
അനുമോൾക്ക് പിആർ ഉണ്ടെന്ന് ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് ആദ്യമായി പറഞ്ഞയാളാണ് ബിന്നി സെബാസ്റ്റ്യൻ. 16 ലക്ഷം രൂപയ്ക്കാണ് താൻ പിആർ കൊടുത്തതെന്ന് അനുമോൾ തന്നോട് പറഞ്ഞതായും ബിന്നി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ പുറത്തിറങ്ങിയതിനു ശേഷം താൻ വളരെയധികം സൈബർ ബുള്ളിയിങ്ങ് നേരിടേണ്ടി വരുന്നുണ്ടെന്നും ബിന്നി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം അനുമോളുടെ ഒരു വീഡിയോ പങ്കുവെച്ച്, താൻ പറഞ്ഞത് ശരിയായിരുന്നു എന്ന് വ്യക്തമാക്കിയും ബിന്നി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ തനിക്കെതിരെ ആസൂത്രിതമായ സൈബർ ആക്രമണം നടക്കുകയാണെന്ന് തെളിവു സഹിതം ബിന്നി പറയുന്നു. അനുമോളുടെ പിആർ ഗ്രൂപ്പ് വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച നടത്തുന്ന ചർച്ചകളുടെ സ്ക്രീൻ ഷോട്ടുൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് ബിന്നിയുടെ ആരോപണം.
അനുമോളുടെ വീഡിയോ ബിന്നി പോസ്റ്റ് ചെയ്‍ത കാര്യം ഒരാൾ ഗ്രൂപ്പിൽ അറിയിക്കുമ്പോൾ പിന്നാലെ മറ്റുള്ളവർ ബിന്നിക്കെതിരെ കൂട്ടമായി പ്രതികരിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് സ്ക്രീൻഷോട്ടിലുള്ളത്. എല്ലാവരും റിയൽ അക്കൗണ്ടിൽ നിന്നും കമന്റിടൂ, ബിന്നി വീണ്ടും എയറിൽ ആകും, അല്ലെങ്കിൽ നമ്മളെ എയറിൽ ആക്കും തുടങ്ങിയ മെസേജുകളും കാണാം.
''ഞാൻ പിആർ അല്ല, അനുമോളുടെ യഥാർത്ഥ ഫാൻ ആണ് എന്ന് പറഞ്ഞ് കമന്റുകൾ വരുന്നു. ഇത്തരം ഒന്നോ രണ്ടോ കമന്റുകൾ അല്ല വന്നത്. ഇത് കാണുമ്പോൾ അനുമോളുടെ യഥാർത്ഥ ആരാധകർ ആണിതെന്ന് പൊതുജനം കരുതുന്നു. എന്നാൽ സത്യത്തിൽ ഇവർ പിആർ ആണ്. ഗെയിം കഴിഞ്ഞു എന്ന കാര്യം എനിക്കറിയാം. എന്നെ കള്ളി എന്ന വിളിച്ച അവളുടെ പിആർ ടീമിന് മുന്നിൽ എന്റെ ഭാഗം തെളിയിക്കണം. എന്റെ ഭാഗത്ത് ശരിയുണ്ട്. ദൈവമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കാശ് വാങ്ങി മോശമായിട്ട് സഹമത്സരാർത്ഥികളെ അപമാനിക്കുന്ന ആളുകളോട് എനിക്ക് പുച്ഛം മാത്രമേയുള്ളൂ'', ബിന്നി വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക