ബിഗ് ബോസിൽ തൻ്റെ യഥാർത്ഥ സ്വഭാവം മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും അനുമോൾ ആരാധകരുമായി പങ്കുവെച്ചു.
ബിഗ്ബോസ് മലയാളം സീസൺ 7 ൽ മൽസരിക്കാനെത്തി അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് നടി അനുമോളും മോഡലും നടിയും ആർകിടെക്ടുമൊക്കെയായ വേദലക്ഷ്മിയും. ഫൈനലിനോട് അടുക്കുമ്പോളാണ് ഇരുവരും തമ്മിൽ സൗഹൃദം ആരംഭിച്ചത്. ബിഗ്ബോസിനു ശേഷം അത് കൂടുതൽ ശക്തമാകുകയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും ബിഗ്ബോസിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനുമോളും വേദലക്ഷ്മിയും. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിൽ ലൈവിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇരുവരും.
ബിഗ് ബോസിന് ശേഷം ദിവസവും സംസാരിക്കാറുണ്ടെന്നും തിരക്കുകൾ കാരണം നേരിൽ കാണാൻ അവസരം ലഭിക്കാതിരിക്കുകയായിരുന്നു എന്നുമാണ് ബിഗ് ബോസ് കഴിഞ്ഞതോടെ സൗഹൃദം അവസാനിച്ചോ എന്ന ചോദ്യത്തിന് ഇരുവരും മറുപടി നൽകിയത്. ബിഗ്ബോസിനു ശേഷം തങ്ങളുടെ ശരീരത്തിലുൾപ്പെടെ നിരവധി മാറ്റങ്ങൾ വന്നതായും ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് ശേഷം പല ചികിൽസകളും വേണ്ടിവന്നതായും ഇരുവരും പറഞ്ഞു. ശരീര ഭാരം 57 കിലോയിൽ നിന്ന് 48 ആയി കുറഞ്ഞെന്നാണ് അനുമോൾ പറഞ്ഞപ്പോൾ തനിക്ക് വൈറ്റമിൻ ഡി നന്നായി കുറഞ്ഞെന്നാണ് വേദലക്ഷ്മി പറഞ്ഞത്.
ബിഗ്ബോസിൽ തന്റെ സ്വഭാവത്തിലെ നെഗറ്റീവ് വശങ്ങൾ ഒരിക്കലും മറച്ചുവെയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും അനുമോൾ പറഞ്ഞു. "പ്രേക്ഷകർ എന്തു ചിന്തിക്കും എന്നെല്ലാം ആദ്യ ദിവസങ്ങളിൽ നമ്മൾ ചിന്തിക്കും. എന്നാൽ ഒരാഴ്ച കഴിഞ്ഞാൽ പിന്നെ നമ്മുടെ തനി സ്വഭാവം ആയിരിക്കും പുറത്തുവരുന്നത്. പലരും ചോദിച്ചു എന്തിനാണ് എപ്പോഴും കരഞ്ഞത്? എന്തിനാണ് ഭക്ഷണത്തിന് വേണ്ടി വഴക്കുണ്ടാക്കിയത്? എന്നൊക്കെ. നിങ്ങൾ എല്ലാവരും വീട്ടിൽ വഴക്കൊന്നും ഉണ്ടാക്കാതെ ജീവിക്കുന്ന ആളുകളാണോ? ബിഗ് ബോസിൽ ഞാൻ എന്റെ നെഗറ്റീവ് സൈഡ് ഞാൻ മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല," എന്നും അനുമോൾ പറഞ്ഞു.



