
ഹിന്ദി ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഒടിടിയുടെ പുതിയ സീസണില്‍ അവതാരക സ്ഥാനത്ത് മറ്റൊരാള്‍ വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആദ്യ സീസണില്‍ സംവിധായകന്‍ കരണ്‍ ജോഹറും രണ്ടാം സീസണില്‍ സല്‍മാന്‍ ഖാനും അവതാരകരായ ബിഗ് ബോസ് ഒടിടിയുടെ മൂന്നാം സീസണാണ് ഈ മാസം ആരംഭിക്കാനിരിക്കുന്നത്. ഹിന്ദി ബിഗ് ബോസിന്‍റെ സ്ഥിരം അവതാരകന്‍ കൂടിയായ സല്‍മാന്‍ ഖാന്‍ ഇക്കുറി ബിഗ് ബോസ് ഒടിടി പതിപ്പില്‍ നിന്നും വിട്ടുനിന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ അതില്‍ ഔദ്യോഗിക പ്രഖ്യാപനവും എത്തിയിരിക്കുകയാണ്.
സല്‍മാന്‍ ഖാന് പകരം നടന്‍ അനില്‍ കപൂര്‍ ആണ് ഷോയുടെ അവതാരകനായി എത്തുക. ഷോയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ജിയോ സിനിമ അനില്‍ കപൂറിന്‍റെ ഷോയിലേക്കുള്ള വരവ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖം വ്യക്തമാക്കാതെ, എന്നാല്‍ ആരെന്ന് എല്ലാവര്‍ക്കും മനസിലാവുന്ന തരത്തിലുള്ള അനില്‍ കപൂറിന്‍റെ ചിത്രങ്ങളാണ് ജിയോ സിനിമ തങ്ങളുടെ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. "നിഴല്‍ച്ചിത്രത്തില്‍ ഇതിലും സുന്ദരനായ ഒരു അവതാരകനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ", എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചിത്രങ്ങള്‍ക്ക് ജിയോ സിനിമ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
പുതിയ സിനിമയുടെ തയ്യാറെടുപ്പിനായുള്ള തിരക്കുകളില്‍ ആയതിനാലാണ് സല്‍മാന്‍ ഖാന്‍ അവതാരക സ്ഥാനത്തുനിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിലാണ് സല്‍മാന്‍ ഇനി അഭിനയിക്കുക. ഈ സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 2021 ല്‍ നടന്ന ബിഗ് ബോസ് ഒടിടിയുടെ ആദ്യ സീസണില്‍ 42 എപ്പിസോഡുകളും കഴിഞ്ഞ വര്‍ഷം നടന്ന രണ്ടാം സീസണില്‍ 59 എപ്പിസോഡുകളുമാണ് ഉണ്ടായിരുന്നത്. ജനപ്രിയ അവതാരകനായ സല്‍മാന്‍ ഖാന് പകരം അനില്‍ കപൂര്‍ എത്തുമ്പോള്‍ ഷോ എത്തരത്തില്‍ മാറുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ