
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ മേഖലകളിൽ നിന്നുമുള്ള ഒരുകൂട്ടം മത്സരാർത്ഥികൾ ഒരുവീട്ടിൽ താമസിക്കുകയും അവിടെ അതിജീവിക്കുകയും ഒപ്പം പ്രേക്ഷക പിന്തുണയും ലഭിച്ച് മുന്നേറുന്ന ഒരാൾ വിജയിയായി മാറുകയും ചെയ്യുന്നു. നിലവിൽ വിവിധ ഭാഷകളിലുള്ള ബിഗ് ബോസ് ഷോയിലൂടെ ഒട്ടനവധി വിജയികളെയും ലഭിച്ചു കഴിഞ്ഞു. മലയാളത്തിൽ സീസൺ 7 ആണ് ഒരു മാസം മുൻപ് അവസാനിച്ചത്. സീസൺ 8 വരാനുമിരിക്കുന്നു. ഇതെന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തയില്ല. ഈ അവസരത്തിൽ മുൻ ബിഗ് ബോസ് വിജയി അഖിൽ മാരാർ മുൻപ് ഷോയെ പറ്റി പറഞ്ഞൊരു കാര്യം ശ്രദ്ധ നേടുകയാണ്.
തനിക്ക് അറിയാവുന്ന സിനിമാക്കാർ സേഫ് സോണിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണെന്നും എന്നാൽ മാധവ് സുരേഷ് അങ്ങനെ അല്ലെന്നും അഖിൽ മാരാർ പറയുന്നു. നല്ലൊരു ബിഗ് ബോസ് മെറ്റീരിയലായിരിക്കും മാധവ് എന്നും വരുന്നത് വരുന്നിടത്ത് വച്ച് കാണാമെന്ന ആറ്റിറ്റ്യൂഡാണ് നടനുള്ളതെന്നും അഖിൽ പറയുന്നുണ്ട്.
"സിനിമയിൽ എനിക്ക് അറിയാവുന്ന എല്ലാവരും സേഫ് സോണിൽ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. തങ്ങളുടെ ഇമേജ് പുറത്താകുമെന്ന് ഭയമുള്ളവരാണ്. ബിഗ് ബോസിൽ മാധവ് സുരേഷിനെ വിടാം. മാധവ് ബിഗ് ബോസിന് പറ്റിയൊരു മെറ്റീരിയലാണെന്ന് എനിക്ക് തോന്നുന്നുണ്ട്. അവന് ഇതൊന്നും വിഷമുള്ള കാര്യമല്ല. വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്നുള്ള അറ്റിറ്റ്യൂഡാണ്", എന്നാണ് അഖിൽ മാരാർ പറഞ്ഞത്. ജിഞ്ചർ മീഡിയയോട് ആയിരുന്നു അഖിലിന്റെ പ്രതികരണം.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 7ലെ വിന്നറായത് ആർട്ടിസ്റ്റായ അനുമോൾ ആണ്. പലതരം പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറിയ അനുമോൾ, പിആറിന്റെ ബലത്തിലാണ് വിജയിച്ചതെന്ന തരത്തിലുള്ള ആരോപണങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. എന്നാൽ അതല്ലെന്ന് പറഞ്ഞ് ഒട്ടനവധി പേർ മറുപടി കമന്റും നൽകുന്നുണ്ട്. ഇതെല്ലാം ഒരുവശത്ത് നടക്കുമ്പോൾ, തന്റെ ജോലി തിരിക്കുകളെല്ലാമായി മുന്നോട്ട് പോകുകയാണ് അനുമോൾ.