
ബിഗ് ബോസ് മലയാളം ഷോ സീസൺ ഏഴിലെ മത്സരാർത്ഥിയായിരുന്നു അവതാരകയായ മസ്താനി. വൈൽഡ് കാർഡ് ആയി എത്തിയ മസ്താനിക്ക് പുറത്തിറങ്ങിയതിനു ശേഷം സൈബർ ആക്രമണളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഫിനാലെക്കു മുൻപുള്ള റീ എൻട്രിക്കു ശേഷം നെഗറ്റീവുകളെ പൊസിറ്റീവാക്കി മാറ്റാൻ മസ്താനിക്ക് സാധിച്ചിരുന്നു. റീ എൻട്രി നടത്തിയശേഷം തന്റെ നെഗറ്റീവ് ഇമേജ് ഒരുപാട് മാറി, ജനപിന്തുണയും ലഭിച്ചു, പോകാതിരുന്നിരുന്നുവെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല എന്നും മസ്താനി പറഞ്ഞിരുന്നു.
റീ എൻട്രിക്കായി ബിഗ്ബോസിലേക്ക് പോകുന്ന വീഡിയോയാണ് മസ്താനി ഏറ്റവുമൊടുവിൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. വീണ്ടും ബിഗ് ബോസിലേക്ക് റീ എൻട്രിക്ക് വേണ്ടി പാക്ക് ചെയ്യുകയാണ്. ഏഴ് ദിവസത്തെ പരിപാടിയാണ്. പത്താം തീയതി തിരിച്ച് വരും എന്നു പറഞ്ഞാണ് മസ്താനിയുടെ വ്ളോഗ് ആരംഭിക്കുന്നത്. ''ഞാൻ ചെന്നൈയിലെത്തി. ക്യാബിൽ കയറി ഷൂട്ട് നടക്കുന്ന സ്റ്റുഡിയോയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഹൗസിൽ കയറേണ്ട സമയം കഴിഞ്ഞിട്ടാണ് ഞാൻ കയറാൻ പോകുന്നത്. സത്യം പറഞ്ഞാൽ മാനസികമായി തളർന്നുപോയതുപോലെ ഫീൽ ചെയ്യുന്നുണ്ട്. ഹൗസിലേക്ക് വാഹനം അടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീൽ വരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല. മൂഡ് ശരിയാവുന്നില്ല.
ഹൗസിൽ എത്രത്തോളം എനർജിയിൽ നിൽക്കാൻ പറ്റുമെന്ന് അറിയില്ല. മനസിന് ഒരു സുഖമില്ല. സാഹചര്യവുമായി സെറ്റാവുന്നില്ല. ഹാർട്ട് ബീറ്റൊക്കെ കൂടുന്നു. ഈ വീഡിയോ ഇടുമോയെന്ന് അറിയില്ല. ഞാൻ ഓക്കെയായിരുന്നു. പക്ഷെ ഇപ്പോൾ ഒട്ടും ഓക്കെയല്ല. ഒരു ട്രോമപോലെ, ഓടിപ്പോയാലോ. എന്താകും എന്ന് യാതൊരു പ്രതീക്ഷയുമില്ല. എല്ലാവരും എന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുക'', എന്നൊക്കെയാണ് മസ്താനി വ്ളോഗിൽ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക