
ബിഗ് ബോസ് മലയാളം സീസൺ 7 അറുപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പതിനൊന്ന് മത്സരാർത്ഥികളുമായി ബിബി ഹൗസിലെ പോരാട്ടം മുറുകിക്കൊണ്ടിരിക്കുമ്പോൾ ആദ്യ പത്തിൽ ആരൊക്കെയുണ്ടാവുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. നാളെ വീക്കന്റ് എപ്പിസോഡ് ആയത് കൊണ്ടുതന്നെ എവിക്ഷൻ ഉണ്ടാവുമോ എന്ന കാര്യത്തിലും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. ജയിൽ നോമിനേഷൻ നടന്നതിൽ ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടി ലക്ഷ്മിയും അനീഷുമാണ് ജയിലെത്തിയിരിക്കുന്നത്. അനീഷ് ഇതുവരെ നാല് തവണയാണ് ജയിലിലെത്തിയിരിക്കുന്നത്. ഇത്തവണ ഗസ്റ്റ് വന്നപ്പോൾ അനീഷ് പ്രതികരിച്ച രീതിയെ മുൻനിർത്തിയാണ് അദ്ദേഹത്തെ ജയിൽ നോമിനേഷൻ ചെയ്യുന്നത് എന്നാണ് കൂടുതൽ പേരും പറഞ്ഞത്. എന്നാൽ ലക്ഷ്മിയെ നോമിനേറ്റ് ചെയ്തവർ വിവിധ കാരണങ്ങളാണ് ചൂണ്ടികാണിച്ചത്. അടുക്കളയിൽ ഭക്ഷണം വൈകിയത് മുതൽ, ആക്റ്റീവ് അല്ലാത്തത് വരെ അതിൽ ഉൾപ്പെടുന്നുണ്ട്. ലക്ഷ്മിക്ക് ആകെ ഏഴ് വോട്ടുകളും, അനീഷിന് അഞ്ച് വോട്ടുകളുമാണ് ലഭിച്ചത്. സാധാരണക്കാരൻ എന്ന് ആവർത്തിച്ച് പറഞ്ഞത് അനീഷിന് വിനയായോ എന്നാണ് പ്രേക്ഷകർ ഇത്തവണത്തെ ജയിൽ നോമിനേഷനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നത്.
വോട്ടുകൾ ഇപ്രകാരം. അനീഷ്- ഷാനവാസ്, നിവിൻ. ഷാനവാസ്- അനീഷ്, ലക്ഷ്മി. നെവിൻ- അനുമോൾ, അനീഷ്. ലക്ഷ്മി- ആദില, അക്ബർ. ബിന്നി- അനീഷ്, ഷാനവാസ്. അനുമോൾ- അക്ബർ, ലക്ഷ്മി. നൂറ- ലക്ഷ്മി, ബിന്നി. ആര്യൻ- ലക്ഷ്മി, അനീഷ്. അക്ബർ- അനീഷ്, ലക്ഷ്മി. സാബുമാൻ- ലക്ഷ്മി, ഷാനവാസ്, ആദില- ലക്ഷ്മി, ബിന്നി. ഇത്തവണത്തെ സീക്രട്ട് ടാസ്ക് നശിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഷാനവാസിനെ ജയിൽ നോമിനേറ്റ് ചെയ്യാതെ അനീഷിനെ നോമിനേറ്റ് ചെയ്ത് ആര്യന്റെ തിരഞ്ഞെടുപ്പും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. അതേസമയം അനുമോൾ, ആര്യൻ, സാബുമാൻ എന്നിവരാണ് ഇത്തവണ ക്യാപ്റ്റൻ നോമിനേഷനിൽ ഉള്ള മത്സരാർത്ഥികൾ.
അനീഷിനെതിരെയുള്ള തുടർച്ചയായ ജയിൽ നോമിനേഷനുകൾ കഴിഞ്ഞ വീക്കന്റ് എപ്പിസോഡിൽ മോഹൻലാൽ ചർച്ച ചെയ്‌തത് കൊണ്ടുതന്നെ ഇത്തവണ മോഹൻലാൽ എന്താണ് ഇക്കാര്യത്തിൽ പറയാൻ പോകുന്നതെന്നും പ്രേക്ഷകർ കാത്തിരിക്കുന്ന കാര്യമാണ്.