കത്തിക്കയറാൻ ആയില്ല; ബിഗ് ബോസിൽ നിന്ന് ശ്രീലക്ഷ്മി അറക്കൽ പുറത്തേക്ക്

Published : Oct 03, 2026, 08:29 PM IST
Sreelakshmi Arackal

Synopsis

ഈ സീസണിലെ ഏറ്റവും പരിചിത മുഖങ്ങളിൽ ഒന്ന്. ബിഗ് ബോസ് മെറ്റീരിയൽ ആകുമെന്ന് പലരും പ്രതീക്ഷിച്ച വ്യക്തി. പക്ഷേ മാസ് എവിക്ഷനിൽ ശ്രീലക്ഷ്മി അറക്കലിനും അടി തെറ്റിയിരിക്കുന്നു

ഈ സീസണിലെ ഏറ്റവും പരിചിത മുഖങ്ങളിൽ ഒന്ന്. ബിഗ് ബോസ് മെറ്റീരിയൽ ആകുമെന്ന് പലരും പ്രതീക്ഷിച്ച വ്യക്തി. പക്ഷേ മാസ് എവിക്ഷനിൽ ശ്രീലക്ഷ്മി അറക്കലിനും അടി തെറ്റിയിരിക്കുന്നു. നാലാം ആഴ്ചയിലെ എവിക്ഷനിലൂടെ ബിഗ് ബോസ് വീടിന് പുറത്തേക്ക് പോയിരിക്കുകയാണ് ശ്രീലക്ഷ്മി. ആദ്യ ഘട്ടങ്ങളിൽ മികച്ച മത്സരാർത്ഥി എന്ന നിലയിൽ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാനായ ശ്രീലക്ഷ്മിക്ക് പിന്നീടെന്താണ് സംഭവിച്ചത്?

സാമൂഹ്യവിഷയങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ നിരന്തരം ഇടപെടലുകൾ നടത്തുന്ന വ്യക്തി എന്ന നിലയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഏറെ പരിചിതമായ മുഖമാണ് ശ്രീലക്ഷ്മിയുടേത്. പലതരം വിവാദങ്ങളിലും ചർച്ചകളിലുമെല്ലാം നിറഞ്ഞുനിന്നിരുന്ന വ്യക്തി. അതുകൊണ്ടുതന്നെ ശ്രീലക്ഷ്മിയെ വ്യക്തിപരമായി കൂടുതൽ അടുത്തറിയാൻ പ്രേക്ഷകർക്കും താല്പര്യമുണ്ടായിരുന്നു. പുറത്ത് അവർക്കുണ്ടായിരുന്നു നെഗറ്റീവ് ഇമേജിനെ പോസിറ്റീവ് ആയി ചേഞ്ച് ചെയ്യാൻ അവർക്ക് കഴിയുമോ എന്നത് തന്നെയായിരുന്നു പ്രധാന ചോദ്യവും.

ആദ്യ ആഴ്ചയിൽ വളരെ പ്രോമിസിങ് ആയ പ്രകടനമാണ് ശ്രീലക്ഷ്മി കാഴ്ചവച്ചത്. ബിഗ് ബോസിൽ എത്തുന്നതിന്‌ മുമ്പ് പ്രേക്ഷകർക്ക് തന്നോടുണ്ടായിരുന്ന അനിഷ്ടം വലിയ അളവിൽ കുറയ്ക്കാനും അവർക്ക് കഴിഞ്ഞു. പക്ഷേ ആ ഇഷ്ടവും ഗ്രാഫും നിലനിർത്താൻ ശ്രീലക്ഷ്മിക്കായില്ല. ഒരു ഗ്രൂപ്പിനൊപ്പം ചേർന്നാണ് ശ്രീലക്ഷ്മി തുടക്കം മുതൽ ഗെയിം കളിക്കാൻ ശ്രമിച്ചത്. പോകെപ്പോകെ തന്റെ പ്രിയപ്പെട്ടവർ ചെയ്യുന്നതൊക്കെ ശരിയും മറ്റുള്ളവർ തെറ്റുമെന്ന തരത്തിലേക്ക് ശ്രീലക്ഷ്മിയുടെ ഗെയിം മാറി. പുറത്ത് തനിക്കുണ്ടായിരുന്ന ഫെമിനിസ്റ്റ് ഇമേജിന് നേരെ വിപരീതമായിരുന്നു പലപ്പോഴും അവിടെ അവരുടെ പ്രവർത്തികൾ. ആസിഫ്, ഗൗതം തുടങ്ങി ശ്രീലക്ഷ്മയുടെ സുഹൃത്തുക്കളായ പുരുഷന്മാരുടെ മോശം പ്രവർത്തികളും വാക്കുകളുമൊന്നും ഒരു ഘട്ടത്തിൽപ്പോലും ശ്രീലക്ഷ്മി ചോദ്യം ചെയ്തില്ല. പകരം അവർക്കൊപ്പം ചേർന്ന് പരമാവധി പ്രോത്സാഹനം നൽകുന്ന കാഴ്ചകളാണ് കണ്ടത്. ഇടയ്ക്കുവച്ച് ഇവരുടെ ടീമിനെ ബുള്ളി ഗ്യാങ് എന്ന നിലയിൽ പോലും അറിയപ്പെടാൻ തുടങ്ങി. ശ്രീലക്ഷ്മിയെ പോലെ സൈബർ ബുള്ളിയിങ്ങിനും മോബ് അറ്റാക്കിനും എതിരെ സംസാരിക്കുകയും നിലകൊള്ളുകയും ചെയ്തിരുന്ന ഒരു വ്യക്തി ബിഗ് ബോസ് വീടിനുള്ളിൽ അതേ ബുള്ളി ഗ്യാങ്ങിന്റെ ഭാഗമായി മാറിയത് വലിയൊരു വിരോധാഭാസമായിരുന്നു.

അടുക്കളയായിരുന്നു ശ്രീലക്ഷ്മിയുടെ പ്രധാന തട്ടകം. വീട്ടിലുള്ളവർക്കും ശ്രീലക്ഷ്മിയുടെ പാചകം പ്രിയപ്പെട്ടതായിരുന്നു. എന്നാൽ മുന്നോട്ടുപോകുംതോറും താൻ അല്ലാത്ത മറ്റാർക്കും അടുക്കളയിൽ സ്ഥാനമില്ല എന്ന നിലയിലേക്കും അടുക്കള തന്റെ റെസ്പോൺസിബിലിറ്റി ആണ് എന്ന നിലയിലേക്കും ശ്രീലക്ഷ്മിയുടെ ചിന്ത മാറാൻ തുടങ്ങിയത് പോലെയാണ് പലപ്പോഴും തോന്നിയത്. ഈ അധികാര സ്വരം ഭക്ഷണത്തിന്റെ കാര്യത്തിൽ അവർ പലപ്പോഴും പല തരത്തിലും പ്രകടിപ്പിക്കുന്നതും കണ്ടിട്ടുണ്ട്.

ഷിബിനയുമായി ഉണ്ടായ പ്രശ്നമാണ് ശ്രീലക്ഷ്മിയുടെ ഗ്രാഫിൽ വീണ്ടും വലിയൊരു താഴ്ചയുണ്ടാക്കിയത്. കോടതി ടാസ്കിനിടെ തമാശ രൂപത്തിൽ ശ്രീലക്ഷ്മിയും ഗൗതവും തുടങ്ങിവച്ച കാര്യം പിന്നീട് വലിയ രീതിയിൽ കൈവിട്ടുപോയി. എന്നാൽ ഫെമിനിസ്റ്റ് എന്ന നിലയിൽ സ്വയം അവതരിപ്പിക്കുന്ന ശ്രീലക്ഷ്മി ഈ വിഷയത്തിൽ എടുത്ത സ്റ്റാൻഡ് വളരെ നിരാശാജനകമായിരുന്നു എന്നുതന്നെ പറയണം. പ്രത്യേകിച്ച് ആർജെ അഞ്ജലി അടക്കം പലരെയും ഫെമിനിസത്തിന്റെ പേരിലും പുരോഗമനത്തിന്റെ പേരിലുമെല്ലാം പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ആളാണ് ശ്രീലക്ഷ്മി എന്നിരിക്കെ.

ഷിബിനെ പുറത്തുപോയതിനു ശേഷവും ശ്രീലക്ഷ്മി അടക്കം പലരും ഈ വിഷയത്തിൽ ഷിബിനയെ blame ചെയ്ത് സംസാരിച്ചിരുന്നു. ശ്രീലക്ഷ്മിയെ പോലൊരാളിൽനിന്ന് പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലെ പെരുമാറ്റമായിരുന്നു അതെല്ലാം. ഒരു ടാസ്ക്കിനിടെ ശ്രീലക്ഷ്മിയുടെ ഈ ഇരട്ടത്താപ്പ് കടൽക്കൊമ്പൻ ചോദ്യം ചെയ്തപ്പോൾ അതിനെ കൃത്യമായി പ്രതിരോധിക്കാനോ മറുപടി നൽകാനോ ശ്രീലക്ഷ്മിക്ക് ആയില്ല. പകരം അവർ കരയുകയും ചോദ്യം ചോദിച്ച കൊമ്പനെ കുറ്റക്കാരനാക്കി ചിത്രീകരിക്കുകയുമാണുണ്ടായത്.

ഇമേജിനെ കുറിച്ച് ഭയമില്ലാതെ, ജെനുവിനായാണ് നിന്നത് എന്നത് തന്നെയാണ് ശ്രീലക്ഷ്മിയുടെ പോസിറ്റീവ്. പക്ഷേ പുറത്ത് അവർ സൃഷ്ടിച്ചിരുന്ന ഇമേജിൽനിന്ന് വളരെ വ്യത്യസ്തമായ നിലപാടുകൾ വീട്ടിൽ അവരെടുത്തത് പലപ്പോഴും ശ്രീലക്ഷ്മിക്ക് തിരിച്ചടിയായി എന്ന് കരുതണം. ശ്രീലക്ഷ്മിയുടെ പല പ്രവർത്തികളും വാക്കുകളും വീണ്ടുവിചാരമില്ലാത്തവയാണെന്നും തോന്നിയിട്ടുണ്ട്. നന്നായി സംസാരിക്കാനും പോയിന്റുകൾ കൃത്യമായി പറയാനും കഴിവുള്ള ആൾ എന്ന നിലയിൽ തന്റെ ആ വശം ബിഗ് ബോസ് വീട്ടിൽ ഫലപ്രദമായി പ്രയോഗിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്ന് പറയേണ്ടിവരും. വികാരപ്രകടനങ്ങൾക്ക് മേലുള്ള പ്രവർത്തികളും വാക്കുകളുമൊക്കെയാണ് പലപ്പോഴും അവരിൽനിന്നുണ്ടായത്. ഇതും ശ്രീലക്ഷ്മിക്ക് തിരിച്ചടിയായിട്ടുണ്ട്. ശ്രീലക്ഷ്മിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ആളുകളെ ഈ എവിക്ഷൻ എങ്ങനെ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഫുൾ ഫോക്കസ് ഔട്ടാകുകയാണ്'; നേഹയോടുള്ള ക്രഷ് പറഞ്ഞ് താഷി- വൈറൽ
'ആസിഫിന് രണ്ട് നിലപാട്, അറക്കലിന് ഉണ്ടായ വിഷമം തന്നെയാണ് ഞങ്ങൾക്കുണ്ടായത്'; കടുപ്പിന് കൊമ്പൻ