
പേരിനുമുന്‍പ് 'കിടിലം' എന്ന് ചേര്‍ത്ത ആത്മവിശ്വാസത്തിന്‍റെ മുഖമാണ് ഫിറോസ് എ അസീസ് എന്ന 'കിടിലം ഫിറോസ്'. കേരളത്തിലെ എഫ് എം റേഡിയോ സ്റ്റേഷനുകളുടെ തുടക്കകാലത്ത് പ്രേക്ഷകര്‍ തിരിച്ചറിച്ച ശബ്ദങ്ങളിലൊന്നാണ് ഫിറോസിന്‍റേത്. ടെലിവിഷന്‍ പ്രൊഡ്യൂസര്‍, അവതാരകന്‍ എന്നീ നിലകളിലാണ് കരിയര്‍ ആരംഭിച്ചതെങ്കിലും റേഡിയോ ജോക്കിയുടെ കര്‍മ്മ മേഖലയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഇപ്പോഴിതാ ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലേക്ക് മത്സരാര്‍ഥിയായി എത്തുകയാണ് ഫിറോസ്.
റേഡിയോ ജോക്കി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‍സിലും ഇടംപിടിച്ചിട്ടുണ്ട് ഫിറോസ്. 105 മണിക്കൂര്‍ നീണ്ട ഒരു റേഡിയോ അവതരണത്തിന്‍റെ പേരിലാണ് ഇത്. 'വന്ദേ കേരളം' എന്ന പേരില്‍ നടത്തിയ മാരത്തോണ്‍ പ്രോഗ്രാം ലഹരി ഉപയോഗത്തിന് എതിരെയുള്ള ബോധവല്‍ക്കരണ പരിപാടി ആയിരുന്നു.
സിനിമയോട് ഏറെ താല്‍പര്യമുള്ള ഫിറോസ് സിനിമകളില്‍ അഭിനയിച്ചിട്ടും ശ്രദ്ധേയ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. പരോള്‍, വിശ്വവിഖ്യാതരായ പയ്യന്മാര്‍, സച്ചിന്‍, പഞ്ചവര്‍ണ്ണ തത്ത എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലെത്തിയ ഫിറോസ് 'മാര്‍ച്ച് രണ്ടാം വ്യാഴം' എന്ന ചിത്രത്തിലൂടെ നായകനായി. സാമൂഹികപ്രസക്തിയുള്ള 69, കല്ലു എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
സാമൂഹ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, മോട്ടിവേഷണല്‍ ട്രെയ്‍നര്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ് ഫിറോസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമാണ്. ഫിറോസ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന ബോധവല്‍ക്കരണ വീഡിയോകള്‍ വൈറല്‍ ആവാറുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ