ബിഗ് ബോസ് മലയാളം സീസൺ 8ൽ നിയമങ്ങൾ ലംഘിച്ചതിന് രാഹുൽ ഈശ്വറിനെയും വേദാംഗിയെയും സഹമത്സരാർത്ഥികൾ ജയിലിലേക്ക് നോമിനേറ്റ് ചെയ്തു

ബിഗ് ബോസ് മലയാളം സീസണ്‍ 8 ആവേശകരമായ പകുതിയോട് അടുക്കാന്‍ ഒരുങ്ങുകയാണ്. ഏറ്റവും പുതിയ ജയില്‍ നോമിനേഷന്‍ ഇന്ന് നടന്നു. രാഹുല്‍ ഈശ്വറിനെയും വേദാംഗിയെയുമാണ് സഹമത്സരാര്‍ഥികള്‍ ചേര്‍ന്ന് ജയില്‍ ശിക്ഷയ്ക്കായി നോമിനേറ്റ് ചെയ്തത്. പോയ വാരത്തിലെ ഏറ്റവും മോശം പെര്‍ഫോമന്‍സ് നടത്തിയവരെയാണ് സാധാരണയായി മത്സരാര്‍ഥികള്‍ നോമിനേറ്റ് ചെയ്യുക. ഇക്കുറി രാഹുലിനും വേദാംഗിക്കും ജയില്‍ നോമിനേഷന്‍ ലഭിക്കാന്‍ ഒരു പ്രധാന കാരണം ഉണ്ടായിരുന്നു. കടുത്ത ഒരു വീക്കിലി ടാസ്ക് ആണ് ഇക്കുറി ബിഗ് ബോസ് നല്‍കിയിരുന്നത്. മത്സരാര്‍ഥികളില്‍ മിക്കവരും തന്നെ തങ്ങളുടെ നൂറ് ശതമാനവും നല്‍കിയാണ് അതില്‍ പങ്കെടുത്തത്. എന്നാല്‍ രാഹുല്‍ ഈശ്വറിന്‍റെയും വേദാംഗിയുടെയും ഒപ്പം നോബിയുടെയും വീഴ്ചകള്‍ കാരണം അതില്‍ നിന്ന് ലഭിക്കേണ്ട ലക്ഷ്വറി പോയിന്‍റ് ബിഗ് ബോസ് എല്ലാവര്‍ക്കുമായി ക്യാന്‍സല്‍ ചെയ്തിരുന്നു. ഇതിന് ശിക്ഷയെന്നോണമാണ് രാഹുലിനെയും വേദാംഗിയെയും മറ്റുള്ളവര്‍ ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്.

അതിജീവിക്കാന്‍ കഠിനമായ എന്‍ഡ്യൂറന്‍സ് ടാസ്ക് ആണ് ബിഗ് ബോസ് ഇക്കുറി നല്‍കിയത്. ഒരു കപ്പലില്‍ ഇറങ്ങാതെ ഇരിക്കുക എന്നതായിരുന്നു വെല്ലുവിളി. ഇതില്‍ ഗൗതം ശശിയാണ് ഏറ്റവുമധികം സമയം ഇരുന്നത്. 28 മണിക്കൂറിലേറെ ഗൗതം കപ്പലില്‍ ഇരുന്നു. ഈ ടാസ്കിന്‍റെ മികവില്‍ ലഭിക്കേണ്ടിയിരുന്ന ലക്ഷ്വറി ബജറ്റ് ആണ് മറ്റ് മൂന്ന് പേരുടെയും പെരുമാറ്റം കൊണ്ട് ബിഗ് ബോസ് എല്ലാവര്‍ക്കുമായി കാന്‍സല്‍ ചെയ്തത്. പുറത്തെ കാര്യങ്ങള്‍ സംസാരിക്കുക, മറുഭാഷകളില്‍ സംസാരിക്കുക, മൈക്ക് മാറ്റിവച്ച് സംസാരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തുടര്‍ച്ചയായി, നിരവധി വാണിംഗുകള്‍ക്ക് ശേഷവും ചെയ്തു എന്നതാണ് ഈ മൂന്ന് പേരിലും ബിഗ് ബോസ് കണ്ടെത്തിയ കുറ്റം. ഇത് മൂന്നും ബിഗ് ബോസിന്‍റെ നിയമപ്രകാരം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ്.

രസകരവും ചെയ്യാന്‍ പ്രയാസമുള്ളതുമായ ഒരു ശിക്ഷയാണ് ബിഗ് ബോസ് രാഹുല്‍ ഈശ്വറിനും വേദാംഗിക്കുമായി നല്‍കിയത്. ബിഗ് ബോസിന്‍റെ നിയമങ്ങള്‍ ഇനി ലംഘിക്കില്ല എന്ന് 1001 തവണ ഓരോരുത്തരും എഴുതുക എന്നതായിരുന്നു ഇരുവര്‍ക്കുമുള്ള ജയില്‍ ടാസ്ക്. ഇത് വ്യത്യസ്ത നിറത്തിലുള്ള മഷി കൊണ്ട് ഓരോരുത്തരും മാറി മാറി എഴുതണമായിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming