Latest Videos

അവര്‍ വീണ്ടും ഹൗസിലേക്ക്; ഫിനാലെ വീക്കില്‍ അടുത്ത സര്‍പ്രൈസുമായി ബിഗ് ബോസ്

By Web TeamFirst Published Jun 29, 2023, 10:59 AM IST
Highlights

ആറ് പേരാണ് നിലവില്‍ സീസണ്‍ 5 ല്‍ മത്സരത്തില്‍ തുടരുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിക്കാന്‍ ഇനി കഷ്ടിച്ച് മൂന്ന് ദിവസം മാത്രം. മുന്‍ സീസണുകളെക്കാള്‍ നിരവധി സര്‍പ്രൈസുകളാണ് സീസണ്‍ 5 ല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ഫിനാലെ വീക്കിലും പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കും ലഭിക്കുന്ന സര്‍പ്രൈസുകള്‍ തുടരുകയാണെന്ന് അറിയിച്ചുകൊണ്ടുള്ളതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ. ചലഞ്ചേഴ്സ് ആയി മുന്‍ സീസണ്‍ മത്സരാര്‍ഥികളും ഫാമിലി വീക്കില്‍ മത്സരാര്‍ഥികളുടെ കുടുംബാംഗങ്ങളും വന്നതിന് പിന്നാലെ ഈ സീസണില്‍ ഇതുവരെ പുറത്തായ മത്സരാര്‍ഥികളൊക്കെയും ഫൈനല്‍ 6 ല്‍ എത്തിയവരെ കാണാനെത്തുന്ന ദിവസമാണ് ഇത്. അതിന്‍റെ പ്രൊമോ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.

ലച്ചു, ഏയ്ഞ്ചലിന്‍, ശ്രുതി ലക്ഷ്മി, ദേവു, അനു ജോസഫ് തുടങ്ങിയവരൊക്കെയും ഹൌസിലേക്ക് എത്തുന്നത് വീഡിയോയില്‍ കാണാം. തീം സോംഗ് പ്ലേ ചെയ്തതിന് ശേഷമാണ് സീസണിലെ മുന്‍ മത്സരാര്‍ഥികളെ ബിഗ് ബോസ് ഹൌസിലേക്ക് കടത്തിവിടുന്നത്. ഫിനാലെ വീക്കിലെ ഒരു പതിവാണ് ഇത്. 

അതേസമയം ആറ് പേരാണ് നിലവില്‍ സീസണ്‍ 5 ല്‍ മത്സരത്തില്‍ തുടരുന്നത്. അഖില്‍ മാരാര്‍, ഷിജു, സെറീന, റെനീഷ, ശോഭ വിശ്വനാഥ്, ജുനൈസ് എന്നിവരാണ് സീസണിലെ ഫൈനല്‍ 6. മത്സരത്തില്‍ ഉണ്ടായിരുന്ന നാദിറ മെഹ്‍റിന്‍ പണപ്പെട്ടി ടാസ്കില്‍ മണി ബോക്സ് സ്വീകരിച്ച് പുറത്ത് പോയതോടെയാണ് മത്സരാര്‍ഥികളുടെ എണ്ണം ആറായി ചുരുങ്ങിയത്. അതേസമയം അഞ്ചാം സീസണില്‍ എത്തിനില്‍ക്കുന്ന ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ഥി മണി ബോക്സ് ടാസ്കില്‍ പണപ്പെട്ടി സ്വീകരിച്ച് പുറത്ത് പോകുന്നത്. ഫൈനല്‍ 5 ല്‍ എന്തായാലും ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട മത്സരാര്‍ഥി ആയിരുന്നു നാദിറ മെഹ്‍റിന്‍.

ALSO READ : ബി​ഗ് ബോസ് കിരീടം ആരിലേക്ക്? നാ​ദിറ പറയുന്നു

click me!