ഇതാ ബിഗ് ബോസിലെ രാജാവ്, സീസണ്‍ മൂന്നിലെ വിജയിയെ പ്രഖ്യാപിച്ച് മോഹൻലാല്‍

By Web TeamFirst Published Aug 1, 2021, 10:12 PM IST
Highlights

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിജയിയെയും റണ്ണര്‍ അപ്പിനെയും പ്രഖ്യാപിച്ചു.
 

കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചു. ഏവരെയും ആകാംക്ഷയിലാക്കി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഭൂരിഭാഗം പേരും പ്രവചിച്ചതുപോലെ ബിഗ് ബോസണ്‍ മൂന്നിന്റെ വിജയകിരീടം മണിക്കുട്ടൻ ചൂടിയപ്പോള്‍ സ്വപ്‍നങ്ങളുമായി എത്തിയ സായ് വിഷ്‍ണു റണ്ണര്‍ അപ്പുമായി.

ഈ സീസണിലെ ഏറ്റവും മികച്ച എന്റര്‍ടെയ്‍നര്‍ക്കുള്ള അവാര്‍ഡും ഗ്രാൻഡ് ഫിനാലെയുടെ തുടക്കത്തിലേ മണിക്കുട്ടൻ നേടിയിരുന്നു. സ്വപ്‍നം കാണാൻ പ്രചോദിപ്പിച്ചതിനുള്ള അവാര്‍ഡ് സായ് വിഷ്‍ണുവും സ്വന്തമാക്കി. വോട്ടിംഗില്‍ തുടക്കം മുതലേയുള്ള മുന്നേറ്റം അവസാനം വരെ നിലനിര്‍ത്തിയാണ് മണിക്കുട്ടൻ ഒന്നാം സ്ഥാനത്തും സായ് വിഷ്‍ണു രണ്ടാമതും എത്തിയത്. മണിക്കുട്ടന്റെയും സായ് വിഷ്‍ണുവിന്റെയും കുടുംബാംഗങ്ങളോട് മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയില്‍ നിന്ന് സംസാരിക്കുകയും ചെയ്‍തു. ബിഗ് ബോസില്‍ ഇങ്ങനെ വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മണിക്കുട്ടനും സായ് വിഷ്‍ണുവും പറഞ്ഞു.

ഗ്രാൻഡ് ഫിനാലെയില്‍ അവസാന റൗണ്ടിൽ മത്സരിച്ചത് ഡിംപിള്‍ ഭാൽ ,സായ് വിഷ്‍ണു , മണിക്കുട്ടൻ , റിതുമന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്‍ണൻ , റംസാൻ എന്നീ എട്ട് മത്സരാര്‍ഥികളാണ്.വിജയിയെ നിർണയിച്ചത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്. 

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിഗ് ബോസ് നിര്‍ത്തിവെച്ചെങ്കിലും വോട്ടിംഗിലൂടെ അന്തിമവിജയിയെ നിശ്ചയിക്കാൻ തീരുമാനിക്കുകയായിരുന്നു. അതാണ് ഇപോള്‍ ഗ്രാൻഡ് ഫിനാലെയില്‍ എത്തിയത്. പ്രമുഖ ചലച്ചിത്രതാരങ്ങളായ സുരാജ് വെഞ്ഞാറമൂട് ,അനുസിതാര , ദുർഗകൃഷ്‍ണൻ , സാനിയ അയ്യപ്പൻ , ടിനിടോം , പ്രജോദ് കലാഭവൻ , ധർമജൻ, ആര്യ , വീണനായർ എന്നിവരുടെ വിവിധ കലാപരിപാടികളും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലുണ്ടായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!