
പുതുതലമുറ സീരിയല്‍ നടന്മാരിലെ ജനപ്രിയ താരമാണ് അനൂപ് കൃഷ്ണന്‍. പാലക്കാട് പട്ടാമ്പി സ്വദേശിയായ അനൂപിനെ മലയാളികള്‍ കൂടുതലായി അറിയുന്നത് 'സീതാ കല്ല്യാണം' പരമ്പരയിലെ കല്ല്യാണ്‍ എന്ന കഥാപാത്രമായാണ്. തന്മയത്വത്തോടെയുള്ള അഭിനയമാണ് അനൂപിനെ വേറിട്ടു നിര്‍ത്തുന്നത്. സീതാകല്ല്യാണത്തിലെ പ്രാധാന്യമുള്ള നായകവേഷം മനോഹരമാക്കിയ അനൂപ് ഇനി ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലെ മത്സരാര്‍ഥിയായും എത്തുകയാണ്.
അഭിനയമോഹം കൊണ്ട് അധ്യാപകവൃത്തി ഉപേക്ഷിച്ച ആളാണ് അനൂപ്. പല താരങ്ങളും മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്താറാണ് പതിവെങ്കില്‍ അനൂപ് ആദ്യം സിനിമയിലാണ് അഭിനയിച്ചത്. മമ്മൂട്ടി നായകനായ ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, പ്രെയ്‍സ് ദ ലോര്‍ഡ് എന്നീ ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീടാണ് 2018ല്‍ 'സീതാകല്യാണ'ത്തിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ 'ഇഷ്ടി' എന്ന സംസ്‌കൃത സിനിമയുടെ ഭാഗമാകാനും അനൂപിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ നിരവധി ശ്രദ്ധേയ ഷോര്‍ട്ട് ഫിലിമുകളുടെ ഭാഗവുമായിട്ടുണ്ട് അനൂപ്. ടിനു പാപ്പച്ചന്‍റെ സംവിധാനത്തിലെത്തുന്ന 'അജഗജാന്തര'മാണ് അനൂപിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.
പട്ടാമ്പി മുതുതല സ്വദേശിയായ അനൂപിന് ഒരു സഹോദരിയുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനൂപ് പലപ്പോഴും അതിലൂടെ ആരാധകരോട് സംവദിക്കാറുമുണ്ട്. അനൂപിന്‍റെ ഫോട്ടോഷൂട്ടുകളും ഇന്‍സ്റ്റഗ്രാം റീലുകളുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ