
ബിഗ് ബോസ് സീസണുകളിൽ പ്രേക്ഷകർക്ക് കേൾക്കാൻ ഏറെ ഇഷ്ടമുള്ളൊരു കാര്യമാണ് മത്സരാർത്ഥികളുടെ ജീവിതകഥ. അതുകേട്ട് പലരുടേയും ആരാധകരായ പ്രേക്ഷകരടക്കം ബിഗ് ബോസിന് ഉണ്ടായിട്ടുണ്ട്. എല്ലാ തവണത്തെയും പോലെ ബിഗ് ബോസ് മലയാളം സീസൺ 7ലും ജീവിത കഥ പറയുകയാണ് മത്സരാർത്ഥികൾ. ഉമ്മയേയും തന്റെ ഭാര്യയേയും കുറിച്ചാണ് ഷാനവാസ് പറയുന്നത്. ഉമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളും തനിക്ക് ചാൻസ് തേടി പോകാനായി ഉമ്മ കയ്യിലെ വളയൂരി കൊടുത്തതുമെല്ലാം ഒടു നെടുവീർപ്പോടെ ഷാനവാസ് ഓർത്തെടുക്കുന്നുണ്ട്.
മലപ്പുറം മഞ്ചേരി സ്വദേശിയാണ് ഷാനവാസ്. "എന്റെ ഉപ്പയും ഉമ്മയും പ്രേം നസീറിന്റെ വലിയ ഫാൻ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ പേരാണ് അവരെനിക്ക് ഇട്ടത്"തെന്ന് ഷാനവാസ് പറയുന്നു."കല്യാണ ആലോചനകളുമായി രണ്ട് മൂന്നെടുത്ത് പോയെങ്കിലും എനിക്കൊന്നും ഇഷ്ടമായില്ല. എന്റെ ബന്ധു ഒരു വിവാഹത്തിന് വന്നപ്പോൾ ഒരു പെൺകുട്ടിയെ കുറിച്ച് പറഞ്ഞു. കുട്ടിയെ കണ്ടു ഇഷ്ടായി. ഞങ്ങൾ സംസാരിച്ചു. പെൺകുട്ടിയുടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞതെ ഉള്ളു, വേറൊരു ചെലവെടുത്ത് വയ്ക്കാനുള്ള സാമ്പത്തികമായി ഒന്നുമില്ലെന്നായിരുന്നു അവർ പറഞ്ഞത്. അന്നവർ താമസിച്ചിരുന്നത് മംഗലാപുരത്ത് ആയിരുന്നു. എനിക്ക് സാമ്പത്തികം ഒന്നും വേണ്ട. നല്ലൊരു ഭാര്യയെ ആണ് വേണ്ടത്. എന്റെ ഉമ്മയെ പൊന്നുപോലെ നോക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഞങ്ങൾക്കൊരു ആൺകുഞ്ഞും ജനിച്ചു. സന്തോഷകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് എന്റെ ഉമ്മയും അവളും തമ്മിൽ സ്വരചേർച്ച ഇല്ലാതായത്. ഞാൻ ജോലിക്കായി പോയി തിരിച്ച് വരുമ്പോൾ വീടിനകത്ത് ഒരു സമാധാനം ഉണ്ടാവില്ല. രണ്ട് കൂട്ടരിലും പ്രശ്നങ്ങളുണ്ടായിരുന്നു. ഒടുവിൽ എന്റെ ഭാര്യ വീട്ടിൽ പോകുകയും ഞാൻ ഒറ്റപ്പെടുകയും ചെയ്തു. എനിക്ക് സമാധാനത്തോടെ ജോലി ചെയ്യേണ്ട അവസ്ഥ ഇവർ തന്നില്ല. പക്ഷേ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്റെ ഒറ്റപ്പെടൽ കാരണം ഉമ്മ അവളെ പോയി വിളിക്കാൻ പറഞ്ഞു. ഞാൻ പോയി പക്ഷേ വന്നില്ല. പക്ഷേ അവരെ കുറ്റം പറയാൻ പറ്റില്ല. പലതവണ പോയി പോയി ഞാൻ അവളെ വീട്ടിലേക്ക് കൊണ്ടുവന്നു. ശേഷമാണ് എനിക്ക് മകൾ ജനിക്കുന്നത്. എന്റെ ഈഗോയും ശാഠ്യവും വേണ്ടെന്ന് വച്ചത് കൊണ്ടാണ് ഇന്നെനിക്ക് സന്തോഷകരമായൊരു ജീവിതം ലഭിച്ചത്", എന്ന് ഷാനവാസ് പറയുന്നു.
"എന്നെ ഒരു നടനായി കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആളാണ് എന്റെ ഉമ്മ. കയ്യിൽ ഒന്നോ രണ്ടോ വളയുണ്ടാകും അത് ഊരി തന്നിട്ട് നിന്റെ കാര്യങ്ങളം ആഗ്രഹങ്ങളും നടത്തെന്ന് പറയുമായിരുന്നു. എവിടെയെങ്കിലും ഒക്കെ പോയി ചാൻസിനായി അലയും ആ കാശ് തീരും. പകുതി ദിവസം വീടിനായി അധ്വാനിക്കും ശേഷം ചാൻസ് തേടി പോകും. പക്ഷേ എന്റെ ആഗ്രഹങ്ങൾക്കൊന്നും ഉമ്മ എതിര് നിന്നിരുന്നില്ല. അങ്ങനെയാണ് ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് സീരിയൽ കിട്ടുന്നത്. അൻപത് ദിവസത്തേക്കാണ് വിളിച്ചതെങ്കിലും എന്റെ പ്രകടന മികവ് കണ്ടതവർ നീട്ടി കൊണ്ടു പോയി. 750 എപ്പിസോഡ് വരെ കൊണ്ടുപോയി. അന്നെനിക്ക് ഏഷ്യാനെറ്റിന്റെ മോസ്റ്റ് പോപ്പുലർ അവാർഡ് എനിക്ക് കിട്ടി. ആ വേദിയിൽ ഉമ്മയും ഉണ്ടായിരുന്നു. അവാർഡുമായി ഉമ്മയുടെ അടുത്ത് ഞാൻ പോയപ്പോൾ ആ കണ്ണിൽ നിന്നും വന്ന കണ്ണീർ എനിക്ക് ഇന്നും ഓർമയുണ്ട്. നാല് വർഷം മുൻപ് ആയിരുന്നു ഉമ്മയുടെ വിയോഗം. അത് വലിയൊരു ഷോക്കായിരുന്നു എനിക്ക്. എന്റെ മടിയിൽ കിടന്നായിരുന്നു മരിച്ചത്. എത്ര വയ്യെങ്കിലും ഞാൻ പുറത്തോട്ട് പോകുമ്പോൾ പതിയെ വന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. എന്റെ ഏറ്റവും വലിയ നഷ്ടമാണെന്റെ ഉമ്മ", എന്നും ഷാനവാസ് കൂട്ടിച്ചേർത്തു.