
ബിഗ് ബോസ് സീസൺ ഏഴിന്‍റെ 99-ാം ദിവസം പുറത്തായ ശേഷം എല്ലാം തുറന്ന് പറഞ്ഞ് നൂറ. ബിഗ് ബോസ് അടിപൊളിയായിരുന്നു എന്നാണ് നൂറയുടെ ആദ്യ പ്രതികരണം. പ്രതീക്ഷിക്കുന്നതും അപ്രതീക്ഷിതവുമായ കാര്യങ്ങൾ ഇങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കും. നന്നായി മെലിഞ്ഞ് പോയെന്നും ക്ഷീണിച്ച് ശോഷിച്ച് പോയെന്നും നൂറ ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ആദില ഇല്ലാത്ത രണ്ട് ദിവസം ബിഗ് ബോസ് വീട്ടിൽ കഴിയാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ആദില പുറത്തായപ്പോൾ ഇമോഷണലി വീക്ക് ആവാതെ നിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, അവിടെ കുറെ പ്രശ്നങ്ങൾ എല്ലാം വന്നപ്പോൾ ആകെ തകര്‍ന്നു പോയി. ആദില പുറത്ത് പോയ സമയത്ത് കരഞ്ഞില്ല. അങ്ങനെ ആദിലയെ പറഞ്ഞ് വിടാൻ തോന്നിയില്ല. പക്ഷേ പോയി കഴിഞ്ഞപ്പോൾ കരഞ്ഞ് പോയി. 99-ാം ദിവസം പുറത്താകുമെന്ന് ഒരു തോന്നൽ തനിക്ക് ഉണ്ടായിരുന്നുവെന്നും നൂറ പറഞ്ഞു.
തനിക്കൊപ്പം അവസാന ദിവസങ്ങളിൽ വീട്ടിൽ ഉണ്ടായിരുന്നവര്‍ക്ക് നല്ല പിന്തുണ ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് പുറത്ത് പോകുമെന്ന് ഏകദേശം ധാരണ ഉണ്ടായിരുന്നു. ഓരോ എവിക്ഷൻ വരുമ്പോഴും പുറത്താകുമെന്ന് വിചാരിച്ചിരുന്നു. എപ്പോഴും അനുമോളുമായി പ്രശ്നം ഉണ്ടാകുമായിരുന്നു. അതാണ് ഇറങ്ങാൻ നേരം അനു സോറി പറഞ്ഞത്. അനു, ശൈത്യ, ആദില എന്നിവര്‍ക്കൊപ്പം പട്ടായ പോകുമെന്നും നൂറ പറഞ്ഞു.
പാതിവഴിയിൽ ബിഗ് ബോസ് തങ്ങളെ പിരിക്കുമെന്ന് നേരത്തെ തോന്നിയിരുന്നു. പിരിച്ചു കഴിഞ്ഞപ്പോൾ രണ്ട് പേര്‍ക്കും സ്വന്തം രീതിയിൽ കളിക്കാൻ പറ്റി. ബിഗ് ബോസ് ഹൗസിനുള്ളിൽ കയറിയത് സ്ട്രാറ്റജിയോ ഗെയിം പ്ലാനോ ഒന്നും വച്ചല്ല. താൻ സൈലന്‍റ് ആയി പോയെന്ന് തോന്നുമ്പോൾ ഒക്കെ ആദില വന്ന് ഇങ്ങനെ ഇരിക്കാൻ പാടില്ലെന്ന് പറഞ്ഞിരുന്നു. പുറത്തായ എല്ലാവരും വന്നപ്പോൾ വളരെ സന്തോഷമായി. വരണ്ട മരുഭൂമിയിൽ പെയ്ത മഴ പോലെ ആയിരുന്നു അത്.
പക്ഷേ, പുറത്ത് പോയവര്‍ തിരിച്ച് വന്നപ്പോൾ പലരും മാറിപ്പോയെന്നും നൂറ പറഞ്ഞു. ടോപ് ഫൈവില്‍ ആരൊക്കെ എത്തുമെന്ന പ്രഡിക്ഷൻ ഒക്കെ അവര്‍ നടത്തി. നെവിൻ ടോപ് ഫൈവിൽ എത്തില്ലെന്ന് പറഞ്ഞപ്പോൾ അവന്‍റെ ആത്മവിശ്വാസം കുറച്ചു. പ്രത്യേകിച്ച് സ്ട്രാറ്റജി ഒന്നും ഉണ്ടായിരുന്നില്ല. പ്രശ്നങ്ങൾ അവിടെ തന്നെ തീര്‍ക്കണം എന്നുണ്ടായിരുന്നു. സീസണിലെ ഏഴിന്‍റെ പണിയായി തോന്നിയത് ഡ്രസൊക്കെ കിട്ടാതിരുന്നതാണ്. ഏഴിന്‍റെ പണി കൊണ്ട് ജീവിതം ശരിക്കും പഠിച്ചു.
പരിപ്പും ചോറും ഉരുളക്കിഴങ്ങും ചോറും മാത്രം കഴിച്ച് ജീവിക്കാൻ പഠിച്ചു. ദേഷ്യം കൺട്രോൾ ചെയ്യാൻ പഠിച്ചു. കാണുന്നപോലെ താൻ പാവം ഒന്നുമല്ല. ഏക്സ്ട്രീം ആയിട്ട് ദേഷ്യം വരുന്നയാളാണ്. അതൊക്കെ കൺട്രോൾ ചെയ്യാൻ പഠിച്ചു. ആദില വശീകരിച്ചതാ എന്നാണ് പെതുവേ പറയാറുള്ളത്. അങ്ങനെ ഒരാൾ വശീകരിച്ചതല്ല. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും വശീകരിച്ചതാണെന്നും നൂറ വ്യക്തമാക്കി.
ആദിലയാണ് കൂട്ടത്തിൽ കുറച്ച് പൊസ്സസീവ്. വീട് വിട്ട് വന്നപ്പോൾ ഒരുപാട് ബുദ്ധിമുട്ട് ആയിരുന്നു. പുറത്ത് പോകാൻ പോലും രക്ഷിതാക്കളെ ആശ്രിച്ച് മാത്രം ജീവിച്ചവരാണ്. പത്താം ക്ലാസ് മുതൽ കെട്ടിച്ച് വിടുന്ന കാര്യമാണ് കേട്ടിട്ടുള്ളത്. നാല് ചുവരിന്‍റെ ഉള്ളിൽ പുറം ലോകം അധികം കണ്ടല്ല വളര്‍ന്നത്. അതുകൊണ്ട് വീട്ടിൽ നിന്ന് പുറത്ത് പോയത് ലൈഫിലെ ഏറ്റവും സ്ട്രഗിളിംഗ് സമയമായിരുന്നു അത്. ഇപ്പോൾ ഞങ്ങൾ ലൈഫ് എൻജോയ് ചെയ്യുകയാണ്. പേടിയോ നാണക്കേടോ ഒന്നും ഇല്ല. ഏറ്റവും കൂടുതല്‍ ആക്രമണം വന്നത് സോഷ്യൽ മീഡിയയിൽ നിന്നാണ്. നേരിട്ട് അങ്ങനെ ആരും മോശം പറഞ്ഞിട്ടില്ല. കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടം പോയത് കൊണ്ടാണല്ലോ ഇത്രയും ദിവസം നിർത്തിയതെന്നും നൂറ പറഞ്ഞു.
ഫാമിലി വീക്ക് വന്നപ്പോൾ കുറച്ച് പ്രതീക്ഷയുണ്ടായിരുന്നു. അനിയത്തിമാര്‍ വരുമെന്ന് തോന്നിയിരുന്നു. ആദിലയെ മാറ്റി നിർത്തിയാല്‍ ശൈത്യയും അനുമോളും ആണ് ഏറ്റവും ക്ലോസ് ആയിട്ടുള്ളത്. അനുമോളുടെ ഐഡിയോളജി, പറയുന്ന കാര്യങ്ങൾ ഒക്കെ നമുക്ക് ഒട്ടും യോജിക്കാൻ പറ്റാത്ത മണ്ടത്തരങ്ങളാണ്. അനുമോളുടെ വിചാരം തനിക്കാണ് എല്ലാം അറിയുന്നത് എന്നാണ്. തെറ്റ് പറ്റി എന്ന് അക്സെപ്റ്റ് ചെയ്യാത്ത ആളാണ്. നെവിനെയാണ് കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്തത്. അത് നെവിൻ തന്നെ പറയാറുണ്ട്. കണ്ണടച്ച് വിശ്വസിക്കാൻ പറ്റുന്നത് അനീഷേട്ടനെയാണെന്നും നൂറ പറഞ്ഞു. അനീഷേട്ടന്‍റെ പ്രൊപ്പോസലിൽ പക്ഷേ കുറച്ച് സംശയം ഉണ്ട്. അവസാനത്തെ ആഴ്ചയിൽ പെട്ടെന്ന് പ്രണയം പറഞ്ഞപ്പോൾ എല്ലാവര്‍ക്കും സംശയം തോന്നി. പക്ഷേ പിന്നീട് അത് സത്യം ആണെന്ന് തോന്നി. പക്ഷേ അനുവിന് ഒരു താത്പര്യവും ഇല്ലെന്നും നൂറ പറഞ്ഞു.