ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...

By Nithya RobinsonFirst Published May 25, 2023, 5:10 PM IST
Highlights

വിഷ്‍ണു മനഃപൂർവ്വമാണ് ഷിജുവിനെ എവിക്ഷനിൽ ആക്കിയതെന്ന് അഖിൽ ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഒറ്റയ്‍ക്ക് നില്‍ക്കാൻ  വിഷ്‍ണുവും കച്ചകെട്ടി എന്നാണ് മനസിലാക്കുന്നത്.

ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അറുപത് ദിവസങ്ങൾ പിന്നിടുകയാണ്. അതായത് ഫൈനലിലേക്ക് അടുക്കുന്നു എന്ന് വ്യക്തം. മത്സരം മുറുകും തോറും മത്സരാർത്ഥികൾക്കിടയിലെ മത്സരവീര്യവും ആവേശവും വർദ്ധിച്ചിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് ഗ്രൂപ്പുകളാണ്. മാരാർ-ഷിജു-വിഷ്‍ണു, റെനീഷ-സെറീന, സാഗർ-ജുനൈസ്, മിഥുൻ-റിനോഷ് എന്നീ കോമ്പോകളാണ് അവ. ഇതിൽ പലതും നിലനിൽപ്പിന് വേണ്ടിയുള്ളവയാണെന്ന് പറയേണ്ടതില്ലല്ലോ. ഇവയിൽ ഏറ്റവും ശക്തമായ ഗ്രൂപ്പ് ഏതെന്ന് ചോദിച്ചാൽ ബിബി ഹൗസിനുള്ളിലും പുറത്തും പറയാൻ പോകുന്നത് മാരാർ-ഷിജു-വിഷ്‍ണു കോമ്പോ എന്നതായിരിക്കും. കാരണം അത്രത്തോളം സ്വാധീനം ഈ കോമ്പോ പ്രേക്ഷകരിൽ സൃഷ്‍ടിച്ചിട്ടുണ്ട്.

പലരും തകർക്കാൻ ശ്രമിക്കുന്ന, തങ്ങൾക്കും ഇങ്ങനെ ഒരു സൗഹൃദ വലയം ഇല്ലല്ലോ എന്ന് അസൂയയോടെ നോക്കിക്കാണുന്ന ഗ്രൂപ്പ്. ഇവരിൽ ശക്തരായ മത്സരാർത്ഥികൾ ആണ് അഖിൽ മാരാരും വിഷ്‍ണു ജോഷിയും. ഇരുവർക്കും ബിഗ് ബോസ് ഹൗസിലെ 'അണ്ണനും തമ്പി'യും എന്ന വിശേഷണമാണ് സഹമത്സരാർഥികളും പ്രേക്ഷകരും നൽകിയിരിക്കുന്നത്.

ഗ്രൂപ്പ് കളിച്ച് തന്നെ ടോപ് ഫൈവിൽ എത്താൻ ആഗ്രഹിക്കുന്നവരാണ് ഈ മൂവർ സംഘമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതാകുമ്പോൾ അഖിൽ കപ്പുയർത്തുകയാണെങ്കിൽ പോലും ഷിജുവിനും വിഷ്‍ണുവും പ്രശ്‍നം ഉണ്ടാകില്ലല്ലോ. മൂന്ന് പേരും ഹാപ്പി. എന്തായാലും അഖിലും വിഷ്‍ണുവും ടോപ് ഫൈവിൽ ഉണ്ടാകുമെന്ന് തീർച്ചയാണ്.

പൊതുവിൽ ഒഴുക്കൻ മട്ടിൽ പോകുന്ന ഓരോ ടാസ്‍കുകളെയും മൈന്റ് ഗെയിമിലൂടെ മുന്നോട്ട് കൊണ്ടുപോയി വേറൊരു തലത്തിൽ എത്തിക്കും. പ്രേക്ഷകരിൽ ആവേശം നിറയ്ക്കും. അത് ജയിക്കാനായാലും തോൽക്കാനായാലും. അതാണ് ഈ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ബുദ്ധി മാരാരുടേത് ആണെങ്കിൽ, ഏത് ഗെയിമിലും പ്ലാൻ ബി കൊണ്ടുവന്ന് വിഷ്‍ണു കളറാക്കും. എന്തിന് പറയുന്നു നോമിനേഷനിൽ പോലും ഇവർ തീരുമാനിക്കും ആരൊക്കെ വരണമെന്ന്. ഈ ഗ്യാങ് ഹൗസിലുള്ളതിനാൽ മറ്റുള്ള മത്സരാർഥികൾക്ക് പലപ്പോഴും ടാസ്ക്കിൽ നന്നായി മത്സരിക്കാൻ സാധിക്കാറില്ല. ഇതിനെതിരെ ജുനൈസും സാഗറും ശോഭയും മാത്രമാണ് ആകെ ശബ്‍ദം ഉയർത്തുന്നത്.

കാണാനൊക്കെ രസമുണ്ടെങ്കിലും എല്ലാ ടാസ്ക്കിലും ഈ 'അണ്ണൻ-തമ്പി' കളിയുള്ളതിനാൽ മത്സരം കാണാനുള്ള താൽപര്യം പ്രേക്ഷകരിൽ കുറയാൻ ഇടയാകാറുണ്ട്. അതുകൊണ്ടാണ് അഖിലും വിഷ്‍ണുവും നേർക്കുനേർ വരണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നതും. അത്തരമൊരു കാഴ്‍ച കാണാൻ ആഗ്രഹിച്ചിരിക്കുന്നവർക്ക് മുന്നിൽ എന്തായാലും ഒരു വാതിൽ കഴിഞ്ഞ ദിവസം മുതൽ തുറന്ന് കിടപ്പുണ്ട്.  

ഉറ്റ സുഹൃത്തുക്കൾ ആണെങ്കിലും പലപ്പോഴും അഖിലിന്റെ പരാമർശങ്ങളോട് വിഷ്‍ണു വിയോജിപ്പ് പ്രകടിപ്പിക്കാറുണ്ട്. പല സമയങ്ങളിലും വിഷ്‍ണുവിനെ താഴ്ത്തികെട്ടി അഖിൽ സംസാരിക്കാറുണ്ട്. എന്നാൽ ആദ്യത്തെ അൻപത് ദിവസങ്ങൾ വരെ വിഷ്‍ണു അവയെ ട്രോളുകളായോ തമാശകളായോ മാത്രമെ കണ്ടിരുന്നുള്ളു. എന്നാൽ ഇപ്പോളത് അങ്ങനെ അല്ല. വിയോജിപ്പ് അഖിലിന്റെ മുഖത്ത് നോക്കി പ്രകടിപ്പിക്കാൻ തുടങ്ങി. വാർത്താ സമ്മേളനത്തിലും വിഷ്‍ണു അത് തുറന്ന് പറഞ്ഞിരുന്നു. അതൊരുപക്ഷേ "ഒറ്റക്ക് നിന്ന് കളിക്ക്. അഖിൽ മാരാർക്ക് പുറത്ത് നെഗറ്റീവ് ആണ്", എന്ന് ഒമർ ലുലു പറഞ്ഞത് കാരണമാകാം. ഒമറിന്റെ ഈ വാക്കുകൾ ആദ്യം വിഷ്‍ണു കാറ്റിൽ പറത്തി എന്ന് തോന്നിയെങ്കിലും, കഴിഞ്ഞ ദിവസത്തെ പ്രകടനം ഈ വാക്കുകൾ കാര്യമാക്കി എടുത്തുവെന്ന് തോന്നിപ്പിക്കുന്നുണ്ട്.

‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന വീക്കിലി ടാസ്‍കിലെ റാങ്കിംഗ് ആണ് ഉറ്റസുഹൃത്തുക്കൾക്കിടയിൽ വിള്ളൽ വീഴാൻ ഇടയാക്കിയത്. അതായത് മിഥുൻ, റിനോഷ് എന്നിവരെ സേവ് ആക്കി, ഷിജുവിനെ എവിക്ട് ആക്കാനുള്ള വിഷ്ണുവിന്റെ ഒളിയമ്പാണ് ഇന്നലെ ബിബി ഹൗസിൽ നടന്നത്. രണ്ട് മുതൽ നാല് സ്ഥാനങ്ങൾ വരെ തനിക്കും വിഷ്ണുവിനും ഷിജുവിനെ ലഭിക്കണം എന്നതായിരുന്നു മാരാരുടെ തീരുമാനം. ഇക്കാര്യം അറിയാമായിരുന്നിട്ട് കൂടി മിഥുനെ രണ്ടാം സ്ഥാനത്ത് കൊണ്ടുവരാൻ മുൻകൈ എടുത്തത് വിഷ്‍ണുവാണ്. ഈ അവസരത്തിൽ രണ്ടിലോ മൂന്നിലോ വരേണ്ട ഷിജു പത്തിലേക്ക് പിന്തളളപ്പെട്ടു. അതായത്, ഷിജുവിനെ ബിബിയിൽ പുറത്താക്കണം എന്ന വിഷ്‍ണു പദ്ധതിയിട്ടുവെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. പക്ഷേ അത് ഷിജുവിന് മനസിലായില്ലെന്നും അഖില്‍ പറയുന്നു.

ഇന്നലെ അറിഞ്ഞോ അറിയാതെയോ അഖില്‍ മാരാർക്കിട്ടും വിഷ്‍ണു പണിയും കൊടുത്തു. എന്നാൽ ആ പ്ലാൻ ഒന്നും തനിക്ക് എതിരാകില്ലെന്ന് മാരാർക്ക് അറിയാം. പക്ഷേ അത് ഷിജുവിനെ ബാധിക്കും. അതായത്, ഷിജു നിലവിൽ ഡയറക്ട് നോമിനേഷനിൽ വന്നിട്ടുണ്ട്. മിഥുൻ ക്യാപ്റ്റൻസിയിൽ വിജയിച്ചാൽ, അയാളും റിനോഷും പോയിട്ട് ബാക്കിയുള്ള ആരെ വേണമെങ്കിലും മത്സരാർത്ഥികൾക്ക് നോമിനേറ്റ് ചെയ്യാം. തക്കം കാത്തിരിക്കുന്ന ജുനൈസും സംഘവും വിഷ്‍ണുവിനെയും അഖിലിനെയും നോമിനേറ്റ് ചെയ്യും. പ്രത്യേകിച്ച് പത്താം ആഴ്‍ചയിലെ ബിബി ഹൗസിലെ ഏറ്റവും പ്രധാനപ്പെട്ട നോമിനേഷൻ. അങ്ങനെ വന്നാൽ ഉറപ്പായും ഷിജു പുറത്ത് പോകും. ഈ രീതിയിൽ അല്ലെങ്കിലും ഷിജു ഒരുപക്ഷേ പുറത്ത് പോയേക്കാം. അങ്ങനെ സംഭവിച്ചാൽ അഖിലും വിഷ്‍ണുവും നൂറ് ശതമാനവും തെറ്റും.

വിഷ്ണു ഒരിക്കലും ചതിക്കില്ല എന്ന് മാരാറിന് വിശ്വാസമുണ്ടായിരുന്നു. അക്കാര്യത്തിൽ കഴിഞ്ഞ ദിവസത്തോടെ തീരുമാനം ആയതാണ്. ഷിജു എവിക്ട് ആകുകയാണെങ്കിൽ 'അണ്ണനും തമ്പി'യും വേർപിരിയും. മനഃപൂർവ്വം അല്ല വിഷ്‍ണു ഇങ്ങനെ ചെയ്‍തതല്ലെങ്കിൽ കൂടി, അഖിൽ അത് ഉറപ്പിക്കും. അഖിൽ എന്തായാലും ഒറ്റയ്ക്ക് കളിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. ഇന്നലെ ഷിജുവിനോട് അക്കാര്യം മുഖത്ത് നോക്കി പറയുകയും ചെയ്‍തതാണ്. സൈലന്റായി നിന്ന് പതിയെ മറുകണ്ടം ചാടാനുള്ള വിഷ്‍ണുവിന്റെ ബുദ്ധി അല്ലേ ഇന്നലെ നടന്നത് എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.

അണ്ണനും തമ്പിയും വേർപിരിഞ്ഞാൽ..

ബിഗ് ബോസ് സീസൺ അഞ്ചിലെ ഗെയിം മൊത്തത്തിൽ മാറും. അതായത് ബിബി അഞ്ചിലെ ശക്തരായ മത്സരാർത്ഥികൾ വേർപിരിഞ്ഞ് നേർക്കുനേർ വരുന്ന മുഹൂർത്തങ്ങളാണ് അത്. ഓരോ ബിബി പ്രേക്ഷകനും കാണാൻ കാത്തിരുന്ന പോരാട്ടം. ഫൈനലിലേക്ക് അടുക്കുന്ന ഷോയിലെ ഗംഭീര ട്വിസ്റ്റ്. ബിബി 5 അടിമുടി മാറും.

ഇനി അങ്ങോട്ട് ബിഗ് ബോസിൽ നടക്കാൻ പോകുന്നത് ടഫ് ഗെയിമാണ്. ഇതിനിടയിൽ ശക്തരായ, മൈന്റ് ഗെയിമർമാർ പോരടിച്ചാൽ ആര് വിജയിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. മികച്ച മത്സരാർത്ഥികൾ എന്നതിനേക്കാൾ ഉപരി ഇരുവരും പരസ്‍പരം നല്ല സുഹൃത്തുക്കൾ ആണ് എന്നതും ശ്രദ്ധേയമാണ്.

ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ഇമോഷണൽ സ്റ്റെബിലിറ്റി ഉളള ആൾക്കാരാണ് അഖിൽ മാരാരും വിഷ്‍ണുവും. പെട്ടെന്ന് പ്രവോക്കിഡ് ആകുന്ന ആളല്ല വിഷ്‍ണു. അഖിലിന് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിലും പിടിച്ചുനിൽക്കാൻ അറിയാം. അങ്ങനെ നോക്കിയാൽ റിനോഷ് ഇല്ലേ എന്ന ചോദ്യം വരും. റിനോഷ് നൈസായി സേഫ് ഗെയിം കളിച്ച്, പ്രശ്‍നങ്ങളിൽ ഇടപെടാതെ പോകുന്നത് കൊണ്ട് ഉള്ളിലിരിപ്പ് അറിയില്ലെന്ന് മാത്രം. അത്ര ഇമോഷണൽ സ്റ്റേബിളായ ആളല്ല റിനോഷ് എന്ന് മുൻപ് തെളിഞ്ഞതാണ്. മനീഷയുടെ വിഷയം ഉൾപ്പടെ ഇതിന് തെളിവാണ്.

നിലവിൽ ബിഗ് ബോസിലെ ഗ്രൂപ്പുകളെല്ലാം തന്നെ പൊട്ടിത്തകർന്ന് കഴിഞ്ഞു. റെനീഷ-സെറീന, ജുനൈസ്- സാഗർ ആയാലും പരസ്പരം പോരടിക്കുന്നുണ്ട്. ഇവരുടെ സൗഹൃദം സ്ട്രാറ്റജി ആയിരുന്നു എന്ന് വ്യക്തം. ആകെ ഒരൽപമെങ്കിലും മിതത്വം ഉള്ളത് അല്ലെങ്കിൽ പരസ്പര സഹകരണം ഉള്ളത് അഖിൽ മാരാർ ഗ്രൂപ്പിൽ മാത്രമാണ്. അത് ബ്രേക്കായാൽ പ്രേക്ഷകരിൽ 'ഇനി എന്ത്' എന്ന ആകാംഷയും ആവേശവും ഉളവാക്കും എന്ന് തീർച്ച.

ബിഗ് ബോസ് ഹൗസിലെ ഗെയിം ചെയ്ഞ്ചറും എന്റർടെയ്‍നറും ആണ് വിഷ്‍ണു. അഖിൽ മാരാരെ കുറിച്ചും പറയേണ്ടതില്ലല്ലോ. പക്ഷേ വിഷ്‍ണുവിന് തന്റെ കഴിവ് മുഴുവൻ പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ടോ എന്നത് സംശയം ആണ്. ചില അവസരങ്ങളിൽ ഒഴിച്ച് സോഷ്യൽ മീഡിയയിൽ വേണ്ടത്ര സ്വാധീനം വിഷ്‍ണുവിന് ചൊലുത്താനുമായിട്ടില്ല. അഖിലിന്റെ ചുവടുപറ്റി മുന്നോട്ട് പോകുന്നത് തന്നെയാണ് അതിന് കാരണം.

ഇക്കാര്യത്തെ കുറിച്ച് പുറത്തും അകത്തും പരക്കെ സംസാരമുണ്ട്. പല സമയങ്ങളിലും അത് പ്രകടമാകാറുമുണ്ട്. ഒറ്റയ്‍ക്ക് നില്‍ക്കാത്തതു കൊണ്ട് വലിയ തോതിലുള്ള ഫാൻ ഗ്രൂപ്പുകളും വിഷ്‍ണുവിന് ഇല്ല. ഈ ഒരു 'നിഴൽ രീതി' വിഷ്‍ണുവിലെ ഗെയിമറെ പിന്നോട്ട് വലിച്ചിരിക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ വിഷ്‍ണുവിന്റെ ഗംഭീര വരവായിരിക്കും 'അണ്ണൻ- തമ്പി' വേർപിരിയൽ.

ആദ്യ ചിന്തയില്‍ നെഗറ്റീവ് എന്ന് തോന്നുന്ന തരത്തിൽ, ഗെയിമിനെതിരെ എന്ന് തോന്നുന്ന തരത്തിൽ ട്വിസ്റ്റ് കൊണ്ടുവരുന്ന ആളാണ് വിഷ്‍ണു. നിയമപരമായി അത് ശരിയായിരിക്കും. ആദ്യം കലഹിച്ചവർ പോലും പിന്നീട് വിഷ്‍ണു ചെയ്‍തത് ശരിയാണെന്ന് പറഞ്ഞ ചരിത്രം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അവസാന നിമിഷം ഒരു ട്വിസ്റ്റ് വിഷ്‍ണുവിൽ നിന്നും പ്രതീക്ഷിക്കാം. അതിന്റെ തുടക്കമാകാം ഇന്നലെ ഹൗസിൽ അരങ്ങേറിയത്.

ഒരു പ്ലാൻ ബിയുമായി വിഷ്‍ണു മുന്നോട്ട് പോകുകയാണെങ്കിൽ അഖിൽ മാരാർ എന്ന ഗെയിമറെ അത് സ്വാധീനിക്കും. അതായത് സ്വന്തം കാര്യം കഴിഞ്ഞാൽ അഖിൽ കൂടുതൽ പ്രാധാന്യം നൽകുന്നത് സുഹൃത്തുക്കൾ ആയ ഷിജുവിനും വിഷ്‍ണുവിനും ആണ്. ആ ഗ്രൂപ്പ് തകർന്നു കഴിഞ്ഞാൽ മാരാർ പിന്നെ ഒന്നും നോക്കില്ല. മത്സരാര‍ത്ഥി എന്ന നിലയിൽ വൻ കുതിപ്പാകും. വിഷ്‍ണുവിന്റെ അഭാവത്തിൽ ചിലപ്പോൾ പതറി വീണാലും ചുവടുവച്ച് കയറും എന്ന് ഉറപ്പ്.

അഖിൽ മാരാരിന്റെയും സംഘത്തിന്റെയും ശക്തമായ എതിരാളികൾ ഇപ്പോൾ റിനോഷ്- മിഥുൻ കൂട്ടുകെട്ടാണ്. അതായത് ബിബി അഞ്ചിലെ ദാസനും വിജയനും. അഖിലിന്റെ ഗ്രൂപ്പ് പൊട്ടിയാൽ, ഏറ്റവും കൂടുതൽ ലാഭം റിനോഷിനും മിഥുനും ആണ്. സ്ക്രീൻ സ്പെയ്‍സും ചർച്ചാവിഷയവും ഇവരാകും. ഇതിലൂടെ കൂടുതൽ വോട്ട് നേടാം. എന്നാൽ വിഷ്ണുവിനെയും മാരാരെയും എതിർത്ത് തോൽപ്പിക്കാൻ അല്പം പ്രയാസമാണ് എന്നത് ഇവർക്ക് തന്നെ ബോധ്യമുണ്ട്.

എന്തായാലും വിഷ്‍ണു മനഃപൂർവ്വമാണ് ഷിജുവിനെ എവിക്ഷനിൽ ആക്കിയതെന്ന് അഖിൽ ഉറച്ച് വിശ്വസിക്കുന്നുണ്ട്. സുഹൃത്തിനോടുള്ള വിശ്വാസവും നഷ്‍ടപ്പെട്ടു. ഒറ്റയ്‍ക്ക് നില്‍ക്കാൻ എന്തായാലും വിഷ്‍ണുവും കച്ചകെട്ടി എന്നാണ് മനസിലാക്കുന്നത്. ഇനി 'അണ്ണൻ- തമ്പി' ബന്ധത്തിലും ഷിജു- മാരാർ- വിഷ്‍ണു കൂട്ടുകെട്ടിലും എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..

ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

click me!