
മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ജിതിൻ കെ ജോസ്- ജയസൂര്യ ചിത്രം "മായൻ", ചിത്രീകരണം പൂർത്തിയായി. പാലായിൽ വെച്ച് നടന്ന ചിത്രീകരണത്തോടെയാണ് ചിത്രം പാക്കപ്പ് ആയത്. 2026, ഡിസംബർ 3 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. റഷ്യയിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഒരുക്കിയത്. അതിന് ശേഷമാണ് ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം ആരംഭിച്ചത്. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസ് ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
"മായൻ ചാപ്റ്റർ 1" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ ബിയോണ്ട് ദ ഷാഡോസ് എന്നാണ്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ നിർണായക കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. ജയസൂര്യ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രം, ഒരു മിസ്റ്ററി ത്രില്ലർ ആണെന്ന സൂചനയാണ് നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ നൽകിയത്.
പ്രേക്ഷകരിൽ വലിയ ആകാംക്ഷ സൃഷ്ടിക്കുന്ന തരത്തിലുള്ള മിസ്റ്ററി ത്രില്ലർ ആയിരിക്കും ‘മായൻ’ എന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്. സാധാരണ മിസ്റ്ററി ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി, രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് നീളുന്ന ഒരു ദുരൂഹ ലോകത്തേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചില രഹസ്യ ആചാരങ്ങളും, ലോകത്തിന്റെ പല ഭാഗങ്ങളിലായി മറഞ്ഞിരിക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ കഥയുടെ പ്രധാന പശ്ചാത്തലമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ഇതിനിടെ കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതിയും ചിത്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമാകുമോ എന്ന ചർച്ചകളും സജീവമാണ്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആഗോള പശ്ചാത്തലവും നിഗൂഢത നിറഞ്ഞ കഥയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക മികവും ഒത്തുചേരുന്ന ഒരു വമ്പൻ മിസ്റ്ററി ത്രില്ലറായാണ് ‘മായൻ’ ഒരുങ്ങുന്നതെന്നാണ് നിലവിലെ സൂചന.
ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ - സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ - രോഹിത് ആർ നായർ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബോസ് വി, വരികൾ - രാജീവ് ഗോവിന്ദൻ, ജിതിൻ കെ ജോസ്, കോ - റൈറ്റർ - ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ് - സിനത് സേവ്യർ, പ്രോജക്ട് ഡിസൈനർ - ആൻ്റണി സ്റ്റീഫൻ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ