സമ്മാനമായി നൽകിയത് വലിയ ചർച്ചയായിരുന്നു. ദുബായിൽ അനീഷിന് ആഡംബര ഫ്ലാറ്റും, ഗോൾഡൻ വിസയും ലഭിച്ചുവെന്ന് നേരത്തെ വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ അതിൽ വ്യക്തത വരുത്തി അനീഷും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ കോൺഫിഡന്റ് ഗ്രൂപ്പിനും, റോയ് സി.ജെയ്ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അനീഷ്.
"നിറഞ്ഞ ഹൃദയത്തോടെ, നിറഞ്ഞ സന്തോഷത്തോടെ കോൺഫിഡന്റ് ഗ്രൂപ്പിനും, പ്രിയപ്പെട്ട റോയ് സാറിനും നന്ദി പറയുകയാണ്. എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല എന്നതാണ് സത്യം. എന്നെപ്പോലെ ഒരാളെ ചേർത്തു പിടിച്ചതിനു റോയ് സാറിനു ഒരിക്കൽ കൂടി നന്ദി." ഇരുവരുടെയും ഫോൺ സംഭാഷണം പങ്കുവച്ചുകൊണ്ടാണ് അനീഷ് നന്ദി അറിയിച്ചത്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ടോപ് ഫൈവിലെത്തുന്ന ആദ്യ കോമണർ മത്സരാർഥിയാണ് അനീഷ്. മത്സരത്തിലുടനീളം മികച്ച ഗെയിം കാഴ്ചവച്ച അനീഷിന് മികച്ച പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു. മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റിലൂടെ മത്സരത്തില്‍ വിജയിയായാണ് അനീഷ് ബിഗ് ബോസ്സിലേക്ക് എത്തുന്നത്. തൃശൂരിലെ കോടന്നൂർ സ്വദേശിയാണ് അനീഷ്. ബാങ്ക് മാനേജരായി പത്ത് വർഷത്തോളം പ്രവർത്തിച്ചതിന് ശേഷം, സര്‍ക്കാര്‍ ജോലി ലഭിക്കുകയും പിന്നീട് അഞ്ച് വര്‍ഷം ലീവെടുത്ത് പുസ്തകമെഴുതുകയും ബിഗ് ബോസിന് വേണ്ടി തയ്യാറാവുകയും ചെയ്തിട്ടാണ് അനീഷ് സീസൺ 7 ലേക്ക് എത്തുന്നത്.