
ബിഗ് ബോസ് മലയാളം സീസണ്‍ 7 റണ്ണറപ്പ് അനീഷ് ടി എയ്ക്ക് 10 ലക്ഷത്തിന്‍റെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സി ജെ. ബിഗ് ബോസ് മലയാളത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാളായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ആണ് ടൈറ്റില്‍ വിജയിയുടെ സമ്മാനത്തുക നല്‍കുന്നത്. റോയ് സി ജെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സീരിയല്‍, ടെലിവിഷന്‍ താരം അനുമോള്‍ ആണ് സീസണ്‍ 7 ന്‍റെ ടൈറ്റില്‍ വിന്നര്‍ ആയത്. ഈ സീസണിലെ കോമണര്‍ ആയി എത്തിയ അനീഷ് വലിയ ജനപിന്തുണയുള്ള മത്സരാര്‍ഥി ആയിരുന്നു. അനുമോള്‍ക്ക് ഫിനാലെ വോട്ടിംഗില്‍ വെല്ലുവിളി ഉയര്‍ത്തിയതും അനീഷ് തന്നെ.
കോമണര്‍ മത്സരാര്‍ഥികള്‍ ബിഗ് ബോസ് മലയാളത്തില്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അനീഷിനെപ്പോലെ ജനപ്രീതി നേടിയവര്‍ ഉണ്ടായിട്ടില്ല. ഫൈനല്‍ ഫൈവിലേക്ക് ഒരു കോമണര്‍ എത്തുന്നതും ഇത് ആദ്യമായാണ്. അനുമോള്‍ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഫസ്റ്റ് റണ്ണറപ്പായ അനീഷിന് ദുബൈയില്‍ ആഢംബര ഫ്ലാറ്റും ഗോൾഡൻ വിസയുമൊക്കെ ലഭിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ഒടുവില്‍ ഇത് വ്യാജ പ്രചരണമാണെന്ന് അറിയിച്ച് അനീഷ് തന്നെ രംഗത്തെത്തി.
"സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളുമായി പങ്കുവെക്കാനായാണ് വന്നത്. ദുബൈയില്‍ ആഢംബര ഫ്ലാറ്റും ഗോൾഡൻ വിസയൊക്കെ കിട്ടിയില്ലേന്ന് പറഞ്ഞ് ഒരുപാട് പേര് മെസേജ് അയച്ച് ചോദിക്കുന്നുണ്ട്. സത്യാവസ്ഥ എന്തെന്നാൽ, വസ്തുതാപരമായ കാര്യമല്ല ഈ പ്രചരിക്കുന്നത്. ആഢംബര ഫ്ലാറ്റോ ഗോൾഡൻ വിസയോ എനിക്ക് കിട്ടിയിട്ടില്ല. അതൊരു വ്യാജ വാർത്തയാണ്", എന്നായിരുന്നു അനീഷിന്റെ വാക്കുകൾ. പത്ത് വർഷത്തേക്ക് ഫ്രീ ഗോൾഡൻ വിസയും ഫ്ലാറ്റും അനീഷിന് നൽകുമെന്നും വേണമെങ്കിൽ ഈ വീട് വാടകയ്ക്ക് കൊടുത്ത് 60 മുതൽ 70 ലക്ഷം രൂപ വരെ സമ്പാദിക്കാമെന്ന തരത്തിലുമായിരുന്നു വീഡിയോ പുറത്തുവന്നത്.
അതേസമയം, ഫസ്റ്റ് റണ്ണറപ്പായ അനീഷിന്റെ വീട്ടിലേക്ക് ആവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും സൗജന്യമായി നൽകുമെന്ന് ഷോയുടെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒന്നായ മൈജി അറിയിച്ചിരുന്നു. അതോടൊപ്പം ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്സി ഫോൾഡ് 7 ഫോണും അനീഷിന് ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ വേദിയിൽ വച്ച് നൽകിയിരുന്നു.