
കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ഒരു ലുക്ക് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഫുൾ ബ്ലാക്കിൽ സ്റ്റൈലിഷായി നടന്നു വരുന്ന മോഹൻലാലിന്റെ ഫോട്ടോ ആയിരുന്നു ഇത്. പിന്നാലെ ദിലീപ് ചിത്രം ഭ ഭ ബയിലെ ഷൂട്ടിങ്ങാണിതെന്നും അല്ല മഹേഷ് നാരായണൻ പടത്തിന്റെ ഒരു സീനാണെന്നും പ്രചരണങ്ങൾ നടന്നു. എന്നാൽ ഈ ഫോട്ടോയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ അവസാനിച്ചിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
ഇന്ന് ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ഒരു അപ്ഡേറ്റ് വന്നിരുന്നു. ജൂലൈ 4 നാളെ ഒരു ബിഗ് അപ്ഡേറ്റ് വരുന്നു എന്നതായിരുന്നു അത്. ഇതോടൊപ്പം ചേർത്താണ് മോഹൻലാലിന്റെ ഫോട്ടോയെ കുറിച്ചുള്ള പുതിയ ചർച്ചകൾ. ബിഗ് ബോസിലെ മോഹൻലാലിന്റെ പ്രമോയാണ് നാളെ വരുന്നതെന്നും അതിന്റെ ഷൂട്ടിംഗ് കോസ്റ്റ്യൂം ആണ് നടൻ ധരിച്ചതെന്നുമാണ് ഇവരുടെ കണ്ടെത്തൽ. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നാളെ അറിയാനാകും. എന്തായാലും കഴിഞ്ഞ രണ്ട് ദിവസമായി മോഹൻലാലിന്റെ ഈ ലുക്കാണ് സോഷ്യൽ മീഡിയയിലെ താരം.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മെയ് 21ന് ആയിരുന്നു മലയാളം ബിഗ് ബോസ് സീസൺ 7 ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ ലോഗോയും അന്നേദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. പിന്നാലെ ജൂൺ 24ന് കോമണേഴ്സിനുള്ള പ്രമോയും പുറത്തുവന്നു. ഇതിനിടെ ഈ സീസണിൽ ആരൊക്കെയാകും മാറ്റുരയ്ക്കുക എന്ന പ്രെഡിക്ഷൻ ലിസ്റ്റുകളും സോഷ്യൽ മീഡിയ പേജുകളിൽ നിറയുകയാണ്. അനുമോൾ, ജാസി, നടൻ ശരത്ത്, ജിഷിൻ മോഹൻ, അലൻ ജോസ് പെരേര, വേടൻ തുടങ്ങി നിരവധി പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്.
അതേസമയം, തുടരും ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തരുൺ മൂർത്തി ആയിരുന്നു സംവിധാനം. മഹേഷ് നാരായണൻ ചിത്രം പാട്രിയേറ്റിലാണ് നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദിലീപിന്റെ ഭഭബയിൽ അതിഥി വേഷത്തിലും മോഹൻലാൽ എത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ