എല്ലാവരും വലത്തേക്ക് നടന്ന സീസണിൽ ഇടത്തേക്ക് കോൺഫിഡന്‍റായി നടന്ന 'നെവിൻ കാപ്രെഷ്യസ്'!

Published : Nov 09, 2025, 09:47 PM IST
Nevin Caprescious Bigg Boss 7 journey

Synopsis

ബിഗ് ബോസ് മലയാളത്തിലെ വാർപ്പ് മാതൃകകളെല്ലാം പൊളിച്ചടുക്കിയ മത്സരാർത്ഥി, എന്ത് എപ്പോൾ ചെയ്യുമെന്ന് പ്രവചിക്കാനാകാത്ത 'അൺ പ്രെഡിക്റ്റഡ്' മത്സരാർത്ഥി, തോന്നുന്നത് അതേപടി ചെയ്യുന്ന 'ജെനുവിൻ' മത്സരാർത്ഥി.

ബിഗ് ബോസ് മലയാളത്തിലെ വാർപ്പ് മാതൃകകളെല്ലാം പൊളിച്ചടുക്കിയ മത്സരാർത്ഥി, എന്ത് എപ്പോൾ ചെയ്യുമെന്ന് പ്രവചിക്കാനാകാത്ത 'അൺ പ്രെഡിക്റ്റഡ്' മത്സരാർത്ഥി, തോന്നുന്നത് അതേപടി ചെയ്യുന്ന 'ജെനുവിൻ' മത്സരാർത്ഥി. ബിഗ് ബോസ് മലയാളം സീസൺ 7 ലെ തേർഡ് റണ്ണർഅപ്പായി മാറിയിരിക്കുകയാണ് നെവിൻ കാപ്രെഷ്യസ്. ഈ സീസണിൽ നെവിനോളം രസകരമായി ഗ്രാഫ് മുന്നോട്ടുകൊണ്ടുപോയ മറ്റൊരാളും ഉണ്ടായിരുന്നില്ല. പുറത്താകുമോ എന്ന് പലവട്ടം തോന്നിപ്പിച്ചിട്ടും അതെല്ലാം മറികടന്ന് നെവിൻ ഫൈനൽ ഫൈവിലേക്കെത്തി. ഒടുവിൽ ബിഗ് ബോസിലെ നാലാം സ്ഥാനക്കാരനുമായി.

ഒരു 'എന്റർടൈനർ' എന്ന ലേബലിൽ വീട്ടിലേക്ക് കയറിയ നെവിൻ പ്രേക്ഷകർക്ക് അധികം പരിചയമുള്ള മുഖമായിരുന്നില്ല. പക്ഷേ തന്റെ ഇൻട്രോയിൽത്തന്നെ 'എന്തൊക്കെയോ രസമുള്ള പരിപാടികൾ ഈ ചെറുപ്പക്കാരന്റെ കയ്യിലുണ്ടല്ലോ' എന്ന് തോന്നിപ്പിക്കാൻ നെവിന് കഴിഞ്ഞിട്ടുമുണ്ട്. ആദ്യ ആഴ്ചകളിൽത്തന്നെ പ്രേക്ഷകരിലേക്ക് തന്നെ അടയാളപ്പെടുത്താനും വീട്ടിൽ തന്റേതായ സ്ഥാനമുണ്ടാക്കാനും നെവിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. എന്റർടൈനർ എന്ന ലേബൽ തന്നെയാണ് ഇതിനായി നെവിൻ ഉപയോഗിച്ചതും. സ്വതസിദ്ധമായ രീതിയിൽ കൗണ്ടറുകളും തമാശകളും ഒക്കെ പറഞ്ഞും കാണിച്ചും നെവിൻ ഒരു വിഭാഗം പ്രേക്ഷകരെയും വീട്ടിലുള്ളവരെയും കയ്യിലെടുത്തു. ബിഗ് ബോസിൽ നമ്മൾ പൊതുവേ കണ്ടുശീലിച്ച പാറ്റേണിൽ ആയിരുന്നില്ല നെവിന്റെ ബിഗ് ബോസ് വീട്ടിലെ കളികൾ എന്നത് തന്നെയായിരുന്നു അതിലേറ്റവും പ്രധാനം.

മറ്റുള്ളവരിൽനിന്നും അൽപ്പം വ്യത്യസ്തമായ, ലൗഡ് ആയ നെവിന്റെ അപ്പിയറൻസും പെരുമാറ്റവും എല്ലാം അയാളെ പെട്ടെന്നുതന്നെ നോട്ടീസബിൾ ആക്കി മാറ്റി. വളരെ ഹ്യൂമറസ് ആയ, രസകരമായ ഇടപെടലുകളാണ് നെവിന്റെ പ്രധാന പ്രത്യേകത. റഫ് ആയ ആളായാലും കൂൾ ആയ ആളായാലും നെവിൻ പെരുമാറുന്നത് തന്റെ സ്വതസിദ്ധമായ ഒരേ രീതിയിൽ തന്നെയാണ്. വീട്ടിൽ ആരോടും മിണ്ടാത്ത അനീഷിനെയും എല്ലാവരോടും മിണ്ടുന്ന ബിൻസിയെയും ജിസേലിനെയും അനുമോളെയും എല്ലാം ഒരുപോലെ ഹാൻഡിൽ ചെയ്യാൻ കഴിയുന്നു എന്നതാണ് നെവിന്റെ പോസിറ്റീവ്.തനിക്ക് അറ്റൻഷൻ കിട്ടണം എന്നുള്ള സ്ഥലങ്ങളിൽ ആളുകളുടെ പിന്നാലെ നടന്ന് ഇറിറ്റേറ്റ് ചെയ്‌തായാലും നെവിൻ ആ അറ്റൻഷൻ നേടിയെടുക്കും.

അടുക്കള എപ്പോഴും ബിഗ് ബോസിൽ കണ്ടന്റുകളുണ്ടാകുന്ന പ്രധാന ഇടമാണ്. ഭക്ഷണം ബിഗ് ബോസിലെ ഏറ്റവും പ്രധാന തർക്ക വസ്തുവും. ഇതിനെ ആദ്യമായി ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിച്ച ആളായിരുന്നു നെവിൻ. നിവിന്റെ കുഞ്ഞുകുഞ്ഞ് മോഷണങ്ങൾ കാഴ്ചക്കാരെ രസിപ്പിച്ചു. താനൊരു ഫുഡി ആണെന്ന് തുറന്ന് സമ്മതിക്കാറില്ല നെവിൻ ഭക്ഷണത്തിനുവേണ്ടി കാണിച്ചുകൂട്ടിയ കാര്യങ്ങൾ പലർക്കും രസകരമായി തോന്നി. എന്നാൽ ഏഴിന്റെ പണിയുടെ ഈ സീസണിൽ മുൻ സീസണുകളെ അപേക്ഷിച്ച് ഭക്ഷണത്തിന് വലിയ ലിമിറ്റേഷൻ ഉണ്ടായിരുന്നത് നെവിന്റെ മോഷണത്തിലെ രസം കുറച്ചു. അത് കാഴ്ചക്കാർക്കും വീട്ടിലുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കാൻ തുടങ്ങി. പക്ഷേ അപ്പോഴും തന്റെ ഭക്ഷണപ്രേമം കുറയ്ക്കാൻ നെവിന് കഴിയുമായിരുന്നില്ല.

നിവിന്‍റെ മറ്റൊരു മുഖം കണ്ടത് ആദില-നൂറ എന്നിവരുമായുള്ള പ്രശ്നത്തിലാണ്. അനുവും ജിസേലും തമ്മിലെ വിഷയത്തിൽ നെവിൻ ഇടപെടുകയും അനു വീട്ടിൽനിന്ന് പോകാത്തപക്ഷം താൻ ക്വിറ്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ഏറ്റുപിടിച്ചു ആദിലയും നൂറയും നെവിനെ പ്രകോപിപ്പിച്ച് വീട്ടിൽനിന്ന് വാക്ക്ഔട്ട് ചെയ്യിച്ചു. എന്നാൽ പിറ്റേന്നുതന്നെ നെവിൻ വീട്ടിലേക്ക് തിരിച്ചെത്തി. എങ്കിലും നെവിന്‍റെ ബിഗ് ബോസ് യാത്രയിലെ ഏറ്റവും നിർണ്ണായകമായ പോയിന്‍റുകളിൽ ഒന്നായിരുന്നു ഇത്. ഈ സംഭവത്തോടെ നെവിൻ- ആദില നൂറ എന്നിവർക്കിടയിലുണ്ടായിരുന്ന പല അസ്വാരസ്യങ്ങളും ചർച്ചയ്ക്ക് വരികയും ചെയ്തു.

പ്രത്യേകിച്ച് ഒന്നിനെയും കൂസാത്ത, രണ്ടാമതൊന്ന് ആലോചിക്കാതെ കാര്യങ്ങൾ ചെയ്യുന്ന സ്വഭാവമാണ് നെവിന്റേത്. കാണുന്നവർക്ക് 'ഈ പയ്യനെന്താ ഇങ്ങനെ' എന്ന് തോന്നാനും മതി. പലവട്ടം നിവിന്റെ ഈ എടുത്തുചാട്ടം ബിഗ് ബോസ് വീട്ടിൽ നമ്മൾ കണ്ടു. പലപ്പോഴും ഇത് ആളുകളെ രസിപ്പിച്ചു. മറ്റു ചിലപ്പോൾ താല്പര്യക്കേടുമുണ്ടാക്കി. പക്ഷേ അതെന്തുതന്നെയായാലും ബിബി വീട്ടിലെ ആരോടും എന്തും എപ്പോൾ വേണമെങ്കിലും പറയാൻ സ്വാതന്ത്ര്യമുള്ള ആളായിരുന്നു നെവിൻ. മറ്റുള്ളവർ പറഞ്ഞാൽ വലിയ പ്രശ്നമായേക്കാവുന്ന തരം കൗണ്ടറുകൾ വളരെ ഈസിയായി പറയാനുള്ള സ്വാതന്ത്ര്യം നെവിന് ഉണ്ടായിരുന്നു.

ഒരുപാട് കയറ്റിറക്കങ്ങളുള്ള ഗ്രാഫ് ആണ്‌ നെവിന്‍റേത്. എങ്കിൽപ്പോലും എന്റർടൈനർ എന്ന നിലയിൽ നിവിന് ഉണ്ടാക്കാനായ സ്വീകാര്യത അയാളെ എല്ലാ സമയത്തും തുണച്ചിട്ടുണ്ടെന്ന് വേണം പറയാൻ. കുട്ടികളാണ് തന്റെ ഓഡിയൻസ് എന്നത് നെവിൻ എപ്പോഴും അവർത്തിക്കാറുള്ള കാര്യമാണ്. ഇത് ഏറെക്കുറെ ശരിയുമാണ്. നെവിൻ വൈകാരികമായി ബാധിച്ച ഒരു സംഭവമുണ്ടാകുന്നത് ഷാനവാസുമായി ബന്ധപ്പെട്ടാണ്. ഭക്ഷണത്തിന്റെ പേരിൽ ഷാനവാസും നെവിനുമായി ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ഷാനവാസ് നെവിനെതിരെ ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ചു. ഇത് ആദില ഏറ്റുപിടിക്കുക കൂടി ചെയ്തതോടെ വീട്ടിൽ വലിയ പ്രശ്നങ്ങളാണുണ്ടായത്. നെവിൻ മാനസികമായി വീക്കായി എന്ന് തോന്നിപ്പിച്ചത് ഈ സംഭവത്തിൽ മാത്രമാകണം.

നെവിന് നെഗറ്റീവ് ഷെയ്ഡ് നൽകിയ മറ്റൊരു സംഭവം ആര്യൻ, അക്ബർ, നെവിൻ എന്നിവർ ഒന്നിച്ച് ക്യാപ്റ്റന്മാരായ ആഴ്ചയിലാണ്. അധികാരം ലഭിച്ചതോടെ നെവിൻ വളരെ അഗ്രസീവ് ആയി പെരുമാറുന്നതായാണ് തോന്നിയത്. അക്ബറിന്റേയും സംഘത്തിന്റെയും ഇടപെടലുകൾ ചൂണ്ടിക്കാണിക്കുകയും അവരെ ഗുണ്ടാ ഗ്യാങ് എന്ന് വിശേഷിപ്പിക്കുകയും ചെയ്ത നെവിൻ ഇതേ ഗാങ്ങിന്റെ ഭാഗമാകുന്ന കാഴ്ചയാണ് ആ ആഴ്ചയിൽ കണ്ടത്. അനുമോളുമായി പലവട്ടം പ്രശ്നങ്ങളുണ്ടാക്കിയ നെവിൻ അനുവിന്റെ ബെഡിലേക്ക് വെള്ളമൊഴിച്ചത് പുറത്ത് വലിയ നെഗറ്റീവ് ഇമ്പാക്ട് നെവിന് ഉണ്ടാക്കി. ഇതിനെ തുടർന്ന് തൊട്ടടുത്ത ആഴ്ചയിൽ നടന്ന മണി വീക്കിൽ പങ്കെടുക്കാനുള്ള അവസരവും നിവിന് നഷ്ടമായി. ഇതാണ് നെവിൻ ഡൌൺ ആക്കിയ അടുത്ത സംഭവം. പണപ്പെട്ടി എടുക്കാൻ താല്പര്യമുണ്ടായിരുന്ന നിവിന് ആ അവസരം നഷ്ടമായത് ഏറെ ബാധിച്ചു. ഒപ്പമുള്ളവർ മത്സരിച്ച് പണം നേടുമ്പോൾ നോക്കി നിൽക്കുന്ന നെവിൻ പ്രേക്ഷകരിൽ വീണ്ടും ഒരു താല്പര്യം ഉണ്ടാക്കുകയും ചെയ്തു. നഷ്‌ടമായ ഇമേജ് വീണ്ടും തിരിച്ചുപിടിക്കുക കൂടിയായിരുന്നു നെവിൻ അവിടെ. 

മുൻ മത്സരാർത്ഥികൾ തിരിച്ചുവന്നു അനുമോൾ ടാർഗെറ്റ് ചെയ്തപ്പോൾ അവർക്കൊപ്പം ചേരാതിരുന്നതോടെ നെവിൻ വീണ്ടും ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റി. അപ്പോഴും ഫൈനൽ ഫൈവിലേക്കെത്താൻ നിവിന് കഴിയുമോ എന്ന സംശയം ബാക്കിയായിരുന്നു. എന്നാൽ അപ്രതീക്ഷിത സംഭവങ്ങളിലൂടെ ആദിലയും നൂറയും പുറത്തായതോടെ നെവിൻ തന്റെ ഫൈനൽ ഫൈവ് സ്വപ്നം അരക്കിട്ട് ഉറപ്പിച്ചു. ഒടുവിലിതാ, നാലാം സ്ഥാനത്തെത്തി നിൽക്കുന്നു. ഇനിയുള്ള സീസണുകളിൽ നെവിനെ അനുകരിക്കാൻ പലരും ശ്രമിച്ചേക്കുമെന്ന് പ്രേക്ഷകർ ഇപ്പോഴേ പറയുന്നുണ്ട്. പക്ഷേ നെവിൻ ആകാൻ അവർക്കൊന്നും കഴിയില്ലെന്ന ഉറപ്പും പ്രേക്ഷകർക്കുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ