Latest Videos

നാലിലൊരാള്‍ പുറത്ത്! സര്‍പ്രൈസ് പ്രഖ്യാപനവുമായി ബിഗ് ബോസ്

By Web TeamFirst Published May 4, 2024, 10:41 PM IST
Highlights

ഋഷി, നോറ, അഭിഷേക്, അര്‍ജുന്‍, സിജോ, ഗബ്രി, ജാസ്മിന്‍, ജിന്‍റോ, അന്‍സിബ എന്നിവര്‍ ചേര്‍ന്നതായിരുന്നു ഇത്തവണത്തെ നോമിനേഷന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്ത്. സീസണ്‍ ഒന്‍പതാം വാരത്തിലേക്ക് കടക്കാന്‍ ഒരുങ്ങവെയാണ് പുതിയ എവിക്ഷന്‍. ഒന്‍പത് മത്സരാര്‍ഥികള്‍ ഇടംപിടിച്ച ജംബോ നോമിനേഷന്‍ ലിസ്റ്റ് ആയിരുന്നു ഇത്തവണ. ക്യാപ്റ്റന്‍ സ്ഥാനത്തുള്ള റസ്മിനും പവര്‍ ടീമിലുള്ള ശ്രീരേഖയും നന്ദനയും സായിയും ശരണ്യയുമൊഴികെ നോമിനേഷനില്‍ ഉള്‍പ്പെടാതിരുന്നത് ഒരേയൊരാള്‍ മാത്രമായിരുന്നു. ശ്രീതുവായിരുന്നു അത്. 

ഋഷി, നോറ, അഭിഷേക്, അര്‍ജുന്‍, സിജോ, ഗബ്രി, ജാസ്മിന്‍, ജിന്‍റോ, അന്‍സിബ എന്നിവര്‍ ചേര്‍ന്നതായിരുന്നു ഇത്തവണത്തെ നോമിനേഷന്‍. നാടകീയമായി ആയിരുന്നു ഇത്തവണ ബിഗ് ബോസിന്‍റെ എവിക്ഷന്‍ പ്രഖ്യാപനം. നോമിനേഷനില്‍ ഉള്ളവര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ട മോഹന്‍ലാല്‍ ഋഷി, അന്‍സിബ, ഗബ്രി, ജാസ്മിന്‍ എന്നിവരൊഴികെയുള്ളവര്‍ ഇരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ആ അഞ്ച് പേര്‍ സേഫ് ആണെന്ന് ഉദ്ദേശിക്കുന്നില്ലെന്നും അവരുടെ പ്രേക്ഷകവിധി നാളെയേ പ്രഖ്യാപിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഇഷ്ടപ്പെട്ട സ്ഥലത്തിരുന്ന് കുറച്ച് സമയം ചെലവഴിക്കാന്‍ ഋഷി, അന്‍സിബ, ഗബ്രി, ജാസ്മിന്‍ എന്നിവര്‍ക്ക് ബിഗ് ബോസ് അവസരം നല്‍കി. ഗബ്രിയും ജാസ്മിനും സംസാരിക്കാനായി പോയപ്പോള്‍ ഋഷിയും അന്‍സിബയും തങ്ങളുടെ ഇടത്തേക്കും പോയി. പിന്നീട് നാല് പേരോടും ഗാര്‍ഡന്‍ ഏരിയയിലേക്ക് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.

അവിടെ വച്ചിരുന്ന സ്ക്രാച്ച് കാര്‍ഡില്‍ സേഫ് ആവുന്ന രണ്ട് പേരുടെ പേരുകള്‍ ഉണ്ടായിരിക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. അന്‍സിബയാണ് കാര്‍ഡ് സ്ക്രാച്ച് ചെയ്തത്. അന്‍സിബയുടെയും ഋഷിയുടെയും പേരുകളാണ് കാര്‍ഡില്‍ ഉണ്ടായിരുന്നത്. ഇരുവരും സേഫ് ആണെന്ന് ബിഗ് ബോസ് അറിയിച്ചു. അവശേഷിച്ച ഗബ്രി, ജാസ്മിന്‍ എന്നിവരോട് ആക്റ്റിവിറ്റി ഏരിയയിലേക്ക് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. അവിടെയുള്ള സ്ക്രീനില്‍ ഇരുവരുടെയും സുഹൃദ്ബന്ധത്തിന്‍റെ നിമിഷങ്ങള്‍ കാണിച്ചതിന് ശേഷമാണ് അന്തിമ പ്രഖ്യാപനം നടന്നത്. മുന്നിലുള്ള കര്‍ട്ടന്‍ വലിച്ച് നീക്കാന്‍ ഇരുവരോടും ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. മാറിയ കര്‍ട്ടന് പിറകിലുള്ള ബോര്‍ഡില്‍ എവിക്റ്റ് ആവുന്ന ആളുടെ പേര് ഉണ്ടായിരുന്നു. ഗബ്രിയുടെ പേരായിരുന്നു അത്. അങ്ങനെ സീസണ്‍ 6 ലെ ഒരു ശ്രദ്ധേയ മത്സരാര്‍ഥി ഹൗസില്‍ നിന്നും പടിയിറങ്ങുകയാണ്. 

ALSO READ : രണ്ട് കുടുംബങ്ങളുടെ കഥ? 'സാന്ത്വനം 2' വരുന്നു, ആകാംക്ഷയോടെ പ്രേക്ഷകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!