
ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ബിഗ് ബോസ് മലയാളം സീസൺ 7നുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. വിജയികളായവരുടെ വീടുകളും അവരുടെ ഓരോ വാക്കുകളും അഭിമുഖങ്ങളുമൊക്കെ ഏറെ ശ്രദ്ധനേടുന്നുണ്ട്. അക്കൂട്ടത്തിലായിരുന്നു ഫസ്റ്റ് റണ്ണറപ്പായ അനീഷിന് ദുബായിൽ ആഢംബര ഫ്ലാറ്റും ഗോൾഡൻ വിസയും ലഭിച്ചെന്ന തരത്തിൽ വാർത്തകൾ വന്നത്. ദുബായിൽ പ്രോപ്പർട്ടി കൺസൽട്ടന്റായ മുഹമ്മദ് അസ്റുദ്ദീൻ ആയിരുന്നു ഇക്കാര്യം പറഞ്ഞ് വീഡിയോ പങ്കിട്ടതെന്നായിരുന്നു വാര്‍ത്ത. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തിലെ സത്യാവസ്ഥ വെളുപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനീഷ്. വ്യാജ വാർത്തയാണിതെന്നും ആഢംബര ഫ്ലാറ്റോ ഗോൾഡൻ വിസയോ തനിക്ക് ലഭിച്ചിട്ടില്ലെന്നും അനീഷ് വ്യക്തമാക്കുന്നുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അനീഷ് വ്യക്തത വരുത്തിയിരിക്കുന്നത്.
"സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളുമായി പങ്കുവയ്ക്കാനാണ് വന്നത്. ദുബായിൽ ആഢംബര ഫ്ലാറ്റും ഗോൾഡൻ വിസയൊക്കെ കിട്ടിയില്ലേന്ന് പറഞ്ഞത് ഒരുപാട് പേര് മെസേജ് അയച്ച് ചോദിക്കുന്നുണ്ട്. സത്യാവസ്ഥ എന്തെന്നാൽ, വസ്തുതാപരമായ കാര്യമല്ല ഈ പ്രചരിക്കുന്നത്. ആഢംബര ഫ്ലാറ്റോ ഗോൾഡൻ വിസയോ എനിക്ക് കിട്ടിയിട്ടില്ല. അതൊരു വ്യാജ വാർത്തയാണ്", എന്നായിരുന്നു അനീഷിന്റെ വാക്കുകൾ.
പത്ത് വർഷത്തേക്ക് ഫ്രീ ഗോൾഡൻ വിസയും ഫ്ലാറ്റും അനീഷിന് നൽകുമെന്നും വേണമെങ്കിൽ ഈ വീട് വാടകയ്ക്ക് കൊടുത്ത് 60 മുതൽ 70 ലക്ഷം രൂപ വരെ സമ്പാദിക്കാമെന്ന തരത്തിലുമായിരുന്നു വീഡിയോ പുറത്തുവന്നത്. അതേസമയം, ഫസ്റ്റ് റണ്ണറപ്പായ അനീഷിന്റെ വീട്ടിലേക്ക് ആവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും ഫ്രീയായി നൽകുമെന്ന് മൈജി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്സി ഫോൾഡ് 7 മൊബൈലും അനീഷിന് ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ വേദിയിൽ വച്ച് നൽകിയിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ