"ആ ഇന്‍റര്‍വ്യൂ മൊത്തമായി കണ്ടവര്‍ക്ക് മനസിലായിട്ടുണ്ടാവും..."

ഒരു അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെക്കുറിച്ചും അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയെക്കുറിച്ചും നടത്തിയ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് ചോദിച്ച് ഷെയ്ന്‍ നിഗം. സുഹൃത്തുക്കള്‍ക്കൊപ്പം തമാശ പറഞ്ഞുള്ള അഭിമുഖമായിരുന്നു അതെന്നും അതിനിടെ വന്നുപോയതാണ് പ്രസ്തുത പരാമര്‍ശമെന്നും ഷെയ്ന്‍ പറഞ്ഞു. പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്സിന്‍റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷെയ്ന്‍ ഈ വിഷയത്തില്‍ മാപ്പ് പറഞ്ഞത്.

"ആ ഇന്‍റര്‍വ്യൂ മൊത്തമായി കണ്ടവര്‍ക്ക് മനസിലായിട്ടുണ്ടാവും, സുഹൃത്തുക്കള്‍ തമാശയൊക്കെ പറഞ്ഞിരിക്കെ അറിയാതെ പറഞ്ഞുപോയി കുറച്ച് കാര്യങ്ങള്‍. അതിനെ വേറൊരു രീതിയില്‍ കാണാന്‍ പാടില്ലായിരുന്നു എന്നൊരു ചിന്ത ഉണ്ടായി. അങ്ങനെ പറഞ്ഞപ്പോള്‍ ഉണ്ണി ചേട്ടനും ഉണ്ണി ചേട്ടന്‍റെ ഫാന്‍സിനും വേദനിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ പരസ്യമായി മാപ്പ് ചോദിക്കുകയാണ്. ഉണ്ണി ചേട്ടന് ഞാന്‍ പേഴ്സണലി മെസേജ് അയച്ചിരുന്നു. ഒരാളെ വ്യക്തിപരമായി വേദനിപ്പിക്കാന്‍ കരുതിക്കൂട്ടി ചെയ്ത ഒരു കാര്യമല്ല", ഷെയ്ന്‍ നിഗം പറഞ്ഞു.

ലിറ്റില്‍ ഹാര്‍ട്ട്സ് സിനിമയുടെ പ്രചരണാര്‍ഥം നല്‍കിയ അഭിമുഖങ്ങളിലൊന്നില്‍ ഷെയ്ന്‍ നടത്തിയ പരാമര്‍ശമാണ് നേരത്തെ വിവാദമായത്. ഷെയ്നിനൊപ്പം മഹിമ നമ്പ്യാരും ബാബുരാജും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. മഹിമ നമ്പ്യാര്‍- ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍- ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നും അവതാരക പറഞ്ഞു. തനിക്കും അതാണ് ഇഷ്ടമെന്ന് പറഞ്ഞ ഷെയ്ന്‍ പിന്നാലെ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും വിവാദവുമായത്. 

ALSO READ : സിനിമയ്ക്ക് മുന്‍പേ അനിമേഷന്‍; പുതുമയുമായി പ്രഭാസിന്‍റെ 'കല്‍ക്കി 2898 എഡി', ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

'തമാശ പറഞ്ഞതാണ്, വേദനിപ്പിച്ചെങ്കിൽ മാപ്പ്'; ഉണ്ണി മുകുന്ദനോടും ഫാൻസിനോടും മാപ്പ് പറഞ്ഞ് ഷെയ്ൻ നി​ഗം