
ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് അർജുൻ ശ്യാം ഗോപൻ. സീസൺ ആറിൽ ഫസ്റ്റ് റണ്ണറപ്പായിരുന്ന അർജുൻ ഷോയിലേക്ക് വരും മുൻപേ തന്നെ മോഡലിങ്ങിലൂടെ സോഷ്യൽമീഡിയയിൽ താരമായിരുന്നു. അർജുന്റെ ബോഡി ട്രാൻസ്ഫർമേഷനും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോൾ ജിത്തു ജോസഫിന്റെ പുതിയ സിനിമയായ മിറാഷിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അർജുൻ. സിനിമാമോഹവുമായാണ് അർജുൻ ബിഗ് ബോസിലെത്തിയത്. ബിഗ്ബോസിലൂടെത്തന്നെയാണ് ജിത്തു ജോസഫ് സിനിമയിലേക്ക് അർജുനെ ക്ഷണിച്ചതും. ഷോയ്ക്കുള്ളിൽ വെച്ചു നടത്തിയ ഒരു ടാസ്കിലൂടെയാണ് അർജുന് സിനിമയിലേക്കുള്ള വിളിയെത്തുന്നത്.
ബിഗ്ബോസ് തന്റെ ജീവിതത്തിലെ വഴിത്തിരിവാണെന്ന് അർജുൻ പറയുന്നു. ''വർഷങ്ങളായുള്ള ആഗ്രഹം ആയിരുന്നു ബിഗ്ബോസിൽ കയറണം എന്നുള്ളത്. അതിനുള്ള തയ്യാറെടുപ്പുകൾ നേരത്തേ തുടങ്ങിയിരുന്നു. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഏറ്റവും ആഗ്രഹത്തോടെ വാങ്ങിയത് എന്റെ കാറാണ്. 2022 ൽ പോയി നോക്കിയ കാറാണ് അത്'', പോർട്രേയൽസ് ബൈ ഗദ്ദാഫി എന്ന ചാനലിനു നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞു.
തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ചും അർജുൻ സംസാരിച്ചു. ''ഹെൽത്തിയായി ഭക്ഷണം കഴിക്കുക. എനിക്ക് അങ്ങനെ വലിയ ഡയറ്റ് സീക്രട്ടുകളൊന്നുമില്ല. ഫൈബറും പ്രോട്ടീനും കാർബ്സും എല്ലാം ചേർന്ന ഭക്ഷണമാണ് കഴിക്കാറ്. രാവിലെ എഴുന്നേറ്റാൽ കുറച്ച് ഡ്രൈ ഫ്രൂട്ട്സ് കഴിക്കും. ഷുഗർ 2020 ൽ ഒഴിവാക്കിയതാണ്. ഒന്നും അധികമായിട്ട് കഴിക്കാറില്ല, വയറ് നിറക്കാറില്ല. എപ്പോഴും ഒരു 80 ശതമാനം മാത്രമേ നിറക്കൂ. ബിഗ്ബോസിൽ പോയപ്പോൾ ഇൻസുലിൻ താഴാൻ തുടങ്ങിയപ്പോൾ കുറച്ച് ഷുഗർ കഴിച്ചിരുന്നു. അല്ലാതെ കഴിക്കാറില്ല. സിഗരറ്റ് വലിക്കുന്നതിനേക്കാൾ ദോഷകരമാണ് ഷുഗർ കഴിക്കുന്നത്'', അർജുൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക