അതിരുകളില്ലാത്ത പ്രണയവുമായി ആദിലയും നൂറയും ബിഗ് ബോസ് വീട്ടിലേക്ക്

Published : Aug 03, 2025, 09:46 PM IST
bigg boss malayalam season 7 contestants Fathima Noora and Adhila Nasarin

Synopsis

രണ്ടുപേരും ഒരു മത്സരാർത്ഥിയായിട്ടായിരിക്കും ഷോയിൽ പങ്കെടുക്കുക

അങ്ങനെ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വീട്ടിലേക്ക് ഒരു ലെസ്ബിയൻ കപ്പിൾ എത്തിയിരിക്കുന്നു, ആദില നസ്രിൻ- നൂറ ഫാത്തിമ. മുൻ സീസണുകളിലെ പ്രെഡിക്ഷൻ ലിസ്റ്റുകളിലും ഇവരുടെ പേരുകൾ കേട്ടിരുന്നെങ്കിലും ഏഴിന്റെ പണി കാത്തിരിക്കുന്ന സീസൺ 7 നിലേക്കാണ് ഇപ്പോൾ ആദിലയും നൂറയും വന്നിരിക്കുന്നത്. എന്തൊക്കെയായിരിക്കും ആദിലയും നൂറയും ബിബി പ്രേക്ഷകർക്കായി കാത്തുവയ്ക്കാൻ സാധ്യത?

ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിലേക്ക് വരുന്നത് ഇതാദ്യമല്ല. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളെ സ്വാധീനിക്കാൻ ബിഗ് ബോസിന് പലപ്പോഴും കഴിഞ്ഞിട്ടുമുണ്ട്. സീസൺ 4 ലെ റിയാസ് സലീമിന്റെ പല ചർച്ചകളും നിലപാടുകളും കേരളത്തിനുപുറത്തുപോലും ചർച്ചകൾ ഉണ്ടാക്കിയത് നമ്മൾ കണ്ടതാണ്. അത്തരത്തിൽ വലിയ സ്വാധീനമുണ്ടാകാൻ കഴിയുന്നൊരു പ്ലാറ്റ്‌ഫോമിലേക്കാണ് ആദിലയും നൂറയും എത്തുന്നത്.

2022ലാണ് മലയാളികൾ ആദ്യമായി ആദില-നൂറ എന്നീ പേരുകൾ കേൾക്കുന്നത്. സ്വവർഗ്ഗപ്രണയം, സ്വവർഗ്ഗ വിവാഹം എന്നിവ നിയമപരമായി അംഗീകൃതമായെങ്കിലും കാര്യത്തോടടുക്കുമ്പോൾ മലയാളികൾ എങ്ങനെയാണ് അതിനെ കാണുന്നത് എന്നതിന്റെ ഉദാഹരണമായിരുന്നു ഇരുവരുടെയും പ്രണയവും ഒന്നിച്ചുള്ള ജീവിതത്തോടുമുള്ള സമൂഹത്തിന്റ പ്രതികരണങ്ങള്‍.

ജിദ്ദയിലെ സ്‌കൂൾ കാലം മുതൽ ഒന്നിച്ച് പഠിച്ച് ഒന്നിച്ച് വളർന്ന അടുത്ത സുഹൃത്തുക്കൾ. മുതിർന്നപ്പോൾ തങ്ങൾക്കിടയിലുള്ളത് വെറും സൗഹൃദം മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ വളരെ യാഥാസ്ഥിതികമായ കുടുംബ പശ്ചാത്തലത്തിൽനിന്നുവന്ന ആദിലയ്ക്കും നൂറയ്ക്കും ആ കടമ്പ അത്ര എളുപ്പമായിരുന്നില്ല. ഇരുവരുടെയും കുടുംബങ്ങൾ ഈ ബന്ധത്തിന് തടസംനിന്നു എന്ന് മാത്രമല്ല പ്രണയം ഉപേക്ഷിക്കാൻ ശാരീരികമായി ഉപദ്രവിക്കുകപോലും ചെയ്തു. ഒരു ഘട്ടത്തിൽ നൂറയെ മാതാപിതാക്കൾ ബലമായി പിടിച്ചുകൊണ്ടുപോയതോടെ ആദില തങ്ങളുടെ പ്രണയം സാക്ഷാത്കരിക്കാനായി നിയമസഹായം തേടി. അങ്ങനെ ആദില നസ്രിന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിൽ ഇരുവർക്കും ഒന്നിച്ച് ജീവിക്കാനുള്ള അനുമതി ഹൈക്കോടതി നൽകുകയും ആദിലയും നൂറയും തങ്ങളുടെ ജീവിതം തുടങ്ങുകയും ചെയ്തു. പക്ഷേ കുടുംബക്കാരുടെയും ബന്ധുക്കളുടെയും ചൂഴ്ന്നുനോട്ടങ്ങൾ മാത്രമേ ആ കോടതിവിധി കൊണ്ട് അവസാനിപ്പിക്കാൻ കഴിഞ്ഞുള്ളു. സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇവരുടെ ബന്ധത്തെ വിധിക്കാൻ തയാറായി ഒരു വലിയ കൂട്ടം അപ്പോഴും പുറത്തുണ്ടായിരുന്നു. വലിയ സൈബർ അറ്റാക്ക് പലപ്പോഴും ആദില-നൂറ ദമ്പതികൾ നേരിടേണ്ടിവന്നു. എന്നിട്ടും എവിടെയും തളരാതെ ഇരുവരും കൈകോർത്ത് തങ്ങളുടെ ജീവിതം സധൈര്യം മുന്നോട്ടുകൊണ്ടുപോയി. ഇപ്പോഴിതാ ആ പ്രണയ യാത്ര ബിഗ് ബോസ് വീടുവരെ എത്തിയിരിക്കുകയാണ്.

രണ്ടുപേരും ഒരു മത്സരാർത്ഥിയായിട്ടായിരിക്കും ഷോയിൽ പങ്കെടുക്കുക. അതായത് പ്രേക്ഷകർക്ക് രണ്ടിൽ ഒരാളോട് തോന്നുന്ന താൽപര്യക്കുറവ് പോലും ഇരുവരുടെയും മത്സരത്തെയും നിലനില്പിനെയും ബാധിക്കുമെന്ന് സാരം. ഇതിനുമുമ്പ് രണ്ട് തവണയാണ് രണ്ട് മത്സരാർത്ഥികൾ ഒറ്റ വ്യക്തിയായി ബിഗ് ബോസിൽ പങ്കെടുത്തിട്ടുള്ളത്. സീസൺ 2 ൽ സഹോദരങ്ങളായ അമൃത സുരേഷ്- അഭിരാമി സുരേഷ് എന്നിവരും സീസൺ 3 ൽ ഫിറോസ്-സജ്‌ന എന്നീ ദമ്പതികളുമായിരുന്നു അത്. എന്നാൽ ഇവരാരും ഷോ പൂർത്തിയാക്കിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. സീസൺ 2 കൊവിഡ് 19 നെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് അമൃത-അഭിരാമി കോംബോ അവസാനിച്ചതെങ്കിൽ വീട്ടിനുള്ളിലെ തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിലാണ് സജ്‌ന - ഫിറോസ് ദമ്പതികൾക്ക് പുറത്താകേണ്ടിവന്നത്.

ഇങ്ങനെ വ്യത്യസ്തരായ രണ്ടുപേർ ഒരു മത്സരാർത്ഥിയായി മത്സരിക്കുമ്പോൾ അവർക്കിടയിൽ തന്നെയുണ്ടാകുന്ന അസ്വാരസ്യങ്ങളും അഭിപ്രായഭിന്നതകളും തന്നെയാകും ആദിലയും നൂറയും നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി. കൂടാതെ ലെസ്ബിയൻ കപ്പിൾ എന്ന ജില്ലയിൽ വീട്ടിലുള്ള മറ്റുള്ള അംഗങ്ങളും പ്രേക്ഷകരും എങ്ങനെയാവും ഇവരെ കാണുക എന്നതും അതിനെ അവരെങ്ങനെ കൈകാര്യം ചെയ്യും എന്നതുമെല്ലാം ഏറെ നിർണ്ണായകമാണ്.

വെറും രണ്ട് മത്സരാർത്ഥികൾ എന്നതിനപ്പുറം സമൂഹത്തിൽ ചെറുതും വലുതുമായ മാറ്റങ്ങൾക്ക് വഴി വയ്ക്കാൻ ആദിലയ്ക്കും നൂറയ്ക്കും കഴിയുമോ എന്ന് കാത്തിരുന്നുകാണാം.

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ