ഫിറോസ്-സജിന ബിഗ് ബോസില്‍ നിന്ന് പുറത്ത്! അച്ചടക്ക നടപടി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

By Web TeamFirst Published Apr 13, 2021, 11:15 PM IST
Highlights

കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച തര്‍ക്കങ്ങളില്‍ മിക്കതും സജിന-ഫിറോസും മറ്റു മത്സരാര്‍ഥികളും തമ്മിലായിരുന്നു. രമ്യ, സൂര്യ എന്നിവര്‍ക്കെതിരായ സജിന-ഫിറോസിന്‍റെ വ്യക്തിഹത്യപരമായ പരാമര്‍ശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നാടകീയമായ എപ്പിസോഡ്. മത്സരാര്‍ഥികള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമായിരുന്ന ഏതാനും ദിവസങ്ങള്‍ക്കു ശേഷം ചൊവ്വാഴ്ച എപ്പിസോഡിലാണ് അവതാരകനായ മോഹന്‍ലാല്‍ എത്തുന്നത്. കഴിഞ്ഞ വാരാന്ത്യ എപ്പിസോഡുകളില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ വിഷു സ്പെഷല്‍ എപ്പിസോഡില്‍ വരണമെന്നാണ് താന്‍ കരുതിയിരുന്നതെന്നും ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിനാലാണ് ഇന്ന് വരേണ്ടിവന്നതെന്നും എപ്പിസോഡിന്‍റെ തുടക്കത്തിലേ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഫിറോസ്-സജിനയ്ക്കെതിരായ കര്‍ശന നടപടിയുമായാണ് മോഹന്‍ലാല്‍ ബിഗ് ബോസ് വേദിയിലേക്ക് ഇന്ന് എത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച തര്‍ക്കങ്ങളില്‍ മിക്കതും സജിന-ഫിറോസും മറ്റു മത്സരാര്‍ഥികളും തമ്മിലായിരുന്നു. രമ്യ, സൂര്യ എന്നിവര്‍ക്കെതിരായ സജിന-ഫിറോസിന്‍റെ വ്യക്തിഹത്യപരമായ പരാമര്‍ശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേക്കുറിച്ച് രമ്യയ്ക്കും സൂര്യയ്ക്കും പറയാനുള്ളത് കേള്‍ക്കുകയാണ് മോഹന്‍ലാല്‍ ആദ്യം ചെയ്തത്. പിന്നീട് മറ്റു സ്ത്രീ മത്സരാര്‍ഥികളോടും മറ്റു മത്സരാര്‍ഥികളോടും ഇക്കാര്യത്തിലെ അഭിപ്രായം ചോദിച്ചു. എല്ലാവരും തന്നെ ഫിറോസ്-സജിനയെക്കുറിച്ച് തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു. അവസാനം മോഹന്‍ലാലിന്‍റെ പ്രഖ്യാപനവും വന്നു. 

 

"പുറത്തെ കാര്യങ്ങള്‍ പരാമര്‍ശിക്കുക എന്നത് നിയമലംഘനമാണ്. സ്ത്രീകള്‍ക്കെതിരായ മോശമായ പരാമര്‍ശങ്ങള്‍, സ്ത്രീകള്‍ എന്നല്ല ഒപ്പമുള്ള ആര്‍ക്കെതിരെയുമുള്ളത് തെറ്റായ കാര്യമാണ്. സജിന-ഫിറോസ് ഇവിടെ വന്നപ്പോള്‍ നിങ്ങള്‍ക്ക് നല്ല പ്ലെയേഴ്സ് ആയിമാറാം എന്നുപറഞ്ഞ് അയച്ച ആളാണ് ഞാന്‍. പക്ഷേ എവിടെയോ നിങ്ങളുടെ ഗതി മാറിപ്പോകുന്നു. അതുകൊണ്ട്, വളരെ സോറി. സജിന ആന്‍ഡ് ഫിറോസ്, ബാഗ് സ്റ്റോര്‍ റൂമിലുണ്ട്. എന്‍റെ അടുത്തേക്ക് വരാം", ബിഗ് ബോസിന്‍റെ നടപടി എന്ന നിലയില്‍ ഇരുവരും ഷോയില്‍ നിന്ന് പുറത്തായിരിക്കുന്നതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. 'ലാലേട്ടാ, ഒരു കാര്യം' എന്നുപറഞ്ഞ് തനിക്ക് സംസാരിക്കാന്‍ ഒരു അവസരത്തിനായി സജിന ചോദിച്ചെങ്കിലും മോഹന്‍ലാല്‍ അത് അനുവദിച്ചില്ല. 'കഴിഞ്ഞു' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മത്സരാര്‍ഥികളെല്ലാംതന്നെ ഫിറോസ്-സജിനയില്‍ നിന്നും തങ്ങള്‍ക്ക് വ്യക്തിപരമായി ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് മോഹന്‍ലാലിനോട് പറഞ്ഞത്. ഇവരെ പുറത്താക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് സായ് വിഷ്‍ണു ആവശ്യപ്പെട്ടിരുന്നു. 

 

ഫിറോസ്-സജിനയെക്കുറിച്ച് മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടിയായി സൂര്യ പറഞ്ഞത്

"ഫിറോസ്-സജിന വന്നപ്പോള്‍ മുതല്‍ ഞാന്‍ ഫേക്ക് ആണെന്ന് പറഞ്ഞുതുടങ്ങി. ഞാന്‍ ഫേക്ക് ആണെന്ന് തെളിയിക്കുന്ന കുറെ കാരണങ്ങള്‍ കഴിഞ്ഞ ആഴ്ച പറഞ്ഞു", സൂര്യ ആരംഭിച്ചു. നിങ്ങള്‍ക്ക് അവരെ നേരത്തെ പരിചയമുണ്ടോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. സൂര്യ പറഞ്ഞുതുടങ്ങി- "സജിനയെ കണ്ടിട്ടില്ല. ഫിറോസ് ഇക്കയുടെ കൂടെ എട്ട് മാസത്തെ ഒരു വര്‍ക്ക് ചെയ്‍തിട്ടുണ്ട്. അങ്ങനെ പ്രൊഫഷണലി ഉള്ള പരിചയം മാത്രമേ ഉള്ളൂ. വ്യക്തിപരമായുള്ള പരിചയമോ സൗഹൃദമോ ഇല്ല. ഒരു ഫോണ്‍ കോണ്‍ടാക്റ്റ് പോലും ഉണ്ടായിട്ടില്ല. ഫിറോസ് ഇക്കയുടെ കല്യാണം കഴിഞ്ഞപ്പോള്‍ മാത്രം ഞാന്‍ ഒരു മെസേജ് അയച്ചു, എവിടെയാണ്, എന്തുണ്ട്, സുഖമാണോ എന്നൊക്കെ ചോദിച്ചുകൊണ്ട്. അതിനുശേഷം ഞങ്ങള്‍ കാണുന്നത് ദാ ഇവിടെവച്ചിട്ടാണ്. പക്ഷേ എന്നിട്ടും ഫേക്ക് എന്നാണ് എന്നെക്കുറിച്ച് പറയുന്നത്. എന്‍റെ വസ്ത്രധാരണത്തെ കുറ്റം പറയുന്നു. മോഡലിംഗ് സമയത്ത് അതിനനുസരിച്ചുള്ള വസ്ത്രം ധരിക്കും, പക്ഷേ വ്യക്തിപരമായുള്ള സമയത്ത് പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാന്‍. പിന്നെ, എനിക്ക് ഉള്ള വസ്ത്രമേ ധരിക്കാന്‍ പറ്റൂ. ബിഗ് ബോസിനുവേണ്ടി കുറച്ച് നാടന്‍ വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടുവന്നതൊന്നുമല്ല. പുറത്ത് ഞാന്‍ ഹോട്ട് ആന്‍ഡ് സെക്സി ആണ് എന്നൊക്കെയാണ് പറയുന്നത്. ആ ഒരു പദപ്രയോഗമൊക്കെ വരുമ്പോള്‍ ഇത് കണ്ടുകൊണ്ടിരിക്കുന്ന എന്‍റെ അച്ഛനും അമ്മയ്ക്കുമൊക്കെ പ്രയാസമുണ്ടാവും. പ്രൊഫഷണലി ഓകെ, പക്ഷേ വ്യക്തിപരമായും ഞാന്‍ അങ്ങനെ ആവണമെന്ന് പറയുന്നതില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് എനിക്കറിയില്ല. 

പിന്നെ, എന്നെക്കുറിച്ച് എന്തോ വലിയ കാര്യം പറയാനുണ്ട്. അത് എന്‍റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന സംഭവമാണെന്ന് പറയുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ആളുകള്‍ അത് ഏതൊക്കെ രീതിയില്‍ വേണമെങ്കിലും വളച്ചൊടിച്ച് ചിന്തിച്ചു കൂട്ടാം. എന്തായാലും മോശമായിട്ടുള്ള ഒരു കാര്യമായിട്ടേ ആളുകള്‍ വിചാരിക്കൂ. കോടിക്കണക്കിന് ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം ആണ്. എന്‍റെ വിവാഹം കഴിഞ്ഞിട്ടില്ല. അങ്ങനെ കുറെ ഇഷ്യൂസ് ഉണ്ട്. എന്തായാലും ഇത് മോശമായ ഒരു ഇമേജിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് ലാല്‍ സാര്‍", സൂര്യ പറഞ്ഞുനിര്‍ത്തി. 

click me!