'ആ മുഖംമൂടി വലിച്ച് കീറാൻ സാധിച്ചില്ല', ബിഗ് ബോസ് താരം ശാലിനിയുമായി അഭിമുഖം

By Bibin BabuFirst Published Apr 20, 2022, 10:20 PM IST
Highlights

അവിടെ ലക്ഷ്മിപ്രിയയെയും ധന്യയെയുമൊക്കെ മനസിലാക്കാതെ പോയത് താനാണ്. അവര് എന്താണ് അണിയറയില്‍ ചെയ്തു കൊണ്ടിരുന്നതെന്ന് മനസിലാക്കാനായില്ല. ശാലിനിയെ ഇനി വളര്‍ത്തരുത് എന്ന് പറഞ്ഞ അതേ ലക്ഷ്മിചേച്ചിയും ധന്യയും തന്നെയാണ് അവസാനം അവള്‍ തങ്ങളെ മനസിലാക്കാതെയാണ് പോയത് എന്ന് പറഞ്ഞത്.

               രുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ബിഗ് ബോസിന്‍റെ പടി കടന്ന ഒരാള്‍.. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളില്‍ നിന്ന് ഉയര്‍ന്ന് വന്ന അവള്‍ക്ക് പലതും അവിടെ തെളിയിക്കാന്‍ ഉണ്ടായിരുന്നു. പക്ഷേ, പറയാനുള്ളത് പലതും ബാക്കി വച്ച് ശാലിനി നായര്‍ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ പടിയിറങ്ങി. മുന്നോട്ടുള്ള ജീവിതത്തില്‍ അവിടെ നേരിട്ട പല കാര്യങ്ങളും അനുഭവങ്ങളും പാഠമാക്കുകയാണ് ശാലിനി... ബിഗ് ബോസ് വീടിനുള്ളില്‍ പറയാന്‍ സാധിക്കാതെ പോയ പലതും തുറന്ന് പറയുകയുമാണ്...

സമയം വൈകിപ്പോയി...

രണ്ടാമത്തെ ആഴ്ച മുതലാണ് പെര്‍ഫോം ചെയ്യാനുള്ള അവസരം ലഭിച്ചത്. ആദ്യത്തെ ആഴ്ച വിഷമത്തിലായിരുന്നു. ആ ആഴ്ചയില്‍ ഞാന്‍ സ്പേസ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചു. പക്ഷേ, പിന്നീട് കൂടുതല്‍ മികവിലേക്ക് പതിയെ എത്തുകയായിരുന്നു. മൂന്നാമത്തെ ആഴ്ച എത്തിയപ്പോഴേക്കും സമയം ഒരുപാട് വൈകിപ്പോയിരുന്നു. 

പി ആര്‍ ടീമുകള്‍

ആ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നവരെ വെച്ച് നോക്കുമ്പോള്‍ ഒരുപക്ഷേ താന്‍ പുറത്ത് പോകുമെന്ന് പ്രേക്ഷകര്‍ വിചാരിച്ച് കാണില്ല. മിക്കവാറും ആദ്യത്തെ ആഴ്ചയിലെ പ്രകടനം കണ്ടാണ് അവര്‍ വിലയിരുത്തിയിട്ടുണ്ടാവുക. അവിടെയുള്ള പലരും പിആര്‍ ടീമിനെ വച്ച് പുറത്ത് പിന്തുണയുണ്ടാക്കുന്നതിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പക്ഷേ അത്തരമൊരു പിന്തുണ തനിക്ക് ഉണ്ടായിരുന്നില്ല. പ്രേക്ഷകര്‍ കണ്ട് ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ലാതെ വോട്ടിംഗ് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പിആര്‍ ടീമൊന്നും ഉണ്ടായിരുന്നില്ല. പ്രേക്ഷകര്‍ വോട്ട് ചെയ്തു എന്ന് തന്നെയാണ് വിശ്വാസം. അല്ലെങ്കില്‍ സ്നേഹം വോട്ടായി തരാന്‍ സാധിക്കാതെ പോയവരുമുണ്ടാകാം. 

പുറത്താവേണ്ടിയിരുന്നത് ആര്?

എലിമിനേഷനില്‍ എത്തി നില്‍ക്കുന്നവരുടെ ഇടയില്‍ നിന്ന് ഒരിക്കലും താന്‍ ആയിരുന്നില്ല പോകേണ്ടിയിരുന്നത്. ലക്ഷ്മി ചേച്ചിയും അശ്വിനും എല്ലാം ആ ലിസ്റ്റില്‍ ഉണ്ടായിരുന്നു. അവര്‍ നില്‍ക്കുമ്പോള്‍  താനായിരുന്നില്ല പോകേണ്ടിയിരുന്നതെന്നാണ് ഉറച്ച് വിശ്വസിക്കുന്നത്. ലക്ഷ്മി ചേച്ചി പോകാന്‍ തയാറായി നില്‍ക്കുകയായിരുന്നു. പോയാലും കുഴപ്പമില്ല, ഓകെ എന്ന നിലയിലാണ് ചേച്ചി അവിടെ നിന്നത്. വീട്ടില്‍ പോയാല്‍ കുടുംബം ഉണ്ട്, സന്തോഷം തന്നെയാണെന്നാണ് പറഞ്ഞിരുന്നത്. താനും അശ്വിനും ഒക്കെയാണെങ്കില്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും കൊണ്ടാണ് അവിടെ നിന്നിരുന്നത്. 

നെഗറ്റീവ് ആളുകള്‍

വീട്ടിനുള്ളില്‍ നെഗറ്റീവ് ആയിട്ടുള്ളവരും പോസിറ്റീവ് ആയിട്ടുള്ളവരും ഉണ്ട്. അവരുടെ പേര് എടുത്ത് പറയാന്‍ സാധിക്കില്ല. അവിടെ ചില ഫേക്ക് സ്മൈലുകള്‍ ഉണ്ടായിരുന്നു. അത് തിരിച്ചറിയാന്‍ സാധിച്ചു. തനിക്ക് അത് മനസിലായി എന്ന് അവരും തിരിച്ചറിഞ്ഞിട്ടുണ്ട്. 

ചില 'ഫേക്ക്' വഴക്കുകള്‍

വഴക്കുകള്‍ ഉണ്ടാക്കി സ്ക്രീന്‍ സ്പേസ് നേടുക എന്നത് ചിലരുടെയൊക്കെ പ്ലാന്‍ ആയിരുന്നു. ജാസ്മിന്‍റെയും ഡോ. റോബിന്‍റെയും ഒരിക്കലും അനാവശ്യമായി ഉണ്ടായ വഴക്കുകളല്ല. അത് തനിയെ ഉണ്ടായി പോയതാണ്. ബാക്കി പല സംഭവങ്ങളിലും നിസാര കാര്യങ്ങള്‍ക്കാണ് വഴക്ക് ഉണ്ടായിക്കൊണ്ടിരുന്നത്.

'ബാലാമണി' ശാലിനി

ദുഖപുത്രി ഇമേജ് ആദ്യം തന്നെ അവര്‍ തന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ബാലാമണിയെന്നും ദുഖപുത്രിയെന്നും ഇമോഷണലി വീക്ക് എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ആദ്യമേ തന്‍റെ മേല്‍ ചാര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. താന്‍ ഇമോഷണലി വീക്ക് ആണെന്ന് ആദ്യം പറഞ്ഞതും പിന്നീട് അവസാനം വരെ അത് ആവര്‍ത്തിച്ചിരുന്നതും ധന്യയാണ്. അങ്ങനെ അല്ല എന്ന് എപ്പോഴും പറഞ്ഞിട്ടും അതിന് മാറ്റമുണ്ടായില്ല.

പലരും എന്തിനാണ് കരഞ്ഞു കൊണ്ടിരിക്കുന്നതെന്ന് പലപ്പോഴും വന്ന് ചോദിച്ചിരുന്നു. മുഖം ഇങ്ങനെയാണ് എന്ന് പറഞ്ഞിട്ടും അവര് മനസിലാക്കിയില്ല. പിന്നീട്, കണ്ണൊക്കെ എഴുതി നടക്കാന്‍ തുടങ്ങിയത് അതിന് ഒരു മാറ്റം വരുത്താന്‍ വേണ്ടിയാണ്. സ്ഥായിയായ ഭാവം ഇതാണെന്ന് പറഞ്ഞിട്ടും 'ബാലാമണി' എന്ന ടാഗ് നല്‍കി അവര്‍ അവിടെ ഇരുത്തുകയായിരുന്നു. ഇത്രയും വേഗം പുറത്ത് പോകാനുള്ള കാരണവും അത് തന്നെയാണ്. ശാലിനിയെ ഇനി വളര്‍ത്തരുത്, കൊഞ്ചിക്കരുത്, ഒക്കെ നിര്‍ത്തണമെന്ന് മൂന്ന് പേര്‍ ചേര്‍ന്ന് സംസാരിച്ചിരുന്നു. അത് വളരെ ഞെട്ടിച്ചെന്നും പ്രതീക്ഷിക്കാത്തവര്‍ അതില്‍ ഉള്‍പ്പെട്ടത് സങ്കടകരമായെന്നും ശാലിനി പറഞ്ഞു. ദുഖപുത്രിയാക്കി മാറ്റിനിര്‍ത്തിയ... വേരില്‍ തന്നെ ചൂടുവെള്ളം ഒഴിച്ചവര്‍ അവിടെയുണ്ട്.

ഫൈനലിലേക്ക് ആര്?

അഖിലാണ് അവിടെ ഏറ്റവും ഇഷ്ടമുള്ള മത്സരാര്‍ത്ഥി. ഗ്രാന്‍ഡ് ഫിനാലെയില്‍ എത്താന്‍ സാധ്യതയുള്ളവര്‍ അഖിലും ജാസ്മിനും ഡോ. റോബിനുമാണ്. ഇവരുടെ പേര് മാത്രമേ ഇപ്പോ പറയാനാകൂ. ബാക്കി അവിടെയുള്ള ആരും പെര്‍ഫക്ട് ആണെന്ന് തോന്നിയിട്ടില്ല.

ഗ്രൂപ്പിസം

ആര്‍ട്ടിസ്റ്റുകള്‍ - ഇന്‍ഫ്ലുവന്‍സേഴ്സ് എന്നൊരു ഗ്രൂപ്പിസം അവിടെ ഇല്ല. അവിടെ കൂടുതല്‍ ഉള്ളത് ആര്‍ട്ടിസ്റ്റുകളായി പോയി എന്നേയുള്ളൂ. ഇന്‍ഫ്ലുവന്‍സേഴ്സും ആര്‍ട്ടിസ്റ്റുകളുടെ ഇടയില്‍ പോയി തിരി കൊളുത്തി പടക്കമൊക്കെ പൊട്ടിക്കുന്നുണ്ട്. ആര്‍ട്ടിസ്റ്റുകള്‍, ഇന്‍ഫ്ലുവന്‍സേഴ്സ് ഗ്രൂപ്പ് ഉണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. അവിടെ ഒരു അംഗം ഇങ്ങനെയൊരു വിഷയം എടുത്തിട്ടപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. പക്ഷേ, അത് പറഞ്ഞൊരു പ്രശ്നം ആക്കിയില്ലെന്ന് മാത്രമേയുള്ളൂ. അതൊക്കെയാണ് ചെയ്യേണ്ടിയിരുന്നതെന്നാണ് ഇപ്പോള്‍ തോന്നുന്നത്. പക്ഷേ ഇങ്ങനെ അല്ലാതെ അവിടെ ഒരു ഗ്രൂപ്പിസം അവിടെയുണ്ടെന്ന് എപ്പിസോഡുകള്‍ കണ്ടപ്പോഴാണ് മനസിലായത്.

ലക്ഷ്മിപ്രിയയും അടുക്കളയും

ലക്ഷ്മി ചേച്ചിയുടെ ഇടപെടലുകള്‍ അല്ല അടുക്കളയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. താന്‍ ഉള്‍പ്പെട്ട അടുക്കളയിലെ പ്രശ്നത്തില്‍ ലക്ഷ്മി ചേച്ചി തന്നെ സമാധാനിപ്പിക്കാന്‍ വന്നതാണ്. പിന്നീട് ക്യാപ്റ്റനായ ദില്‍ഷയോടും കാര്യം പറഞ്ഞു. ക്യാപ്റ്റന്‍ അത് തന്നോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ, ഒന്ന് മെഡിറ്റേറ്റ് ചെയ്ത് വരുന്ന സമയം കൊണ്ട് എല്ലാവരെയും അറിയിച്ചു. റോണ്‍സണ്‍ അത് തെറ്റിദ്ധരിക്കുകയും ചെയ്തു. ഒന്ന് റെസ്റ്റ് എടുക്കാന്‍ മുറിയിലെത്തിയപ്പോള്‍ എല്ലാവരും കൂടെ തന്നെ കുറ്റപ്പെടുത്തുന്നതാണ് കണ്ടത്. റോണ്‍സണ്‍ തെറ്റിദ്ധാരണ മൂലം ചൂടായപ്പോള്‍ ശരിക്കും വിഷമമായി. ശരിക്കും നന്നായി ജോലി ചെയ്യുന്നയാളാണ് റോണ്‍സണ്‍. പിന്നീട് ലക്ഷ്മി ചേച്ചി കേള്‍ക്കാന്‍ വേണ്ടിയാണ് പറഞ്ഞതെന്ന് റോണ്‍സണ്‍ ഫണ്‍ ആയി പറഞ്ഞെങ്കിലും വിഷമം ആയി പോയി. 

അവസാനം ലക്ഷ്മി ചേച്ചി എന്താണ് പറഞ്ഞതെന്ന് ശാലിനിക്ക് അറിയില്ലെന്ന് ദില്‍ഷ വന്ന് പറഞ്ഞു. അപ്പോള്‍ ലക്ഷ്മി ചേച്ചിയാണ് പ്രശ്നമെന്നല്ലേ തനിക്ക് തോന്നൂ. ക്യാപ്റ്റന്‍റെ പിഴവായിരുന്നു എല്ലാം. അടുക്കളയിലേക്ക് തന്നെ ഇടുന്നതിന് മുമ്പ് അനുഭവപരിചയമുള്ള ഒരാളെ കൂടെ തരണമായിരുന്നു. അത് അപേക്ഷിച്ചിട്ടും കിച്ചണ്‍ ടീമിന്‍റെ ക്യാപ്റ്റന്‍ ആയി തന്നെ നിയമിച്ചു. ഗാലറിയില്‍ ഇരുന്ന് എല്ലാവരും കളി കണ്ടപ്പോള്‍ എല്ലാ പ്രശ്നങ്ങളും തന്‍റെ നേര്‍ക്ക് വരിയായിരുന്നു. ദില്‍ഷ ലാലേട്ടന്‍റെ എപ്പിസോഡില്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയും അതിന്‍റെ ദേഷ്യം തന്നോട് കാണിക്കുകയും ചെയ്തു. ദില്‍ഷയുടെ ക്യാപ്റ്റന്‍സി വളരെ മോശമായിരുന്നു. അത് കാരണമാണ് താന്‍ നോമിനേഷനില്‍ വന്നതും പുറത്തായതും.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

ഒന്നും പൂര്‍ത്തിയാക്കാതെയാണ് അവിടെ നിന്ന് പോന്നത്. ഇനി വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി അവസരം ലഭിച്ചാല്‍ ഉറപ്പായും പോകും. ദില്‍ഷയോട് പൂര്‍ണമായി മറുപടി പറയാന്‍ സാധിച്ചില്ല. ലാലേട്ടന്‍റെ എപ്പിസോഡ് ആയത് കൊണ്ട് മതി ദില്‍ഷ എന്ന് പറഞ്ഞ് വേഗം അവസാനിപ്പിക്കുകയായിരുന്നു. പറയാനുള്ളത് പൂര്‍ണമായി പറയാന്‍ സാധിച്ചില്ല. കൂടെ നിന്നിട്ട്, പിന്നില്‍ കൂടെ ശാലിനിയെ വളര്‍ത്തരുത് എന്ന് പറഞ്ഞവരെ പൊളിച്ചടുക്കാന്‍ സാധിച്ചില്ല. അത് സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോവുകയാണ്. ചിലര്‍ അടുക്കളയിലും ബാത്ത് റൂമിന്‍റെ സൈഡിലും പ്ലാന്‍ ചെയ്യുന്നത് പോലെയാണ് ആളുകള്‍ നോമിനേഷനില്‍ വരുന്നത്. അത് മാറി പ്രേക്ഷകര്‍ക്ക് നോമിനേറ്റ് ചെയ്യാനുള്ള അധികാരം കിട്ടണമെന്നം ആഗ്രഹമുണ്ട്. 

റിയലും ഫേക്കും

അവിടെ റിയലായും ഫേക്ക് ആയതുമായ ആളുകളുണ്ട്. ഫേക്ക് ആയ ആളുടെ പേര് അവര് ഒരു സ്ത്രീ ആയത് കൊണ്ട് മാത്രം പറയുന്നില്ല. ഫേക്ക് സ്മൈലാണ് ഇങ്ങനെ പറയാന്‍ കാരണം. അവര് അറിയാതെ തന്നെ ഇക്കാര്യം മനസിലാക്കാന്‍ സാധിച്ചിരുന്നു. ലാലേട്ടനോട് സംസാരിക്കുമ്പോള്‍ പോലും അവരുടെ ചിരി ഫേക്ക് ആണ്. 

റോബിന്‍റെ സ്ട്രാറ്റജി

ഡോ. റോബിന്‍റേത് ഒറ്റപെടല്‍ ഒരു സ്ട്രാറ്റജി ഒന്നും അല്ലായിരുന്നു എന്നാണ് അഭിപ്രായം. എല്ലാവരുമായി പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പിന്നീട് അവരുമായി സംസാരിക്കാന്‍ റോബിന് സാധിക്കില്ല. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഒരു റിലാക്സേഷന്‍ രീതി ആണെന്ന് തോന്നുന്നു. ഒറ്റപ്പെട്ട് മാറിയിരിക്കുന്നതല്ല അദ്ദേഹം, ഒരാള് പോയി സംസാരിച്ചാല്‍ അവരോട് തിരിച്ച് സംസാരിക്കാനുള്ള മനസ് റോബിന്‍ കാണിച്ചിരുന്നു. എല്ലാവരോടും ചേര്‍ത്ത് സംസാരിക്കാതെ ഒറ്റയ്ക്ക് മാറ്റി സംസാരിച്ചതാണ് തനിക്ക് ഇഷ്ടമല്ലാതിരുന്നത്. പക്ഷേ അത് അദ്ദേഹത്തിന്‍റെ രീതി ആയിരിക്കാം. 

ശാലിനിയെ വളര്‍ത്തരുത് എന്ന് പറഞ്ഞവര്‍

അവിടെ ലക്ഷ്മിപ്രിയയെയും ധന്യയെയുമൊക്കെ മനസിലാക്കാതെ പോയത് താനാണ്. അവര് എന്താണ് അണിയറയില്‍ ചെയ്തു കൊണ്ടിരുന്നതെന്ന് മനസിലാക്കാനായില്ല. ശാലിനിയെ ഇനി വളര്‍ത്തരുത് എന്ന് പറഞ്ഞ അതേ ലക്ഷ്മിചേച്ചിയും ധന്യയും തന്നെയാണ് അവസാനം അവള്‍ തങ്ങളെ മനസിലാക്കാതെയാണ് പോയത് എന്ന് പറഞ്ഞത്. അവര്‍ക്കൊപ്പം സുഹൃത്തായി കണ്ട് സുചിത്രയും ഉണ്ടായിരുന്നു. അവരോടുള്ള വിധേയത്വം കാരണമായിരിക്കും സുചിക്ക് അവരോടൊപ്പം നില്‍ക്കേണ്ടി വന്നത്. നോമിനേഷന് ശേഷം സുചിത്രയുടെ കണ്ണീര്‍ സത്യമാണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. ബാക്കിയുള്ളവരെ ഒട്ടും വിശ്വസിക്കുന്നില്ല. ലക്ഷ്മി ചേച്ചിയെയും ധന്യയെയുമൊക്കെ മനസിലാക്കിയിരുന്നെങ്കിലും ഇത്രയും വേഗം ആ പടി കടന്ന് പുറത്ത് വരേണ്ടി വരില്ലായിരുന്നു. 

വെളിച്ചം തന്ന ബിഗ് ബോസ്

ബിഗ് ബോസാണ് ജീവിതത്തിലേക്ക് ഒരു വെളിച്ചം നല്‍കിയത്. അതിലൂടെ മൂന്നോട്ട് ഒരു പാത തുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരുപാട് സമയം കുറഞ്ഞു പോയി. നൂറ് ദിവസം അവിടെ നില്‍ക്കാമെന്നുള്ള വിശ്വാസത്തില്‍ തന്നെയാണ് പോയത്. ഫിസിക്കലി പല ടാസ്ക്കുകളിലും താന്‍ സ്ട്രോംഗ് ആയിരിക്കില്ല. പക്ഷേ, ഒരുപാട് കാര്യങ്ങള്‍ അവിടെ ചെയ്യാന്‍ സാധിക്കുമായിരുന്നു. തനിക്ക് നേര്‍ക്ക് ഒരു പ്രശ്നം വന്നത് എലിമിനേഷന്‍ എപ്പിസോഡില്‍ ദില്‍ഷയുമായിട്ടാണ്. അത് പൂര്‍ണമാക്കാന്‍ പറ്റാതെ, ആ മുഖം മൂടി ഒന്ന് വലിച്ചി കീറി വരാന്‍ സാധിച്ചില്ല. അതിന്‍റെ വിഷമം ഒരുപാട് ഉണ്ട്. 

click me!