ലോകം കണ്ട് ഫോർട്ട് കൊച്ചിയിലേക്ക് മടങ്ങിയ ആൾ; ബിഗ് ബോസിലേക്ക് ഒണിയൽ സാബു

Published : Aug 03, 2025, 08:22 PM IST
bigg boss malayalam season 7 oneal sabu profile

Synopsis

എഫ്‍സി ബോയ് എന്നാണ് ഒണിയൽ സാബുവിൻറെ ഇൻസ്റ്റഗ്രാം ഐഡി. അതിലെ എഫ്സി എന്നത് ഫോർട്ട് കൊച്ചിയുടെ ചുരുക്കെഴുത്താണ്

ഭക്ഷണം, നിയമം, ചരിത്രം, കഥപറച്ചിൽ ഇങ്ങനെ വൈവിധ്യപൂർണ്ണമായ വഴികളൊക്കെ മനോഹരമായി ചേരുന്ന ഒരു മനുഷ്യൻ. അതാണ് ഒണിയൽ സാബു. ബിഗ് ബോസ് മലയാളത്തിൻറെ ചരിത്രത്തിൽത്തന്നെ ഒരുപക്ഷേ ഇത്തരത്തിൽ തികച്ചും വ്യത്യസ്തമായ ജീവിതവഴികളിൽ നിന്നുള്ള ഒരു മത്സരാർഥി എത്തിയിട്ടുണ്ടാവില്ല.

എഫ്‍സി ബോയ് എന്നാണ് ഒണിയൽ സാബുവിൻറെ ഇൻസ്റ്റഗ്രാം ഐഡി. അതിലെ എഫ്സി എന്നത് ഫോർട്ട് കൊച്ചിയുടെ ചുരുക്കെഴുത്താണ്. നാടിനെ അത്രയും സ്നേഹിക്കുന്ന അതിൻറെ കഥകളും പുരാവൃത്തവുമൊക്കെ മറ്റുള്ളവരോട് മനോഹരമായ ഭാഷയിൽ പറഞ്ഞുകൊടുക്കാനും സ്വാദിഷ്ടമായ ഭക്ഷണം പരിചയപ്പെടുത്താനും കഴിയുന്ന ഒരാൾ. നാടിൻറെ പരിമിതവൃത്തം വിട്ട് പുറത്ത് പോയാൽ മാത്രമേ സ്വന്തം നാടിനെ ശരിക്കും വിലയിരുത്താനാവൂ എന്ന് പറയാറുണ്ട്. ഫോർട്ട് കൊച്ചിയോടുള്ള ഒണിയൽ സാബുവിൻറെ മതിപ്പും അങ്ങനെയുള്ള സഞ്ചാരത്തിന് ശേഷം വന്നതാണ്.

യുഎഇയിലെ ഫുജൈറയിലായിരുന്നു സാബുവിൻറെ കുട്ടിക്കാലം. പത്താം ക്ലാസിന് ശേഷമാണ് മാതാപിതാക്കളുടെ നാടായ ഫോർട്ട് കൊച്ചിയിലേക്ക് സാബു എത്തുന്നത്. അമ്മൂമ്മ പറഞ്ഞ കഥകളിലൂടെയാണ് ഫോർട്ട് കൊച്ചിയെക്കുറിച്ച് സാബു അറിയാൻ തുടങ്ങുന്നത്. അവിടുത്തെ വൈവിധ്യമാർന്ന വിഭവങ്ങളും സാബുവിൽ വലിയ മതിപ്പാണ് ഉണ്ടാക്കിയത്. പരേഡ് ഗ്രൗണ്ടിലും വെളി മൈതാനത്തും പുതിയ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ച സാബു നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസിൽ പഠനവും ആരംഭിച്ചു. എന്നാൽ ആ സമയത്ത് ഫോർട്ട് കൊച്ചിയോട് വലിയൊരു കണക്ഷൻ തനിക്ക് തോന്നിയിരുന്നില്ലെന്ന് സാബു പറഞ്ഞിട്ടുണ്ട്.

സതാംപ്റ്റൺ യൂണീവേഴ്സിറ്റിയിലാണ് നിയമപഠനം അദ്ദേഹം പൂർത്തിയാക്കിയത്. ഒരു ഗോവ ട്രിപ്പിനിടെ ഒരു മുതിർന്ന ബന്ധുവാണ് വേരുകളിലേക്ക് മടങ്ങേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് സാബുവിനെ പിന്നീട് ബോധ്യപ്പെടുത്തുന്നത്. പിന്നീടാണ് സഞ്ചാരികൾക്ക് സ്വന്തം നാടിനെ പരിചയപ്പെടുത്തുന്ന സ്പൂക്ക് ട്രെയിൽ സെഷനുകൾ (രാത്രികളിലുള്ള കഥപറച്ചിലുകൾ) ഒണിയൽ സാബു ആരംഭിക്കുന്നത്. അത് ഏറെ ശ്രദ്ധേയമാവുകയും ചെയ്തു.

കമ്യൂണിറ്റി മേശ എന്ന പേരിലാണ് ഒണിയൽ സാബുവിൻറെ മറ്റൊരു വ്യത്യസ്ത സംരംഭം. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കലിനൊപ്പം വിളമ്പുന്ന ഓരോ വിഭവങ്ങൾക്കും പിറകിലുള്ള ചരിത്രവും കഥകളുമൊക്കെ പരിചയപ്പെടുത്തുന്ന ഇടം കൂടിയാണ് ഇത്. ബിഗ് ബോസിലേക്ക് എത്തുമ്പോൾ സംസാരിക്കാനുള്ള മികവും ഭക്ഷണം പാകം ചെയ്യാനുള്ള കഴിവുമൊക്കെ പ്ലസ് ആണ്. ഒപ്പം പല രാജ്യങ്ങളിലും യാത്ര ചെയ്ത് മനുഷ്യരോട് ഇടപെട്ട അനുഭവവും ഒണിയൽ സാബുവിന് കൈമുതലായേക്കും.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്